ആധുനിക ബിസിനസ് ലോകത്ത് വനിതാ നേതാക്കളുടെയും സംരംഭകരുടെയും ഉയർച്ചയും വിജയവും ശ്രദ്ധേയമായികൊണ്ടിരിക്കുന്നു.
സ്വന്തമായി ഒരു ബിസിനസ്സ് ആരംഭിക്കാൻ ആഗ്രഹിക്കുന്ന ഏതൊരു സ്ത്രീക്കും നല്ല സമയം ആണിപ്പോൾ. സ്ത്രീ സംരംഭകർക്ക് ധാരാളം അവസരങ്ങളും പിന്തുണയും ധനസഹായവുമുണ്ട്.
ഒരുപാട് സ്ത്രീ സംരംഭകർ വളർന്നു വന്നുകൊണ്ടിരിക്കുന്നു എന്നതിൽ സന്തോഷം.
പുരുഷന്മാരെ അപേക്ഷിച്ചു കാര്യങ്ങൾ ചെയ്ത് വിജയിപ്പിക്കാനുള്ള കഴിവ് സ്ത്രീകൾക്ക് കൂടുതലാണ്. കാര്യങ്ങൾ തിരിച്ചറിയുവാനും എന്തെങ്കിലും തീരുമാനമെടുക്കുന്നതിന് മുമ്പ് അതിന്റെ വരും വരായ്കകളെ കുറിച്ച് ചിന്തിക്കാനും സ്ത്രീകൾക്ക് പ്രത്യേകം കഴിവുണ്ട്. ഒരേ സമയം ഒരുപാട് കാര്യങ്ങൾ ചെയ്യാനുള്ള കഴിവും സ്ത്രീകളുടെ പ്രത്യേകതയാണ്.
പക്ഷെ, സ്ത്രീ മുന്നേറ്റത്തിന്റെ കാലമാണ് എന്നൊക്കെ പറയുമ്പോഴും സ്വന്തം കഴിവുകളെ കുറിച്ച് തിരിച്ചറിവില്ലാതെ ആത്മവിശ്വാസമില്ലായ്മയും അനാവശ്യ ഭയവും ഒന്നിനും പറ്റുന്നില്ലെന്ന കുറ്റബോധത്താൽ വീടുകളിൽ കഴിയുന്ന ഒരുപാട് പേരുണ്ട്. സ്ത്രീകളെ കുറിച്ച് കാലാ കാലങ്ങളായി സാമൂഹികമായി കിട്ടിയ പല വിശ്വാസങ്ങളിലും ഉറച്ചുപോയതാണ് പലരുടെയും ഈ അവസ്ഥക്ക് കാരണം.
ഫിനാൻഷ്യൽ ഇൻഡിപ്പെൻഡൻസ് ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്നുണ്ടെങ്കിലും സ്ത്രീയുടെ മനഃശക്തി, അധ്വാനിക്കാനുള്ള ശേഷി ആസൂത്രണം ചെയ്യാനും മേൽനോട്ടം വഹിക്കാനുമുള്ള കഴിവ് എല്ലാം തിരിച്ചറിയാതെ പോകുന്നു.
സ്ത്രീകൾക്ക് സംരംഭങ്ങൾ തുടങ്ങാനും വിജയിപ്പിക്കാനുമുള്ള എല്ലാ സാധ്യതകളും അവസരങ്ങളും ഉണ്ടായിട്ടും അതിനുള്ള നല്ല മാനസികാവസ്ഥ ഇല്ല എന്നതാണ് പ്രശ്നം. വിജയകരമായ സംരംഭകരാവാൻ ജീവിത ലക്ഷ്യങ്ങൾ നിറവേറ്റാൻ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ കഴിവുകളെ പോലെ തന്നെ മാനസികാവസ്ഥയും പ്രധാനമാണ്. മാനസികാവസ്ഥ സെറ്റാക്കാൻ മനഃശക്തി പരിശീലനം നല്ലതാണ്.

ജന്മ സഹജമായി സ്ത്രീകൾക്ക് ഇനിയും ഒരുപാട് കഴിവുകൾ ഉണ്ട്. എത്ര പുതിയ കാര്യങ്ങൾ ആയിരുന്നാലും അവയോട് പൊരുത്തപെടാനുള്ള കഴിവ് സ്ത്രീകളുടെ പ്രത്യേകതയാണ്. ചെറിയ പ്രായങ്ങളിൽ വിവാഹം കഴിച്ചു പുതിയ അന്തരീക്ഷത്തിൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തു പഠനമാവട്ടെ ജോലിയാവട്ടെ സംരംഭങ്ങളാവട്ടെ അതിനോടൊപ്പം ഭംഗിയായി കൊണ്ടു പോകുന്ന ഒരുപാട് സ്ത്രീകൾ ഇന്ന് ഉണ്ട്. പുതിയ സംരംഭങ്ങൾക്ക് തുടക്കമിടുമ്പോൾ അത്യാവശ്യമായ ഒന്നാണ് ദീർഘ വീക്ഷണം. ഭാവിയെ കുറിച്ച് കരുതലും കണക്കുകൂട്ടലും മുൻകാഴ്ചയും സ്ത്രീകൾക്ക് നന്നായിട്ടുണ്ട്. ഏതൊരു ബിസിനസ് സംരംഭത്തിലും നേട്ടങ്ങൾ മാത്രമല്ല കോട്ടങ്ങളും സംഭവിക്കാം, തകർച്ചകളെ നേരിടാനുള്ള ശക്തമായ കഴിവ് പെൺമനസിനുണ്ട്. ആശയ വിനിമയശേഷി കൂടുതൽ മികവോടെ ഉപയോഗിക്കുന്നത് കൂടുതലും പെൺകുട്ടികളാണ്.
ഇതിനർത്ഥം ഇതൊന്നും പുരുഷന്മാർക്കില്ല എന്നതല്ല പക്ഷെ ജന്മസഹജമായി ഇത്രയും കഴിവുകൾ ഉണ്ടായിട്ടും അതിനെക്കുറിച്ച് ബോധവാന്മാരല്ല എന്നതാണ്. പല നെഗറ്റീവ് ചിന്തകളും പരിമിതമായ വിശ്വാസങ്ങളും പല കാര്യങ്ങളിൽ നിന്നും സ്ത്രീകളെ പിന്നോട്ട് വലിക്കുന്നു. ഇതിനെ കുറിച്ചുള്ള അവബോധമാണ് ഇതിന് ആദ്യം വേണ്ടത്. പിന്നീട് മാറ്റം വേണം നേട്ടങ്ങൾ നേടിയെടുക്കണം എന്ന മനസ്സും.
ഒരു വ്യക്തിയുടെ ജീവിതത്തിൽ ജീവിതലക്ഷ്യങ്ങൾ നിറവേറ്റാനായി ആവശ്യമായ 4 ഘടകങ്ങളാണ് ആരോഗ്യം, സമ്പത്ത്, സ്നേഹം, സന്തോഷം. നല്ല ആരോഗ്യമുണ്ടായാലേ നമ്മളുദ്ദേശിച്ച ലക്ഷ്യങ്ങൾ നേടിയെടുക്കാനുള്ള പ്രവർത്തനങ്ങളിലേക്കിറങ്ങാനാവൂ. ആരോഗ്യം എന്ന് പറയുമ്പോൾ അവിടെ ശാരീരിക ആരോഗ്യം മാത്രമല്ല മാനസിക ആരോഗ്യത്തിനും തുല്ല്യ പ്രാധാന്യം നൽകണം. ശരീരം നല്ല ഭക്ഷണം കഴിച്ചു വ്യായാമങ്ങൾ ചെയ്ത് വൃത്തിയായി സൂക്ഷിച്ച് പരിപാലിക്കുന്ന പോലെ തന്നെ ദിവസവും മനസ്സിനെയും വൃത്തിയാക്കി പരിപാലിക്കേണ്ടതുണ്ട്. കാരണം മനസ്സാണ് നമ്മുടെ പ്രവൃത്തികൾക്കുള്ള ഊർജം നൽകുന്നത്. അതിനുവേണ്ടി ദിവസവും മെഡിറ്റേഷൻ, ശ്വസന വ്യായാമങ്ങൾ, പോസിറ്റീവ് അഫർമേഷനുകൾ, ജേർണർലിങ് എന്നിവ നമ്മെ സഹായിക്കും. കൂടുതൽ സ്ത്രീകളും മാനസികാരോഗ്യത്തിന് പ്രാധാന്യം കൊടുക്കുന്നത് വളരെ കുറവാണ്. കുടുംബത്തിന് വേണ്ടി ജീവിതം മുഴുവനായി മാറ്റി വെച്ചിരിക്കുന്നത് കാണാം. സ്വയത്തെ ശ്രദ്ധിക്കാതെ മറ്റുള്ളവർക്ക് വേണ്ടി പ്രവൃത്തിക്കുമ്പോൾ ഒരു സമയം കഴിഞ്ഞാൽ ആരോഗ്യം നഷ്ടപ്പെട്ട് പോകുന്നവരും ഉണ്ട്. ലക്ഷ്യങ്ങൾ നേടിയെടുക്കാനുള്ള ഓട്ടത്തിനിടയിൽ കയ്യിലുള്ളത് നഷ്ടപ്പെടാതെ നോക്കണം. കിട്ടിയ ആരോഗ്യം കൂടുതൽ മികവോടെ സംരക്ഷിച്ചേ മതിയാവൂ. ആരോഗ്യത്തെ വേണ്ട രീതിയിൽ പരിഗണിച്ചാലേ മുന്നോട്ടുള്ള വിജയം ആസ്വദിക്കാനാവൂ.
രണ്ടാമത്തെ ഘടകമാണ് സമ്പത്ത്.
സമ്പത്തിനു പല മേഖലകൾ ഉണ്ട്. ധനം മാത്രമല്ല നല്ല ബന്ധങ്ങൾ, നേട്ടം തരുന്ന നമ്മുടെ ബിസിനസ്, സന്തോഷപ്രദമായ കുടുംബ ജീവിതം എല്ലാം നമ്മുടെ സമ്പത്താണ്. മിക്ക സ്ത്രീകളും സാമ്പത്തിക സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവരാണ്. ബിസിനസ് സംരംഭങ്ങൾ അതിന് നല്ലൊരു മാർഗമാണ്. ധനവും മനുഷ്യന്റെ ജീവിതത്തിൽ അത്യാവശ്യമായ ഘടകമാണ്. പണം കൊണ്ട് സന്തോഷം നേടാൻ കഴിയില്ല എന്ന പല വിശ്വാസങ്ങളും പലർക്കിടയിലും ഉണ്ടെങ്കിലും നമ്മുടെ ജീവിതത്തിലെ 90% പ്രശനങ്ങളും പരിഹരിക്കാൻ സമ്പത്ത് ആവശ്യമാണ്. നന്മ കൊടുത്തും ധാർമിക മാർഗങ്ങൾ അവലംബിച്ചും സമ്പത്ത് നേടുന്നതിനെ എല്ലാ മതങ്ങളും പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഓരോ വ്യക്തികളും വ്യത്യസ്ത കഴിവുകളാൽ സമ്പന്നരാണ്, അത് തിരിച്ചറിഞ്ഞു ഉപയോഗപ്പെടുത്തിയാൽ ധനം സമ്പാദിക്കാനുള്ള നല്ല മാർഗങ്ങൾ കണ്ടെത്താനാവും. ധനം സാമ്പാധിക്കുന്നതിനോടൊപ്പം സമ്പത്തിന്റെ എല്ലാ മേഖലകളും സമ്പന്നമാക്കാൻ ശ്രമിക്കണം.
നമ്മുടെ പ്രിയപെട്ടവരുമായുള്ള സ്നേഹ ബന്ധങ്ങൾ നമ്മുടെ ജീവിതത്തിന്റെ ഉയർച്ചക്ക് നല്ലൊരു കാരണമാവുന്നുണ്ട്. മാതാപിതാക്കളുമായുള്ള ബന്ധങ്ങൾ, ഭാര്യ ഭർതൃ ബന്ധങ്ങൾ, മക്കൾ ഇവരോടെല്ലാം ഉള്ള സ്നേഹം, സമീപനം, പിന്തുണ ഇടപഴകലുകൾ എല്ലാം ഒരു വ്യക്തിയുടെ വളർച്ചയെ നല്ല രീതിയിൽ തന്നെ സ്വാധീനിക്കുന്നുണ്ട്. സ്നേഹം ഒരു മനുഷ്യജീവിതത്തെ മുന്നോട്ട് നയിക്കുന്ന ഊർജം തന്നെയാണ്. സ്ത്രീകൾക്ക് സംരംഭകത്വത്തിൽ മെച്ചപ്പെടാൻ സപ്പോർട്ട് നൽകാൻ ഏറ്റവും നല്ലത് അവരുടെ ഭർത്താക്കന്മാർ തന്നെയാണ്.
ചുരുക്കിപ്പറഞ്ഞാൽ നല്ലൊരു ജീവിതത്തിന്റെ അടിസ്ഥാനമാണ് എല്ലാ മേഖലകളിലുമുള്ള സന്തോഷം, സമാധാനം എല്ലാ ഘടകങ്ങളും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. ഏതെങ്കിലും ഒന്നോ രണ്ടോ ഘടകം കൊണ്ട് ജീവിതവിജയം നേടാനാവില്ല, എല്ലാ ഘടകങ്ങൾക്കും ഒരു പോലെ പ്രാധാന്യമുണ്ട്.
പ്രിയപെട്ടവരുമായുള്ള ബന്ധങ്ങൾ നമ്മുടെ ജീവിതവിജയത്തെ ഏറെ സ്വാധീനിക്കുന്ന ഘടകങ്ങൾ ആണെന്ന് പറഞ്ഞല്ലോ, അതിലേറ്റവും പ്രാധാന്യമർഹിക്കുന്നതാണ് മാതാപിതാക്കളുമായുള്ള ബന്ധം. ഒരു മരം പടർന്നു പന്തലിച്ചു കായ്കനികളും പൂക്കളും നമുക്ക് സമ്മാനിക്കുമ്പോൾ വേരുകളെ മറന്നു പോകരുത്. അവയുടെ വളർച്ചക്ക് കരുത്ത് പകരുന്നത് വേരുകളുമായുള്ള ബന്ധമാണ്. വേരറ്റ് കഴിഞ്ഞാൽ ആ മരത്തിനു നിലനിൽപ്പില്ല എന്നത് പോലെ തന്നെ മാതാപിതാക്കളുമായുള്ള ബന്ധങ്ങളിൽ വിളളലുകൾ വന്നാൽ ആ വ്യക്തിയുടെ നേട്ടങ്ങൾക്കും നിലനിൽപുണ്ടാവില്ല. അമ്മയോടാവട്ടെ അച്ഛനോടാവട്ടെ രണ്ട് പേരെയും ഒരു പോലെ ചേർത്ത് നിർത്തി സ്നേഹബന്ധം മുന്നോട്ട് പോകുകയാണെങ്കിൽ തീർച്ചയായും വിജയത്തിലേക്ക് എത്തുക തന്നെ ചെയ്യും. നമ്മുടെ വേരുകളാണവർ, മാതാപിതാഗുരുദൈവം എന്ന് പറയുമ്പോൾ മാതാപിതാക്കളോടും ഗുരുക്കന്മാരോടുമുള്ള സ്നേഹ ബന്ധങ്ങൾ ദൈവത്തിലേക്ക് നമ്മെ ഉയർത്തുകയേ ചെയ്യൂ.
ജീവിതത്തിൽ എന്തൊക്കെ നേട്ടങ്ങളുണ്ടാക്കിയാലും കുടുംബജീവിതത്തിൽ നേട്ടങ്ങളുണ്ടാക്കാത്തവരെ വിജയികളെന്ന് പറയാനാവില്ല. മാതാ-പിതാക്കളുമായുള്ള ബന്ധങ്ങൾ കൂടാതെ ഭാര്യ ഭർതൃ ബന്ധം അവർ തമ്മിലുള്ള സ്നേഹം, പിന്തുണ ഐക്യം എന്നിവ ഓരോ വ്യക്തിയുടെയും ജോലിയിലും ബിസിനസിലും അവർ പ്രവർത്തിക്കുന്ന മേഖലകളിലെല്ലാം ഊർജവും ചൈതന്യവും നിറയ്ക്കുന്നു. ഭാര്യ ഭർത്താക്കന്മാർ പരസ്പരം മനസിലാക്കി തുറന്ന സംസാരങ്ങളും പരസ്പര അംഗീകാരവും അഭിനന്ദനവും പ്രോത്സാഹനവും നൽകി പരാജയങ്ങളിൽ പരസ്പരം ആശ്വസിപ്പിക്കലുമെല്ലാം രണ്ടു പേരുടെയും വളർച്ചയെ നന്നായി സ്വാധീനിക്കുന്നുണ്ട്. പങ്കാളികളുടെ കഴിവുകൾ പരസ്പരം മനസിലാക്കി പ്രയോജനപ്പെടുത്തി സംരംഭങ്ങൾ തുടങ്ങിയാൽ നേട്ടങ്ങൾ എളുപ്പമായിരിക്കും.
സ്ത്രീകളുടെ വിജയത്തിന് ഏറ്റവും നല്ലത് തന്റെ കുടുംബത്തിൽ നിന്ന് തന്നെയുള്ള പിന്തുണയാണ്. ഇതവരെ ഒരുപാട് വളർച്ചയിലേക്ക് എന്തുവാൻ സഹായിക്കും. ഒരുപാട് നല്ല മാതൃകകൾ നമ്മുടെ സമൂഹത്തിൽ ഇന്ന് കാണാനാവും.
Samiya Thasni k
Mind Coach