1. നാട്, വീട്, കുടുംബം ?
അച്ഛൻ അമ്മ മൂന്ന് ചേച്ചിമാർ ഇത്രയും പേർ അടങ്ങുന്ന ഒരു കൊച്ചു കുടുംബം ആയിരുന്നു എന്റേത്. പച്ചപ്പും ഹരിതാഭയും നിറഞ്ഞ നാട്ടിൻ പ്രദേശം. കാലി വളർത്തലും നെൽകൃഷിയുമായിരുന്നു പ്രദേശവാസികളുടെ പ്രധാന വരുമാനമാർഗ്ഗം. കണ്ണൂർ ജില്ലയിലെ കുറ്റിയാട്ടൂർ പഞ്ചായത്തിൽ പാവന്നൂർ എന്ന സ്ഥലമാണ് എന്റെ ഇടം.
പ്ലസ് ടു വരെ പഠിച്ചു . ശേഷം കമ്പ്യൂട്ടർ കോഴ്സ് ചെയ്തു. അത്യാവശ്യം പ്രാരാബ്ദം ഉള്ളതുകൊണ്ടുതന്നെ ജോലിക്ക് പോയി തുടങ്ങിയിരുന്നു. പെയിന്റിംഗ്,ബസിൽ ക്ലീനർ, ഡ്രൈവർ, ജില്ലി കല്ല് പൊട്ടിക്കൽ തുടങ്ങി എല്ലാ പണികളും ചെയ്തിരുന്നു. അച്ഛന്റെ മരണശേഷം മാമൻ ആയിരുന്നു കൈത്താങ്ങ്. മാമന്റെ കൂടെ ക്വാറിയിലായിരുന്നു ജോലി, വൈകാതെ മാമനും മരണപ്പെട്ടു.അനാഥത്വം തോന്നിയ ദിനങ്ങൾ ആയിരുന്നു കടന്നു പോയതെല്ലാം. ഇതിനിടയിൽ മൂന്നു പെങ്ങന്മാരുടെ കല്യാണം കഴിഞ്ഞത് മാത്രമായിരുന്നു ആകെ ഒരു ആശ്വാസം. മണൽ വണ്ടിയിലും മറ്റും ഡ്രൈവറായി തന്നെ തുടർന്നു. ലോണെടുത്തു വീട് പുതുക്കി പണിതു. ജീവിതം അങ്ങനെ തുടർന്നു പോകവെയാണ് വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നത്. കല്യാണത്തിനായി പെണ്ണ് അന്വേഷിച്ചപ്പോൾ ഡ്രൈവർക്ക് നാട്ടിൽ പെണ്ണ് കിട്ടാനില്ല. കർണാടക കുടക് ഭാഗത്ത് ഡിമാന്റുകൾ ഒന്നുമില്ലാതെ പെണ്ണ് ലഭിക്കുന്നു എന്ന പരസ്യം പോലെ ചിരിപ്പിക്കുന്ന ഒരു വാമൊഴി കേട്ടു. പിന്നെ ഒന്നും നോക്കിയില്ല വച്ചു പിടിച്ചു അങ്ങോട്ടേക്ക്. അങ്ങനെ കർണാടക മടിക്കരി എന്ന സ്ഥലത്ത് നിന്നും കവിതയെ ജീവിത സഖിയായി ലഭിച്ചു.
അമ്മ കാർത്യയനി , ഭാര്യ കവിത, മകൻ ഋതിക് എന്നിവർ അടങ്ങുന്നതാണ് എന്റെ സന്തുഷ്ട കുടുംബം.
2.യൂട്യൂബിലേക്കുള്ള കടന്നു വരവ്.
പണ്ടുമുതലേ നാടകത്തോടും അഭിനയത്തോടും താല്പര്യമുണ്ടായിരുന്നു.നാട്ടിലെ കലാസമിതിയുടെ പരിപാടികളിൽ എല്ലാം സജീവമായിരുന്നു. വിഷു ഓണം പോലുള്ള ആഘോഷവേളകളിൽ നാട്ടിൽ നാടകം പോലുള്ള കലാപരിപാടികൾ ഉണ്ടാകുമായിരുന്നു. ഇതിനായി കഥ എഴുത്തും അഭിനയവും എല്ലാമായി തിരക്ക് പിടിച്ച പണിയിലാവും . കൊറോണ എല്ലാവരെയും വീട്ടിൽ തളച്ചിട്ട കാലം ജോലിയോ, പരിപാടികളോ ഒന്നുമില്ലാതെ ചടഞ്ഞിരുന്ന സമയങ്ങളിൽ ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ചു. പിന്നീട് കുറച്ച് വീഡിയോകൾ ചെയ്തു തുടങ്ങി. ജിതിൻ എന്ന സുഹൃത്താണ് tiktok ആദ്യമായി പരിചയപ്പെടുത്തി തരുന്നത്. പിന്നീട് tiktok വീഡിയോ എടുക്കുന്നത് പതിവായി.
വീഡിയോകൾക്ക് അത്യാവശ്യം റീച്ച് കിട്ടി. നല്ല ക്വാളിറ്റി വീഡിയോകൾ എടുക്കുവാൻ ആയി ഗൾഫിൽ ഉള്ള സുഹൃത്ത് റഷീദ് പുതിയ മൊബൈൽ സമ്മാനിച്ചു. വൈകാതെ യൂട്യൂബ് ചാനൽ തുടങ്ങി വീഡിയോകൾ എടുക്കുവാൻ തുടങ്ങി.
തുടക്കത്തിൽ എന്റെ കഥ തന്നെയായിരുന്നു ഷോർട്ട് സ്റ്റോറി ആയി ചെയ്തിരുന്നത്. കണ്ണൂരുകാരന്റെ കന്നടക്കാരി തുടങ്ങിയ ടൈറ്റിലോടുകൂടി പ്രചരിച്ച കല്യാണ ടോപ്പിക്കുകൾ
പെട്ടെന്ന് തന്നെ ജനശ്രദ്ധയാകർഷിച്ചു. അമൃത ടിവി പോലുള്ള പല ന്യൂസിലും ഇത് ചെറുതായി പരാമർശിച്ചിരുന്നു. വീഡിയോകൾ എടുക്കാനായി ഫാമിലിയും സപ്പോർട്ട് ആയി കൂടെ നിന്നു.
സുഹൃത്ത് റഷീദ് നാട്ടിൽ വന്ന സമയം ഞങ്ങൾ ഓൾ ഇന്ത്യ ട്രിപ്പ് പോയി. അപ്പോൾ എടുത്ത വീഡിയോകളും ചാനലിൽ ഇട്ടിരുന്നു. ഓൾ ഇന്ത്യ ട്രിപ്പിന്റെ സമയം റഷീദ് ഇതിനായി കൊടുത്ത പേരായിരുന്നു കെ എൽ ബ്രോ.
ശേഷം ബിജു ഋത്വിക് എന്ന എന്റെ യൂട്യൂബ് ചാനലിന്റെ പേര് സുഹൃത്തിനോടുള്ള ഇഷ്ടം കൊണ്ട് കെ എൽ ബ്രോ ബിജു ഋത്വിക് എന്നാക്കി മാറ്റി.
3.വെല്ലുവിളികൾ?
എല്ലാ കാര്യത്തിനും അതിന്റേതായ ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് വിചാരിക്കുന്നു. ആഗ്രഹങ്ങൾ മനസ്സിൽ സൂക്ഷിച്ചാൽ മാത്രം പോരാ അതിനായി പ്രവർത്തിക്കുക.. നടക്കുന്നതും നടക്കാത്തതും എല്ലാം പിന്നീട് ഉള്ള കാര്യമാണ് . കർമ്മം ചെയ്യുക അതിന്റെ പ്രതിഫലം എപ്പോഴായാലും ലഭിക്കുന്നതായിരിക്കും. തുടക്കകാലം വീഡിയോകൾ ചെയ്തിരുന്നത് ചെറിയൊരു മൊബൈലിൽ ആയിരുന്നു. അതിന്റേതായ പല ബുദ്ധിമുട്ടുകളും നേരിട്ടിട്ടുണ്ട്. എഡിറ്റിംഗ് ഒട്ടും അറിയില്ലായിരുന്നു. സത്യം പറഞ്ഞാൽ സ്മാർട്ട് ഫോൺ അധികം ഉപയോഗിക്കാൻ അറിയാത്തതും ഒരു പ്രശ്നമായിരുന്നു. പദ്ധതികളെല്ലാം മനസ്സിൽ വ്യക്തമായി വിഷ്വൽ ചെയ്യുമായിരുന്നു എന്നാൽ ഇതിന്റെ ഔട്ട്പുട്ടിനായി ചെയ്യേണ്ട കാര്യങ്ങളുടെ അറിവിന്റെ അപര്യാപ്തത നന്നായി നേരിട്ടു. കൂടാതെ കവിത കർണാടകക്കാരി ആയതിനാൽ മലയാളം സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു . ഞാനും കണ്ണൂർ ഗ്രാമ പ്രദേശത്തുനിന്ന് ആയതിനാൽ നാട്ടിൻപുറത്തെ ഭാഷയാണ് കൂടുതലും കടന്നു വരിക അങ്ങിനെയുള്ള ചെറിയ ചെറിയ ബുദ്ധിമുട്ടുകളും നേരിട്ടിരുന്നു. പലരും അത് പറയാൻ തുടങ്ങിയപ്പോൾ ഭാഷ മാറ്റാൻ ഒത്തിരി ശ്രമിച്ചു. ദിനചര്യ പോലെയാണ് എനിക്കെന്റെ ഭാഷ. മാറ്റാൻ പ്രയാസമായതിനാൽ പിന്നെ മറുപടി ഇങ്ങനെ പറഞ്ഞു തുടങ്ങി ഇതാണ് യഥാർത്ഥ ഞാൻ എന്നെ ഞാൻ തന്നെ ഇങ്ങനെ വീഡിയോകളിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ മറ്റാരാണ് എന്നെ ഞാനായി ഉൾക്കൊള്ളിക്കുക.
മൂന്ന് വർഷം എടുത്ത് 2500 ഓളം വീഡിയോകൾ ഞാൻ ചാനലിൽ ചെയ്തിട്ടുണ്ട്. വീഡിയോ എടുക്കാൻ ആയിട്ടുള്ള എല്ലാവിധ സാധനങ്ങളും ലഭിച്ചപ്പോഴും അറിവിന്റെ പരിമിതികൾ എനിക്കുണ്ടായിട്ടുണ്ട്. അതൊരു വെല്ലുവിളിയോ ബുദ്ധിമുട്ടോ ആയി തോന്നിയില്ല അതെന്റെ പോരായ്മയായി മാത്രമാണ് തോന്നിയത്. അതിനാൽ ഓരോ ദിവസവും നമ്മൾ നമ്മെ തന്നെ മെച്ചപ്പെടുത്തുക.ഓരോ ദിവസവും ഒരു വീഡിയോ വീതം അപ്ലോഡ് ചെയ്യുമായിരുന്നു. വീഡിയോ എടുക്കുന്നതിന്റെ ബുദ്ധിമുട്ട് ഏറെ ഉണ്ടായിരുന്നു. അഭിനയം എഡിറ്റിംഗ് തുടങ്ങി അതിന്റേതായ ബുദ്ധിമുട്ടുകൾ വേറെയും. ഒരേ സമയത്ത് അപ്ലോഡ് ചെയ്യുന്നത് വീഡിയോകൾക്ക് റീച്ച് കൂട്ടാൻ ഏറെ ഗുണം ചെയ്തു. ഏഴ് മണിക്ക് അപ്ലോഡ് ചെയ്യുന്ന വീഡിയോ കാത്ത് നമ്മുടെ യൂട്യൂബ് ഫാമിലി മറുപുറം ഉണ്ടാവും എന്ന ചിന്ത അധ്വാനത്തിനൊപ്പം ഉത്തരവാദിത്വമേകി.
എന്തെങ്കിലും ഒരു വീഡിയോ ചെയ്യുക എന്നതിൽ എനിക്ക് താല്പര്യമില്ലായിരുന്നു. കാണികൾക്ക് അതിൽ നിന്നും നല്ല സന്ദേശം ലഭിക്കണം അതല്ലെങ്കിൽ അത് കണ്ടതിൽ അവർക്ക് വല്ല സന്തോഷവും ലഭിക്കണം. നിത്യേന വീഡിയോ ചെയ്യാനുള്ള കണ്ടന്റുകൾ ഉണ്ടാക്കുന്നതും പ്രയാസമേറിയ കാര്യമാണ്. ഒന്നും എളുപ്പം സാധ്യമല്ല. മികച്ച റിസൾട്ടിനായി. വളരെ നന്നായി അധ്വാനിക്കേണ്ടി വരും
4. റൂബി പ്ലേ ബട്ടൺ ലഭിക്കും എന്ന് പ്രതീക്ഷിച്ചിരുന്നോ? ഏഷ്യയിലെ തന്നെ ആദ്യത്തെ റൂബി പ്ലേ ബട്ടൺ നേടിയ വ്യക്തിഗത ചാനൽ എന്ന പദവിയിൽ എത്തി നിൽക്കുമ്പോൾ എന്ത് തോന്നുന്നു?
വളരെ അപ്രതീക്ഷിതമായ ഒരു നേട്ടമായിരുന്നു അത്. ഞങ്ങളുടേത് ഒരു ഉൾഗ്രാമ പ്രദേശം ആയതിനാൽ ആർക്കും ആർക്കും ഇതിനെ കുറിച്ചൊന്നും ഒരു ധാരണ ഇല്ലായിരുന്നു. വയനാട് ദുരന്തത്തിന്റെ സമയത്തായിരുന്നു മുംബൈയിൽ എത്തണം എന്ന് പറഞ്ഞു ഫോൺ വന്നത്. പക്ഷെ ദുരന്ത സ്ഥലത്തേക്കുള്ള സഹായങ്ങൾ എത്തിക്കുവാനുള്ള തിരക്കുകൾ മൂലം എത്തിച്ചേരാൻ കഴിയില്ല എന്നറിയിച്ചപ്പോൾ ഇവന്റ് മറ്റൊരു ദിവസത്തേക്ക് മാറ്റി വെക്കുകയായിരുന്നു. യൂട്യൂബ് സിഇഒ തന്നെ നേരിട്ട് പ്ലേ ബട്ടൺ സമ്മാനിച്ചപ്പോൾ ആണ് ഇതിന്റെ മൂല്യവും പ്രാധാന്യവും മനസ്സിലാവുന്നത്. ഇത് എന്റെ മാത്രം വിജയം അല്ല പിന്തുണച്ച എല്ലാവരുടെയും വിജയമാണ്.
4.പ്രതികരണങ്ങൾ?
പരിഹാസങ്ങൾ ഏറെ ഉണ്ടായിട്ടുണ്ട്.അതിൽ വിഷമം ഒന്നുമില്ല. കൂടുതൽ പഠിച്ചു. ഓരോ പരിഹാസവും മുന്നോട്ടുള്ള ഊർജ്ജമായി എടുത്തു. സിനിമയിൽ പറയുന്ന പോലെ ഇൻസൾട്ട് ആണ് ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ് എന്നേ ഞാനും കണക്കാക്കിയുള്ളൂ.
5. സാധാരണ ബസ് ഡ്രൈവറിൽ നിന്നും യൂട്യൂബിലേക്ക് വരുമ്പോൾ സംഭവിച്ച മാറ്റങ്ങൾ…
മാറ്റങ്ങൾ പറയുകയാണെങ്കിൽ സാമ്പത്തികമായി മെച്ചപ്പെട്ടു. കുറെ കടങ്ങളും ലോണുകളും തീർക്കാൻ പറ്റി. ഒരുപക്ഷേ ഇതിലേക്ക് വന്നില്ലായിരുന്നുവെങ്കിൽ ജീവിതത്തിൽ ഏറെ ബുദ്ധിമുട്ടേണ്ടി വന്നേനെ. അതല്ലാതെ വന്ന മാറ്റം കുടുംബം ഒന്നു കൂടി വലുതായി. ഇന്ന് നമുക്ക് നമ്മളെ ഇഷ്ടപ്പെടുന്ന പ്രേക്ഷകർ അടങ്ങിയ യൂട്യൂബ് എന്ന വലിയ ഫാമിലി ഉണ്ട്. മറ്റൊരു മാറ്റവും വന്നിട്ടില്ല. എന്നാൽ ഏറ്റവും വലിയൊരു നേട്ടം എന്നത് എവിടെ പോയാലും ആളുകൾ തിരിച്ചറിയുന്നു. കൂടാതെ അവർ തരുന്ന സ്നേഹവും പിന്തുണയും വില മതിക്കാൻ പറ്റാത്ത നേട്ടമാണ്.
6.ഭാവി പദ്ധതികൾ
ഒരുപാട് യാത്രകൾ ചെയ്യണം. സ്വപ്നം കണ്ട പോലെ സിനിമ മോഹം സാക്ഷത്കരിക്കണം. ഇതൊക്കെയാണ് ലക്ഷ്യങ്ങൾ ആയി കൊണ്ടു നടക്കുന്നത്. പൗലോ കൊയിലോ പറഞ്ഞപോലെ നിങ്ങൾ ഒരു കാര്യം ശക്തമായി ആഗ്രഹിച്ചാൽ ഈ പ്രപഞ്ചം മുഴുവൻ അത് നേടാൻ നിങ്ങൾക്കൊപ്പം നിൽക്കും എന്നതിൽ ഞാനും ഉറച്ചു വിശ്വസിക്കുന്നു.