പയ്യോളി കടൽത്തീരത്തു നിന്ന് ഉഷ ഓടിത്തീർത്ത ദൂരം ലോകത്തോളം വലുതാണ്. ലോകത്ത് എവിടെ നിന്നും പി.ടി.ഉഷ ഇന്ത്യ എന്ന മേൽവിലാസത്തിൽ ഒരു കത്തെഴുതിയാൽ കൃത്യം അത് പയ്യോളിയിലെ വീട്ടിൽ എത്തിച്ചേരുന്ന ഒരു കാലമുണ്ടായിരുന്നു.
സോഷ്യൽ മീഡിയ ഇല്ലാത്ത, പോസ്റ്റോഫീസുകളെ മാത്രം ആശ്രയിച്ചിരുന്ന കാലം. പി.ടി ഉഷ എന്നാൽ ഇന്ത്യ തന്നെയായിരുന്ന കാലം. ലോകത്തോളം ഓടിയെത്തിയ കഠിനമായൊരു കാലത്തിൻ്റെ വിയർപ്പിൽ നിന്നും ഉയിർത്തതാണ് കിനാലൂരിലെ ഉഷാസ്കൂൾ.
ലോകത്തിൻ്റെ നെറുകയിൽ കാലടയാളം തീർക്കാൻ ഒരു തലമുറയെ വാർത്തെടുക്കാനുള്ള ശ്രമം.
കായികലോകത്ത് ഉഷസ്സുയിർക്കുന്നു
ഉഷ സ്കൂളെന്ന ആശയം വരുന്നത് 1999ൽ ആയിരുന്നു. ഉഷ സ്കൂൾ ജനറൽ സെക്രട്ടറിയായിരുന്ന അജനചന്ദ്ര൯ കൊയിലാണ്ടി എകെജി സ്കൂളിലെ ആ൪ട്സ് ആൻഡ് സ്പോ൪ട്സ് ക്ലബ്ബ് പ്രസിഡണ്ടായിരുന്ന കാലം.
അപ്പോൾ ആയിരുന്നു എകെജി സ്കുളിൻ്റെ ബാനറിൽ കായിക പരിശീലനം നൽകി വന്നിരുന്നത് .ഫുട്ബോൾ പരിശീലനമായിരുന്നു അന്ന് നൽകിയത്. എന്നാൽ പിന്നീട് പരിശീലനം നിർത്തിവച്ചു.
പിടി ഉഷ മത്സരത്തിൽ നിന്ന് പിന്മാറുന്ന സമയത്തായിരുന്നു കോച്ചിംഗ് നി൪ത്തിവച്ചത്. അന്ന് ജനറൽ സെക്രട്ടറിയായിരുന്ന അജനചന്ദ്ര൯ ജന്മനാടി൯റെ സ്നേഹോപഹാരമെന്ന നിലയിൽ പിടി ഉഷയ്ക്ക് കൊയിലാണ്ടിയിൽ പരിശീലനത്തിലെത്തിയ കുട്ടികളെ സമ൪പ്പിച്ചു.
പരിശീലനം കുറേക്കൂടി വലിയ കാൻവാസിൽ വേണമെന്ന ചിന്തയിലാണ് ഉഷ സ്കൂൾ എന്ന ആശയം രൂപം കൊള്ളുന്നത്.
2001 ലാണ് ഉഷ സ്കൂൾ രൂപം കൊള്ളുന്നത്. 40 കുട്ടികൾക്ക് താമസിച്ച് പഠിക്കാൻ ഉള്ള സൗകര്യം ഇന്ന് ഉഷ സ്കൂളിലുണ്ട്. 2005 വരെ കൊയിലാണ്ടി ഗ്രൗണ്ടിലാണ് പ്രാക്ടീസ് ചെയ്തത്.പിന്നീട് ഭൂമി ലഭിച്ചതിന് ശേഷം കിനാലൂരിലെക്ക് മാറ്റി.
കിനാലൂരിൽ ട്രാക്ക് ഒരുങ്ങുന്നു
2005 ൽ കേരള സർക്കാരിന് കീഴീൽ കിനാലൂരിൽ 30 ഏക്ക൪ സ്ഥലം ലഭിച്ചു. ശേഷം മഡ് ട്രാക്ക് സെറ്റ് ചെയ്തു. പിന്നീട് ഹോസ്റ്റൽ നിർമ്മിച്ചു. നിലവിൽ എല്ലാവരും ഇവിടെ താമസിച്ച് പ്രാക്ടീസ് ചെയ്യുന്നു. 2013ൽ സിന്തറ്റിക്ക് ട്രാക്ക് ഓഫർ ലഭിക്കുകയും 2017 ൽ അത് പൂ൪ത്തിയാക്കുകയും ചെയ്യുന്നു. വളർച്ചയുടെ ഘട്ടം ഓരോന്നായി പൂ൪ത്തിയാവുകയാണ്.
ഭാവി പദ്ധതികൾ
ഉഷ സ്കൂളിൽ നിന്നും മികച്ച കായിക താരങ്ങളെ വാ൪ത്തെടുക്കുക എന്നതാണ് ലക്ഷ്യം. പതുക്കെ പതുക്കെ അതിനുള്ള സൗകര്യങ്ങൾ വന്നു ചേരേണ്ടതുണ്ട്. ഇപ്പോൾ അന്താരാഷ്ട്ര ജിംനേഷ്യം ഉണ്ട്.12.5 നീളത്തിൽ നീന്തൽകുളവും ഉണ്ട്. കായികതാരങ്ങളുടെ സ്പോൺസ൪ഷിപ്പ് ചെയ്യുന്നത് നാട്ടിലെ കായിക പ്രേമികൾ തന്നെയാണ്.
ദേശീയ, അന്ത൪ദേശീയ മെഡലുകൾ കരസ്ഥമാക്കാനും ഒളിംപ്യന്മാരെ ഉണ്ടാക്കിയെടുക്കാനും ഉഷ സ്കൂളിന് സാധിച്ചിട്ടുണ്ട്.100 അന്ത൪ ദേശീയ മെഡലുകളും 200 ഓളം ദേശീയ മെഡലുകളും ഉഷ സ്കൂളിന് ലഭിച്ചു.
ഒന്നുമില്ലായ്മയിൽ നിന്നാണ് ഉഷ സ്കൂൾ ഇന്ന് കാണുന്ന രീതിയിലേക്ക് വളരുന്നത് . ആദ്യം കൊയിലാണ്ടിയിലെ ഒരു വാടക കെട്ടിടത്തിലായിരുന്നു. പിന്നീടാണ് കിനാലൂരിലെ 30 ഏക്ക൪ ഉഷ സ്കൂളിലേക്ക് മാറുന്നത്. അന്താരാഷ്ട്ര ജിംനേഷ്യം ,നീന്തൽകുളം ഒക്കെയായി വള൪ന്നുവരുന്നു. ഇതൊരു മികച്ച കായിക കേന്ദ്രമായി വള൪ന്നുവരും.
അത്ലറ്റിക് നൈപുണ്യ വികസനത്തിൽ അത്യാധുനിക സൗകര്യങ്ങളോടെ സാധ്യമായ തലങ്ങളിൽ സ്പോർട്സിൻ്റെ പരിശീലനം മുന്നോട്ട് കൊണ്ടുപോകുന്നതിനായി സമർപ്പിച്ചിരിക്കുന്ന ഒരു സംഘടനയാണ് ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സ്. സ്വതന്ത്ര ഗവേഷണ പഠന പ്രവർത്തനങ്ങൾ, പുതിയ സാങ്കേതികവിദ്യകളുടെ പ്രയോഗം, പുതിയ പ്രത്യേക പരിശീലന പരിപാടികൾ, പരിശീലന സഹായങ്ങൾ എന്നിവ വഴി വികസനവും ഉയർന്ന കായിക നേട്ടവുമാണ് ലക്ഷ്യമാക്കുന്നത് .
കായികതാരങ്ങൾക്ക് ഏറ്റവും മികച്ച പരിശീലനവും സൗകര്യങ്ങളും നൽകാൻ സ്കൂൾ ശ്രമിക്കുന്നു. ഒളിമ്പ്യൻ പി ടി ഉഷയും കേരളത്തിലെ ഏതാനും കായിക പ്രേമികളും ചേർന്നതാണ് ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സ്.
സ്പോർട്സ്മാൻ സ്പിരിറ്റ്
ഒരു വിവേചനവുമില്ലാതെ, പൂർണ്ണ സുതാര്യതയോടെ, സാധ്യമായ എല്ലാ തലങ്ങളിലും സ്പോർട്സിനെ പ്രോത്സാഹിപ്പിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും പ്രതിജ്ഞാബദ്ധമായ ഒരു അക്കാദമി എന്ന നിലയിൽ, അത്ലറ്റുകൾക്ക് അവരുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിന് സുരക്ഷിതവും ക്രിയാത്മകവുമായ അന്തരീക്ഷം സൃഷ്ടിക്കാനാണ് ഉഷാ സ്കൂൾ ഉദ്ദേശിക്കുന്നത്.പൊതു സമൂഹത്തിൻ്റെ സഹായത്തോടെ, ചെറുതോ വലുതോ ആയ സംഭാവനകളിലൂടെ പങ്കെടുക്കാനും വളരാനും ആഗ്രഹിക്കുന്ന ഓരോ കുട്ടിക്കും കായിക, വിദ്യാഭ്യാസ പരിപാടികൾ നൽകാൻ ശ്രമിക്കുമെന്ന് ഉഷ സ്കൂൾ മാനേജർ പറയുന്നു.
ശാക്തീകരണം
ഇത് കേവലം നേട്ടത്തിൻ്റെയും മികവിൻ്റെയും കാര്യമല്ല, നമ്മെ മുന്നോട്ട് നയിക്കുന്ന പ്രതിബന്ധങ്ങൾക്കെതിരെയുള്ള വിജയം മാത്രവുമല്ല, മറിച്ച് പോസിറ്റീവ് എനർജിയും ചിന്തയും ഉള്ള കുട്ടികളുടെ ശാക്തീകരണമാണ്.
ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സ് ഇന്നത്തെ യുവാക്കളെ സമൂഹത്തിൻ്റെ നാളത്തെ സർഗ്ഗാത്മക പൗരന്മാരായി വളർത്തുന്നു!