സംഗീതം എന്നത് ഒരു കല മാത്രമല്ല, അതൊരു ജീവിതശൈലിയാണ്. കേന്ദ്ര സർക്കാരിന്റെ സീനിയർ സ്കോളർഷിപ്പും, സാവേരി സ്കൂൾ ഓഫ് മ്യൂസികിന്റെ ഉദയവും എന്റെ കലാജീവിതത്തിൽ ഒട്ടനവധി അവസരങ്ങൾക്ക് കാരണമായി. അത് വ്യക്തിപരമായും കലാപരമായും എന്റെ ജീവിതത്തിൽ ഉയർച്ചയ്ക്ക് ഇടയാക്കി.
1. താങ്കളുടെ സംഗീത യാത്ര എങ്ങനെയാണ് ആരംഭിച്ചത്?
ഞാൻ തിരുവനന്തപുരത്ത് ഉള്ള ഒരു ആഗ്രഹരത്തിലായിരുന്നു ചെറുപ്പത്തിൽ താമസിച്ചിരുന്നത്. എന്റെ ചെറുപ്പത്തിൽ എല്ലാ വീടുകളുടെയും മുന്പിൽ രാവിലെ എഴുന്നേറ്റാൽ ആദ്യം കാണുന്ന കാഴ്ച്ച എന്താണെന്നുവെച്ചാൽ ആളുകൾ മുറ്റത്ത് വെള്ളം തളിച്ച് കോലം ഇടുന്നതും കൂടാതെ ഒരുപറ്റം ആളുകൾ ഭജന പാടി നടക്കുന്നതും ആണ്. അത്തരത്തിൽ ഉള്ള ഒരു കാഴ്ച്ച കണ്ടിട്ടാണ് ഞാൻ വളർന്നുവന്നത്. ആ കാലഘട്ടത്തിൽ ഗ്രാമത്തിലെ എല്ലാ കുട്ടികളും സംഗീതം പഠിക്കുമായിരുന്നു. അതുപോലെ, എന്നെയും എന്റെ മാതാപിതാക്കൾ മൂന്നര നാലര വയസ്സിൽ സംഗീതം പഠിക്കുവാൻ ചേർത്തു. ആ സമയം തൊട്ട് ഞാൻ സംഗീതം എന്റെ ജീവിതത്തിന്റെ ഒരു ഭാഗമാക്കി എടുത്തു.

2. വിവിധ ഇന്ത്യൻ ഭാഷകളിൽ ഗാനം ആലപിച്ചപ്പോഴുള്ള അനുഭവം പങ്കുവയ്ക്കാമോ?
എനിക്ക് എന്റെ ചെറുപ്പകാലം തൊട്ട് തന്നെ വിവിധ ഭാഷകളോട് വലിയ പ്രിയമായിരുന്നു. അതിനാൽ തന്നെ കൂടുതൽ ഭാഷകൾ പഠിക്കാൻ ഞാൻ എപ്പോഴും താല്പര്യപ്പെട്ടിരുന്നു. കാരണം എന്തെന്നാൽ, എന്റേത് കൊങ്കിണി ഫാമിലിയാണ്. അതിനാൽ വീട്ടിൽ കൂടുതലും സംസാരിക്കുന്നത് കൊങ്കിണി ഭാഷയാണ്. കൊങ്കിണി എന്ന് പറയുന്നത് സംസ്കൃതത്തിനോട് വളരെ അടുത്ത ഒരു ഭാഷയാണ്. ‘ മദർ ഓഫ് ഓൾ ലാംഗ്വേജ്സ് ‘ എന്ന് പറയുന്നത് സംസ്‌കൃതം ആണ്. അതുകൊണ്ട് തന്നെ, സംസ്കൃത ഭാഷയുടെ മഹത്വവും പ്രാധാന്യവും മനസിലാക്കി എന്റെ മാതാപിതാക്കൾ എന്റെ വിദ്യാഭാസകാലത്ത് മലയാളം എന്ന വിഷയത്തിന് പകരം സംസ്കൃതം ആണ് തിരഞ്ഞെടുത്തത്. സംസ്കൃത ഭാഷയുടെ പ്രാധാന്യവും അതിലുള്ള എന്റെ അറിവും കാരണം മറ്റെല്ലാ ഭാഷകളും എനിക്ക് വളരെ എളുപ്പമായി തോന്നുകയും പെട്ടന്ന് തന്നെ പഠിക്കുവാനും സാധിച്ചു. എനിക്ക് സംസ്കൃതം കൊങ്കിണിയുമായി വളരെയധികം സാമ്യമുണ്ടെന്ന് മനസിലായി. അതിനോട് പിന്നെ ഏറ്റവും അടുത്ത് നിൽക്കുന്ന ഭാഷയാണ് മറാത്തി, അതിനാൽ മറാത്തിയും മനസ്സിലാവും. കൂടാതെ, എന്റെ അയൽക്കാർ എല്ലാം തന്നെ തമിഴ് ബ്രാഹ്മിനാണ്, അതിനാൽ തമിഴ് എനിക്ക് നന്നായി മനസ്സിലാവും. ഞാൻ പാടുന്ന കർണാട്ടിക് കോപെറ്റീഷനിൽ കൂടുതലും തമിഴ്, കന്നഡ, തെലുങ്ക്, സംസ്‌കൃതം തുടങ്ങിയ ഭാഷകളാണ് ഉപയോഗിക്കാറ്. അതിനാൽ ഈ ഭാഷകളെല്ലാം വ്യക്തമായി അതെ രീതിയിൽ പാടാൻ എനിക്ക് സാധിച്ചു. ഈ ഭാഷകളോട് എല്ലാം തന്നെ എനിക്ക് ഒരു പ്രത്യേകം സ്നേഹം ഉണ്ട്. വിവിധ ഭാഷകളിൽ ഇത്രയധികം പാട്ടുകൾ പാടാൻ സാധിച്ചതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നുണ്ട്. പുരാതനമായ രീതിയിൽ തന്നെ എനിക്ക് എല്ലാ ഭാഷകളിലിലും ഉള്ള പാട്ടുകൾ പാടാൻ സാധിക്കുന്നുണ്ട് അതിൽ വളരെയധികം സന്തോഷമുണ്ട്.
3. കേന്ദ്ര സർക്കാരിന്റെ സീനിയർ സ്കോളർഷിപ് നേടാൻ കഴിഞ്ഞത് താങ്കളുടെ കരീയറിൽ എത്രത്തോളം സഹായകരമായി?
കേന്ദ്ര സർക്കാരിന്റെ സീനിയർ സ്കോളർഷിപ് നേടാൻ സാധിച്ചത് എന്റെ ജീവിതത്തിലെ വളരെവലിയ ഒരു വഴിതിരിവ് ആയിരുന്നു. അത് എപ്രകാരമായിരുന്നു എന്ന് വെച്ചാൽ, നമ്മൾ എത്രത്തോളം പഠിച്ചുവെന്നും എവിടം വരെയാണ് പഠിച്ചതും എന്നും ഉള്ള ഒരു ലിസ്റ്റ് അവർക്ക് അയച്ചു കൊടുക്കേണ്ടതുണ്ട്. ശേഷം വലിയ ജഡ്‌ജിമാരുടെ പാനലിന് മുന്പിൽ വെച്ച് അവർ എന്താണോ ആവശ്യപെടുന്നത് അത് നമ്മൾ പാടി കാണിക്കണമായിരുന്നു. ഡൽഹിയിലെ ജനപത് റോഡിലെ നാഷണൽ മ്യൂസിയത്തിലെ കോംപ്ലക്സ്കിൽ വെച്ചായിരുന്നു ഈ ഇന്റർവ്യൂ നടന്നിരുന്നത്. വളരെ പ്രശസ്തരായ സംഗീതക്തർ ആയിരുന്നു ഇതിന്റെ ജഡ്ജസ് ആയി ഉണ്ടായിരുന്നത്. അവരുടെ മുമ്പിൽ അവർ പറഞ്ഞ ഭാഗം വ്യക്തമായി അവതരിപ്പിക്കാൻ എനിക്ക് സാധിച്ചു. കർണാട്ടിക് സംഗീതം എന്ന് പറയുന്നത് പൂർണമായും ഇമ്പ്രൂവ്സേഷനിൽ അധിഷ്ടിതമാണ്. അതായത്, നമ്മൾ കാണാതെ ഒരു കീർത്തനം അല്ലെങ്കിൽ ഗാനമേളയ്ക്ക് ഒരു സിനിമപാട്ട് പാടുന്നത് പോലെ അല്ല. കർണാട്ടിക് സംഗീതം ഇമ്പ്രൂവ്സേഷനിൽ അധിഷ്ഠിതമായത് കൊണ്ട് തന്നെ അതിൽ എത്രമാത്രം അറിവ് ഉണ്ടെന്ന് മനസിലാക്കാനാണ് അവർ ഇത്തരത്തിൽ ഒരു ഇന്റർവ്യു നടത്തുന്നത്. അതിൽ വളരെ സങ്കീർണമായ സ്ഥാനങ്ങളും സ്വരങ്ങളും എല്ലാം പാടാൻ പറഞ്ഞു. രാഗം, നിലവിൽ സ്വരം തുടങ്ങി ഒട്ടനവധി സംഭവങ്ങളുണ്ട് ഇമ്പ്രൂവ്സേഷനിൽ അതെല്ലാം പാടാൻ ആവശ്യപ്പെട്ടു. സ്വരം പാടുന്നതിന് മുൻപ് തന്നെ വളരെ സങ്കീർണമായ എടുപ്പുകൾ ഉണ്ട്, ആ എടുപ്പുകളും എന്നോട് പാടാൻ ആവശ്യപ്പെട്ടിരുന്നു. അതും വളരെ വ്യക്തമായി എനിക്ക് പാടാൻ സാധിച്ചു. കൂടാതെ, അവിടെ വന്ന പ്രശസ്തരായ സംഗീതക്തർ എല്ലാം തന്നെ എന്നെ വളരെയധികം അഭിനന്ദിച്ചു. അതിനുശേഷം, ഗവണ്മെന്റിന്റെ അനവധി വേദികളിൽ എനിക്ക് സംഗീതം അവതരിപ്പിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. ടൂറിസം വകുപ്പിന്റെ കീഴിലുള്ള ഒത്തിരി പെർഫോമൻസും ചെയ്തിട്ടുണ്ട്.
4. ‘സാവേരി സ്കൂൾ ഓഫ് മ്യൂസിക് ‘ ആരംഭിക്കാനുള്ള പ്രചോദനം എന്തായിരുന്നു?
ഞാൻ എന്റെ കോളേജ് വിദ്യാഭ്യാസം തൊട്ട് തന്നെ കൊച്ചുകുട്ടികൾക്ക് ക്ലാസ്സ് എടുക്കുമായിരുന്നു. പക്ഷെ, വളരെ കാര്യമായി ഞാൻ അത് എടുത്തു തുടങ്ങിയത് എന്റെ വിവാഹത്തിന് ശേഷമായിരുന്നു. അതായത് എനിക്ക് കമ്പോസിംഗ് ചെയ്യാനുള്ള കഴിവ് ഉണ്ടെന്ന് എന്റെ ഭർത്താവാണ് ആദ്യമായി മനസ്സിലാക്കിയത്. സ്വന്തമായി കമ്പോസ് ചെയ്ത കോമ്പറ്റിഷൻസ് വെറുതെ നിന്ന് പോവരുത് അത് അടുത്ത തലമുറയെയും പഠിപ്പിച്ച് കൊടുക്കണം എന്ന ലക്ഷ്യത്തോടുകൂടി ആയിരുന്നു അത്. ഭർത്താവിന്റെ നിർദേശ പ്രകാരം ആണ് ഞാൻ തന്നെ കമ്പോസും ട്യൂണും ചെയ്ത ആദ്യത്തെ കുറെ ആൽബങ്ങൾ പുറത്തിറക്കുന്നത്. അത് കഴിഞ്ഞ് ഈ കോമ്പറ്റിഷൻ എല്ലാം എന്റെ വിദ്യാർത്ഥികളെ പഠിപ്പിക്കണം എന്ന് തോന്നി അങ്ങനെ ആരംഭിച്ചതാണ് ‘സാവേരി സ്കൂൾ ഓഫ് മ്യൂസിക് ‘. വളരെ കുറച്ച് കുട്ടികൾ മാത്രമായിരുന്നു ആദ്യം ഉണ്ടായിരുന്നത്. പിന്നെ അത് വിപുലീകരിച്ചു ബാംഗ്ലൂർ, ചെന്നൈ തുടങ്ങിയ സ്ഥലത്ത് എല്ലാം തന്നെ വിദ്യാർത്ഥികൾ ഉണ്ടായി. ഇപ്പോൾ ലോകത്തിന്റെ പല ഭാഗങ്ങളിലും വിദ്യാർത്ഥികൾ ഉണ്ട്. കൊറോണ വന്നതോടുകൂടി ഓൺലൈൻ ആയിട്ടും, യൂ. എസ്, കാനഡ, ഓസ്ട്രേലിയ, ശ്രീലങ്ക, മലേഷ്യ തുടങ്ങിയ സ്ഥലങ്ങളിൽ എല്ലാം തന്നെ വിദ്യാർത്ഥികൾ ഉണ്ട്. ഇവരെ കൊണ്ട് ഒരുപാട് പെർഫോമൻസ് ഞാൻ ചെയ്യിപ്പിച്ചിട്ടുണ്ട്. ഞാൻ തന്നെ ട്യൂൺ ചെയ്ത് താള്ളത്തിലാക്കി വിഷ്‌ണുസഹസ്രനാമം ഫ്യൂഷൻ ചെയ്തിട്ടുണ്ട്. ഞാൻ തന്നെ ഇത് എന്റെ 180 വിദ്യാർത്ഥികളെ പഠിപ്പിച്ചു കൂടാതെ മനപാടമാകിച്ചു, അത് വ്യക്തമായ താളത്തിൽ180 പേരും ഒന്നിച്ചു തന്നെ ഗുരുവായൂരിൽ പെർഫോം ചെയ്തു അത് എന്റെ ജീവിതത്തിലെ മറക്കാൻ പറ്റാത്ത ഒരു അനുഭവമാണ്. അതെ സമയം, ഗുരുവായൂരിൽ തൊഴാൻ വന്ന ചോവേല്ലൂർ കൃഷ്ണകുട്ടി എന്റെ സംഗീതം കണ്ട് സദസിന്റെ മുന്പിൽ വന്നിരുന്നു. എല്ലാം കഴിഞ്ഞതിന് ശേഷം മൈക്ക് വാങ്ങിയിട്ട് ആദ്ദേഹം പറഞ്ഞു മോളെ കൊണ്ട് ഗുരുവായൂരപ്പൻ തോന്നിച്ചതാണ് ഇത് ചൊല്ലിക്കാൻ ഇത്രയും മനോഹരമായി ഞാൻ ഇത് വരെ കണ്ടിട്ടില്ല എന്നും. അതും പറഞ്ഞു അദ്ദേഹത്തിന്റെ കൈയിലുണ്ടായിരുന്ന ഗുരുവായൂരപ്പന്റെ ചെറിയ ഒരു ബിംബം എനിക്ക് തന്നു. അത് എനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു അനുഭവമാണ്, ഞാൻ ആ ബിംബം ഇപ്പോഴും ഭദ്രമായി സൂക്ഷിച്ചുവെച്ചിട്ടുണ്ട്.
5. 200 ലധികം വിദ്യാർത്ഥികളെ പരിശീലിപിക്കുന്നതിന്റെ വെല്ലുവിളികൾ എന്തെല്ലാമാണ്?
എത്രത്തോളം വിദ്യാർത്ഥികൾ വന്നാലും പഠിപ്പിക്കാൻ യാതൊരു വിധ ബുദ്ധിമുട്ടും ഇല്ല. പക്ഷെ അവരുടെ മനോഭാവവും മാതാപിതാക്കളുടെ മനോഭാവവും ആദ്യം എല്ലാം നമുക്ക് വളരെയധികം ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. എന്നുവെച്ചാൽ, മാതാപിതാക്കൾക്ക് വളരെയധികം ധൃതിയാണ് എങ്ങനെയെങ്കിലും കുട്ടികളെ കൊണ്ട് വേദികളിലോ സിനിമകളിലോ പാടിപ്പിക്കണം എന്നത്. അല്ലെങ്കിൽ ഇന്ന് പാടിപ്പിച്ച് നാളെ എന്തെങ്കിലും ആയി തീരണം എന്നും എല്ലാം. ക്ലാസിക്കൽ കലകൾ ഒന്നും പെട്ടന്ന് വെറുതെ പടിക്കുവാൻ സാധിക്കില്ല. അതിന് വ്യക്തമായ സമയവും കാലാവധിയും ആവശ്യമാണ് അത്രയും വർഷം പഠിച്ചു പഠിച്ചു വലിയ നിലയിൽ എത്തിയാൽ മാത്രമേ അവതരിപ്പിക്കുവാൻ സാധിക്കുകയുള്ളു. ഈ കാര്യം കുട്ടികളെയും മാതാപിതാക്കളെയും പറഞ്ഞു മനസിലാക്കാൻ കുറച്ച് ബുദ്ധിമുട്ടി. ഇപ്പോൾ വരുന്ന അധിക മാതാപിതാക്കളും ഇതിനെ കുറിച്ച് അറിഞ്ഞു വ്യക്തമായ ബോധത്തോടുകൂടി തന്നെയാണ് വരുന്നത്. അല്ലെങ്കിൽ, അവർ വരുമ്പോൾ തന്നെ ഞാൻ അവരോട് ആദ്യം പറയുന്നത് 5 വർഷത്തേക്ക് നിങ്ങളുടെ കുട്ടി പാട്ട് പഠിക്കുന്നില്ല എന്ന് വിചാരിക്കണം, ആ കാലയളവിൽ ഒന്നും തന്നെ ആവശ്യപ്പെടാൻ പാടില്ല. അല്ലെങ്കിൽ, നിങ്ങളുടെ കുട്ടി നന്നായി പാടണോ അതോ വെറുതെ എന്തെങ്കിലും കാട്ടിക്കൂട്ടണോ എന്ന് നിങ്ങൾക്ക് തീരുമാനിക്കാം എന്ന് ചോദിക്കാറുണ്ട്. ഇത്തരം ചോദ്യങ്ങളിൽ അവരെ സംഗീതത്തിന്റെ പ്രാധ്യാനം ബോധ്യപ്പെടുത്താൻ സാധിക്കാറുണ്ട്. എല്ലാവർക്കും ധൃതിയാണ് അവരെ തെറ്റ് പറയാനും പറ്റില്ല എല്ലാവരും പഠിക്കുന്നത് പെർഫോം ചെയാനാണ്. പക്ഷെ അതിന് ക്ഷമ ഇല്ലാതെ വരുമ്പോഴാണ് ബുദ്ധിമുട്ട് ആവുന്നത്. ഇപ്പോൾ എല്ലാവരും വ്യക്തമായി അറിഞ്ഞിട്ട് തന്നെയാണ് വരുന്നത്.
6. ‘ സാവേരി സ്കൂൾ ഓഫ് മ്യൂസിക് ‘ ഏതു സംഗീത ശാഖയ്ക്കാണ് കൂടുതലായി പ്രാധാന്യം നൽകുന്നത്? എന്തുകൊണ്ട്?
‘ സാവേരി സ്കൂൾ ഓഫ് മ്യൂസിക് ‘ കർണാട്ടിക് സംഗീതത്തിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. ബേസ് വ്യക്തമായിട്ടല്ല എങ്കിൽ ഒരു ക്ലാസിക്കൽ ഫോംമും ശരിയായി അവതരിപ്പിക്കാൻ സാധിക്കില്ല. ഞാൻ ഏറ്റവും പ്രാധാന്യം നൽകുന്നത് കർണാട്ടിക് സംഗീതത്തിനാണ് പ്രത്യേകിച്ച് ബേസിന്. നാരായണീയം വിഷ്ണുസഹശ്രനാമം, ലളിത സഹസ്രനാമം, ഗ്രൂപ്പ് സോങ്, ലൈറ്റ് മ്യൂസിക് എന്നിവയ്ക്ക് എല്ലാം തന്നെ ഞാൻ വ്യത്യസ്ത ക്ലാസുകൾ നടത്താറുണ്ട്. ഇതെല്ലാം പഠിപ്പിക്കുന്നുണ്ട് എങ്കിലും ഞാൻ കണിശമായി പറയുന്നത് കർണാട്ടിക് സംഗീതം പഠിക്കുന്നവരെ മാത്രമേ ഇതിൽ ഉൾപ്പെടുത്തുകയുള്ളു എന്നാണ്. എന്റെ വിദ്യാർത്ഥികൾ എല്ലാവരും തീർച്ചയായും കർണാട്ടിക് സംഗീതം പഠിച്ചിരിക്കണം എന്നുള്ളത് എനിക്ക് നിർബന്ധമാണ്. എന്റെ മക്കളായ ശ്രദ്ധയും ശ്രേയയും ഈ മേഖലയിൽ എന്നോടൊപ്പം തന്നെ ഉണ്ട്. മൂത്തമകൾ ശ്രദ്ധ ബി. കോമും എംബിഎയും ആണ് ചെയുന്നത്, പക്ഷെ ഇപ്പോൾ സംഗീതം തന്നെയാണ് മേഖലയായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇളയമകൾ ശ്രേയ എം. എസ്. സി ബോട്ടണി ആണ് ചെയുന്നത് എങ്കിലും ഞങ്ങളോടൊപ്പം സംഗീത ക്ലാസുകൾ എടുക്കാറുണ്ട്. ഞങ്ങൾ 3 പേരും ചേർന്നാണ് സാവേരി സ്കൂൾ ഓഫ് മ്യൂസിക് നടത്തുന്നത്.
7. ‘ സാവേരി സ്കൂൾ ഓഫ് മ്യൂസിക് ‘ ആഗോളത്തലത്തിൽ എത്രത്തോളം പ്രചാരം നേടിയിട്ടുണ്ട്?
ഇന്നത്തെ കാലഘട്ടത്തിൽ സോഷ്യൽ മീഡിയയുടെ വളർച്ച കാരണം അതിലൂടെ എനിക്ക് ഒത്തിരി മുന്നേറാൻ സാധിച്ചിട്ടുണ്ട്. എന്റെ അഭിപ്രായത്തിൽ കഷ്ടപ്പെട്ട് നല്ല ജോലിയോട് കൂടി നിരന്തരമായ ശ്രമത്തോടുകൂടി മുന്നോട്ടു പോവാൻ തയാറാണെങ്കിൽ നമ്മളെ അന്വേഷിച്ച് ഉറപ്പായിട്ടും ആളുകൾ വരും. നമ്മൾ വെറുതെ ഇരിക്കുവാൻ യാതൊരു കാരണവശാലും പാടില്ല. നമ്മളെ ജോലി ചെയ്തുകൊണ്ടേ ഇരിക്കുക. ജോലി ചെയുക മാത്രമല്ല അതിൽ ഗവേഷണം ചെയ്ത് പുതിയ സംഭവങ്ങൾ കണ്ടെത്തി അത് ട്രെഡിഷണൽ ആയിട്ടുള്ള കാര്യത്തിൽ മാറ്റം വരുത്താതെ അതിൽ എന്തെല്ലാം പുതുതായി ഉൾകൊള്ളിക്കാൻ കഴിയും എന്ന് നോക്കേണ്ടത് അത്യാവശ്യമാണ്. കൂടാതെ ഇത്തരത്തിൽ കുട്ടികളെ കൊണ്ട് പുതിയ പുതിയ സംഭവങ്ങൾ ചെയിക്കുക, പുതിയ പാട്ടുകൾ പാടിക്കുക, അതായത് ഓഗസ്റ്റ് 15 ന് ദേശാഭക്തി ഗാനങ്ങൾ ശിവരാത്രി വരുമ്പോൾ ശിവന്റെ ഗാനങ്ങൾ അങ്ങനെ അതിനനുസരിച്ചുള്ള കാര്യങ്ങൾ ചെയ്ത് മുന്നോട്ട് പോയി കഴിഞ്ഞാൽ സോഷ്യൽ മീഡിയയിൽ കൂടി എല്ലാവരും അറിയുകയും നല്ല റീച്ച് കിട്ടുകയും ചെയ്യും. കൊറോണക്ക് തൊട്ട് മുമ്പായി ആരംഭിച്ച ഒന്നാണ് ‘ ശ്രേഷ്ഠ ‘ എന്ന് പറയുന്ന യൂട്യൂബ് ചാനൽ. നമ്മുടെ എല്ലാ ക്ലാസിക്കൽ ആർട്ടിന്റെയും ഉദ്ഭവം ക്ഷേത്രങ്ങളാണ്. ക്ഷേത്രങ്ങളും മ്യൂസിക്കും ബന്ധിപ്പിച്ച് കൊണ്ടുള്ള ഒരു ഡോക്യൂമെന്ററി ആണ് ‘ ശ്രേഷ്ഠ ‘. ഉദാഹരണത്തിന് ‘അല്ലെയ്യ്പ്പായുതെ കണ്ണാ ‘പോലെ ക്ഷേത്രത്തിൽ വെച്ച് എഴുതി ആലപിച്ച ഗാനം ഇവ തമ്മിലുള്ള ബന്ധം പ്രതിപാദിക്കുന്നു. അത്തരത്തിൽ, സംഗീതത്തിലെ ക്ഷേത്രത്തിന്റെ പ്രസക്തിയെ അടുത്ത തലമുറയ്ക്ക് മനസ്സിലാക്കാൻ വേണ്ടി തുടങ്ങിയതാണ് ‘ ശ്രേഷ്ഠ ‘. അതിന്റെ മിക്കവാറും എപ്പിസോഡുകളിലും ഞാൻ എന്റെ വിദ്യാർത്ഥികളെ ഉൾപെടുത്താറുണ്ട്.
8. ‘സാവേരി സ്കൂൾ ഓഫ് മ്യൂസിക്ന്റെ ഭാവി പദ്ധതികൾ എന്തെല്ലാം?
സാവേരി സ്കൂൾ ഓഫ് മ്യൂസികിന്റെ ഭാവി പദ്ധതികൾ ഒട്ടനവധി ആണ്. നാരായണീയം, അഷ്ടപദി തുടങ്ങിയ രാഗങ്ങൾ പലസ്ഥലങ്ങളിലും അവതരിപ്പിക്കുക. എന്റെ സ്കൂളിനെയും വിദ്യാർത്ഥികളെയും ഒരു ഇന്റർനാഷണൽ ലെവലിൽ എത്തുന്ന രീതിയിലേക് ഉയർത്തികൊണ്ട് വരിക. എന്റെ വിദ്യാർത്ഥികൾക്ക് സഹായകരമാവുന്ന രീതിയിൽ അനവധി വേദികളിൽ പെർഫോം ചെയ്യുക. കൂടാതെ, കുട്ടികളെ വെച്ചിട്ടുള്ള വിവിധ ഡോക്യൂമെന്ററി അതായത് ഓരോ കമ്പോസ്റിനെ വെച്ചുകൊണ്ടുള്ളത് ചെയ്യണം എന്ന് ആഗ്രഹിക്കുന്നു.