കറുത്ത അംബാസിഡർ കാറിനോടുള്ള മോഹവും കാറിനുള്ളിലെ ബിസിനസുകാരനായ വ്യക്തിയെക്കുറിച്ചുള്ള കൗതുകവും അന്ന് കണ്ടു നിന്നിരുന്ന നാലാം ക്ലാസുകാരനിൽ ചെലുത്തിയ സ്വാധീനം ചെറുതായിരുന്നില്ല. ഇതുപോലെ ഒരു കാറിൽ വലിയ ഗമയിൽ തനിക്കും നിരത്തിലൂടെ മിന്നിച്ചു പോകണം, ഒരു ബിസിനസുകാരന് നാട്ടിൽ കിട്ടുന്ന വിലയും പദവിയും വേണം.
മത്സ്യ സമ്പത്തിനെ ബിസിനസ് ആക്കിക്കൊണ്ട് മാത്യു ജോസഫ് എന്ന ചേർത്തലക്കാരൻ തുടങ്ങിയ സി ടു ഹോമും ഫ്രഷ് ടു ഹോമും കടൽ കടന്ന് വ്യാപിച്ചിരിക്കുന്നു ഇന്ന്. ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ പള്ളിപ്പുറം ഗ്രാമത്തിലാണ് മാത്യു ജോസഫ് സകുടുംബം താമസിക്കുന്നത്. ഭാര്യ ലില്ലമ്മ മാത്യൂ, മകൾ അന്ന കെ മാത്യു, മകൻ അജയ് കെ മാത്യു, മരുമകൻ വിവേക്, മകളുടെ മകനും ചാച്ചനും അമ്മച്ചിയും അടങ്ങുന്നതാണ് കുടുംബം.
വീടിന്റെ ഒരു ഭാഗം വേമ്പനാട്ടുകായലും മറുഭാഗം കൈതപുഴ കായലും കൊണ്ട് പ്രകൃതി മനോഹാരിത തീർത്ത പ്രദേശം മത്സ്യബന്ധനം പ്രധാന വരുമാനമായിട്ടുള്ള സ്ഥലങ്ങളിൽ ഒന്നാണ്.
ചെറുപ്പകാലത്തെ താമസം കൈതപ്പുഴ കായലിന്റെ അടുത്തായിരുന്നു. ഗ്രാമത്തിലെ ജനങ്ങളുടെ പ്രധാന വരുമാന മാർഗവും മത്സ്യബന്ധനം ആയിരുന്നു . ചെറുപ്പം മുതലേ ഇതെല്ലാം കണ്ടുവളർന്നതു കൊണ്ടാവാം മത്സ്യത്തോടും ഈ മേഖലയോടും വലിയ താല്പര്യം ഉണ്ടായിരുന്നു. പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോൾ , തനിക്കൊരു ബിസിനസുകാരൻ ആവണം എന്നുള്ള ചിന്ത കുറച്ചുകൂടി ആഴത്തിൽ മനസ്സിൽ പതിയാൻ തുടങ്ങി. ഒരു ബിസിനസ് തുടങ്ങണമെങ്കിൽ എന്തെല്ലാം ചെയ്യണം ഇതിനായുള്ള കാര്യങ്ങൾ അന്വേഷിച്ച് സ്വയം പഠിക്കാൻ തുടങ്ങി. സ്വന്തം നാട്ടിലെ ബിസിനസുകാരെ കുറിച്ചു ആരാഞ്ഞും വായനയിലൂടെ കൂടുതൽ വിവരങ്ങൾ ശേഖരിച്ചും തുടക്കമിട്ടു പിന്നെ ധീരുഭായി അമ്പാനിയുടെ ആരാധകനായി മാറി. തന്റെ 23ആം വയസ്സിലെ സ്വപ്നതുല്യമായ ആഗ്രഹം അദ്ദേഹത്തെ ഒന്ന് സ്പർശിക്കണം എന്നുള്ളതായി മാറി . തികച്ചും അമ്പരപ്പിക്കുന്ന ഈ ഒരാഗ്രഹവും പേറി അദ്ദേഹത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ച് ട്രെയിൻ കയറി ജുനഗഡ് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി, ചോർവാട് പോയി ധീരുഭായ് അംബാനിയെ കുറിച്ച് തിരക്കിയപ്പോൾ അദ്ദേഹം അവിടെ നിന്നും സകുടുംബം താമസം മാറിയിരുന്നതായി അറിയാൻ കഴിഞ്ഞു. നിലവിൽ ചുരുങ്ങിയ ചിലവിൽ ആർക്കും അദ്ദേഹം താമസിച്ച ഭവനം കാണാൻ അവസരമുണ്ടെന്നും കഴിഞ്ഞ ആറുമാസത്തിനു മുൻപ് വരെ താൻ അവിടെ പോയിരുനെന്നും, അതിലൂടെ കിട്ടുന്ന നിർവൃതി കുറച്ചൊന്നുമല്ല ഒരുപക്ഷേ അദ്ദേഹത്തോടുള്ള ആരാധനയും കൂടെ ബിസിനസിനെ കുറിച്ചുള്ള അഭിനിവേശവും ആവാം ഇതിനു കാരണം. 11 വർഷക്കാലം സീ ഫുഡ് കമ്പനിയിൽ ജോലി ചെയ്തു ആദ്യ ശമ്പളം 300 രൂപയായിരുന്നു. അവിടെനിന്നും സ്വരക്കൂട്ടി വെച്ച പണം ഉപയോഗിച്ച് പതിനയ്യായിരം രൂപ മൂലധനത്തിൽ സ്വന്തമായി ഒരു ബിസിനസ് തുടങ്ങുകയും ചെയ്തു. പർച്ചേസ് വിഭാഗത്തിൽ ജോലി ചെയ്തിരുന്നതിനാൽ തന്നെ ഗുജറാത്ത് മുതൽ കൊൽക്കത്താ തീരം വരെയുള്ള ഹബ്ബുകൾ വളരെ സുപരിചിതമായിരുന്നു. ആദ്യ ജോലിയിൽ നിന്നും ലഭിച്ച ബന്ധങ്ങളും പരിചയവും പുതിയതായി ആരംഭിച്ച ബിസിനസിൽ ഒരുപാട് ഗുണം ചെയ്തു.
ഇന്ത്യയിലെ സീ ഫുഡ് ഹബ്ബ് എന്നറിയപ്പെടുന്ന അരൂരിൽ നിരവധി സീ ഫുഡ് കമ്പനികളും കയറ്റുമതിക്കാരും ഉണ്ടായിരുന്നു. ഈ മേഖലയിൽ ആസാംസ്കൃത വസ്തുക്കളുടെ വിതരണക്കാരനായിട്ടായിരുന്നു തുടക്കം.
പിന്നീട് ദുബായിയിൽ പച്ച മീനിന്റെ മാർക്കറ്റിംഗ് സാധ്യതകൾ അറിഞ്ഞു, വർഷം രണ്ടായിരത്തിൽ എത്തിയപ്പോൾ കൊച്ചിയിൽ നിന്നും ദുബായിലേക്ക് പച്ച മീനിന്റെ കയറ്റുമതിയും തുടങ്ങി. എന്നാൽ 2008 ലോകം മൊത്തം സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോൾ കയറ്റുമതി ബിസിനസും തകർന്നു തുടങ്ങി. പല സ്വത്തുക്കളും വിൽക്കേണ്ടി വന്നു . മറ്റൊരു ധീരൂഭായ് അംബാനി ആവാൻ മോഹിച്ചു നടന്ന തനിക്ക് അടിക്കടി തകർച്ചകൾ നേരിടേണ്ടിവന്നു. ആ സമയം ഭാര്യ ഒരു അഭിപ്രായം മുന്നോട്ടുവച്ചു എന്തിന് വിലകൂടിയ രാജ്യത്തുനിന്നും എടുത്ത് വില കുറഞ്ഞ രാജ്യത്ത് വിൽക്കുന്നു. വില കൂടിയ രാജ്യത്ത് തന്നെ വിറ്റുകൂടെ. ഇതിൽ നിന്നും ഇന്ത്യൻ മീൻ മാർക്കറ്റിനെ കുറിച്ച് കൂടുതൽ പഠിച്ചു 2012ൽ www.seatohome വെബ് പോർട്ടൽ തുടങ്ങി.പിന്നീട് ഇന്ത്യയിലെ ആദ്യത്തെ ഓൺലൈൻ ഫിഷ് മാർക്കറ്റ് ആയി ഫോബ്സ് പോലും ഇതിനെ അടയാളപ്പെടുത്തി. സി ടു ഹോം പല വിശേഷണങ്ങളിലും അറിയപ്പെടാൻ തുടങ്ങി. എന്നാൽ വൈകാതെ തകരുകയും ചെയ്തു.
സി ടു ഹോമിന്റെ സ്ഥിരം കസ്റ്റമറായ ഷാൻ കടവിൽ (പ്രശസ്ത ഗെയിം കമ്പനികളുടെ ഇന്ത്യയിലെ സിഇഒ ആയിരുന്നു അദ്ദേഹം ) മത്സ്യം ലഭിക്കാതെ വന്നപ്പോൾ അന്വേഷിച്ചു വന്നത് മറ്റൊരു ബിസിനസിന്റെ തുടക്കമായി. 2015ൽ ഞങ്ങൾ 7 പേർ ചേർന്ന് ഫ്രഷ് ടു ഹോം എന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനി തുടങ്ങി. അമോണിയയും ഫോർമാലിനും ഒന്നും ചേർക്കാതെ ഫ്രഷ് ആയി ഗുണമേന്മയുള്ള സാധനങ്ങൾ എല്ലാവർക്കും ലഭിക്കണം എന്നത് പ്രധാന ലക്ഷ്യമായിരുന്നു.
തൊട്ടും കണ്ടും മണത്തും സാധനങ്ങൾ വാങ്ങുന്ന ജനങ്ങൾക്കിടയിൽ 2012 -2015 സമയങ്ങളിൽ ഓൺലൈനായി വിൽക്കുക എന്നത് ഒരു വലിയ വെല്ലുവിളിയായിരുന്നു.
എന്നാൽ കൊറോണയും നോട്ട് നിരോധനവും എല്ലാം ബിസിനസിനെ അനുകൂലമായി ബാധിച്ചു. എല്ലാ ബിസിനസുകളിൽ നിന്നും വിപരീതമായി കോവിഡിൽ വളർന്നുവന്ന കമ്പനികളിൽ നേട്ടമുണ്ടാക്കിയ ഒരു കമ്പനി ഫ്രഷ് റ്റു ഹോം ആണ്.
പ്രതിസന്ധികൾ തരണം ചെയ്ത് ബിസിനസ് സാധ്യതകൾ തിരിച്ചറിഞ്ഞും പ്രവർത്തിക്കാൻ പഠിക്കണം . നമ്മുടെ കൂട്ടായ്മയുടെ ഏകോപന സമീപനവും ബിസിനസിനെ ഉലയാതെ കാക്കുന്ന ഒന്നാണ് .
ഇന്ത്യയിലെയും യുഎഇയിലെയും നമ്പർവൺ ഫ്രഷ് മാർക്കറ്റ് ആയ ഫ്രഷ് ടു ഹോം ലോകത്തിലെ തന്നെ നമ്പർ വൺ ഓൺലൈൻ ഫ്രഷ് മാർക്കറ്റ് ആയി വളർത്തണം എന്നുള്ളതാണ് നിലവിൽ ഇവരുടെ ലക്ഷ്യം.