24 വർഷകാലം രാജ്യ സേവനത്തിനായി തന്റെ ജീവിതവും ആയുസ്സും ഉഴിഞ്ഞു വെച്ച് രാജ്യത്തെ ജനങ്ങൾക്ക് പരിപൂർണ സംരക്ഷണം നൽകാൻ സഹകരിച്ച ധീര ജവാൻ.

1. നിങ്ങളുടെ കുടുംബത്തെ കുറിച്ച് പറയാമോ?
എനിക്ക് മൂന്ന് ആൺ മക്കളാണുള്ളത്. മൂന്നാളും നിലവിൽ ഐ. ടി മേഖലയിൽ ആണ് ജോലി ചെയ്യുന്നത്. ഞാൻ സൈനിക മേഖലയിൽ സേവനം അനുഷ്ഠിച്ച കാലഘട്ടമായിരുന്നതിനാൽ അവർ ജനിച്ചതും വളർന്നതും എല്ലാം തന്നെ നോർത്ത് ഇന്ത്യയിൽ ആയിരുന്നു. അതിനുശേഷം ഈസ്റ്റ് ഹില്ലിൽ താമസമായി. സൈനിക സേവനത്തിൽ നിന്ന് വിരമിച്ചതിന് ശേഷം ഞാൻ ചെസ്റ്റ് ഹോസ്പിറ്റലിലും വടകര ഹോസ്പിറ്റലിലും ഫിസിതെറാപ്പിസ്റ് ആയി ജോലി ചെയ്യ്തിട്ടുണ്ട്. ഇപ്പോൾ ഞാൻ എന്റെ തറവാട്ടിൽ മക്കള്ളോട് ഒപ്പമാണ് കഴിയുന്നത്. മക്കളെ കുറിച്ച് പറയുക ആണെങ്കിൽ ഞാൻ സെൻട്രൽ ഗവണ്മെന്റിൽ ആയത് കൊണ്ട് തന്നെ അവരെ സെൻട്രൽ സ്കൂളിൽ പഠിപ്പിക്കുവാനും നല്ല വിദ്യാഭ്യാസം നൽകുവാനും എനിക്ക് സാധിച്ചു. കൂടാതെ, ഇത്തരത്തിൽ ഒരു സൈനിക ചുറ്റുപാടിൽ ജീവിച്ചതുകൊണ്ട് തന്നെ നല്ല സ്വഭാവമുള്ള മക്കളെ വളർത്താൻ കഴിഞ്ഞു എന്നുള്ളതാണ് എന്റെ ഏറ്റവും വലിയ നേട്ടം എന്ന് പറയുന്നത്. കാരണം, മക്കൾ ഒരു വിധത്തിലും ഉള്ള മോശസ്വഭാവങ്ങളിലേക് എത്തിയിട്ടില്ല.
2. സൈനിക സേവന സമയത്ത് താങ്കളുടെ കുടുംബത്തിന്റെ പിന്തുണ ഏപ്രകാരമായിരുന്നു ?
എന്റെ ഭാര്യയാണ് എല്ലാ കാര്യത്തിലും എന്റെ കൂടെ അന്നും ഇന്നും പിന്തുണ ആയിട്ട് നിന്നത്. കാരണം, ഈ ഒരു മേഖലയിൽ സേവനം അനുഷ്ഠിക്കുന്നത് കൊണ്ട് തന്നെ എന്നെ സംബന്ധിച്ചിടത്തോളം ഓരോ വർഷവും ഓരോ സ്റ്റേറ്റിലേക് മാറേണ്ട അവസ്ഥ വരാറുണ്ട്. ആ സമയത്ത് ചെറിയ ഓരോരോ വയസ്സ് വ്യത്യാസമുള്ള മക്കളെവെച്ച് ഇത്തരത്തിൽ മാറിത്താമസത്തിന് അത്രയും പിന്തുണയായി നിന്നത് എന്റെ ഭാര്യയാണ്.
3. ദേശ സേവനത്തിലേക് എത്തിപ്പെട്ടത് എങ്ങനെ?
1965 ലാണ് ഞാൻ S. S. L. C പാസ്സാവുന്നത്. കൂടുതൽ പഠിക്കണം എന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു എങ്കിലും 1960-1970 കാലഘട്ടം കടുത്ത പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും കാലഘട്ടമായിരുന്നു. അതിനാൽ തന്നെ പഠനത്തിന്നോടുള്ള മോഹം ഉപേക്ഷിച്ച് കുടുംബത്തിന് ഒരു അത്താണിയാകുവാൻ വേണ്ടി ഒരു ജോലി കണ്ടുപിടിക്കുക എന്ന ലക്ഷ്യമായിരുന്നു മനസ്സിൽ. ആ സമയത്താണ്, പട്ടാളത്തിൽ ഉണ്ടായിരുന്ന ഒരു പാപ്പൻ വഴി എനിക്ക് ഡൽഹിയിലേക്ക് പോകുവാൻ അവസരം ലഭിച്ചത്. അവിടെ വെച്ച് 1966 ൽ എനിക്ക് ആർമി നഴ്സിംഗ് കോളേജിൽ നഴ്സിംഗ് അസിസ്റ്റന്റ് ആയി ചേരാൻ ഉള്ള അവസരം ലഭിച്ചു.
4. എത്ര കൊല്ലം സേവനം അനുഷ്ഠിച്ചു?
പട്ടാളത്തിന്റെ ചെറുതും വലുതും ആയ 12 ഹോസ്പിറ്റലുകളിൽ ഞാൻ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മിലിട്ടറി ട്രെയിനിങ്, നഴ്സിംഗ് അസിസ്റ്റന്റ് ട്രെയിനിങ് കൂടാതെ ഫിസിയോ തെറാപ്പി കോഴ്സുമായി പട്ടാളത്തിന്റെ വിവിധ മേഖലകളിൽ 24 കൊല്ലം ഞാൻ സേവനം അനുഷ്ഠിച്ചിട്ട് ഉണ്ട്. ഒരു സൈനികൻ എന്ന രീതിയിൽ എനിക്ക് സമൂഹത്തിൽ നിന്ന് ആയാലും എന്റെ കുടുംബത്തിൽ നിന്ന് ആയാലും വളരെയധികം ബഹുമാനം ആണ് ലഭിക്കുന്നത്. അതിൽ ഞാൻ വ്യക്തിപരമായി സന്തോഷിക്കുന്നുണ്ട്. രാജ്യത്തെ സംബന്ധിച്ചിടത്തോളം സൈനികൻ എന്നാൽ രാജ്യത്തിനു വേണ്ടി സേവനം അനുഷ്ടിച്ച ഒരാളാണ്. അതിനാൽ ആ ബഹുമാനം അന്നും ഇന്നും ഞാൻ അനുഭവിക്കുന്നുണ്ട്.
5. സേവനം അനുഷ്ഠിച്ച കാലത്ത് മറക്കാനാവാത്ത അനുഭവങ്ങൾ എന്തൊക്കെ?
ഇന്ത്യയിൽ വൻതോതിൽ പോളിയോയും സെറീബ്രൽ പാൽസിയും പിടിപെടുന്ന സാഹചര്യം ആയിരുന്നു 1970-1980 കാലഘട്ടത്തിൽ ഉണ്ടായിരുന്നത്. ഇത്തരം അസുഖങ്ങൾ ബാധിച്ച കുട്ടികളും ആയിട്ടുള്ള ഇടപെടലുകൾ അവരുടെ മാതാപിതാക്കളുടെ സങ്കടവും ഗ്രാമങ്ങളിലെ സാഹചര്യവും ചുറ്റുപാടും എല്ലാം തിരിച്ചറിയുവാൻ സഹായിച്ചു . ഇത്തരത്തിൽ വൻതോതിൽ ഉള്ള സങ്കടങ്ങൾ മാത്രമായിരുന്നു ആ കാലഘട്ടത്തിൽ ഉണ്ടായിരുന്നത്.
6. സൈനിക സേവനകാലത്തെ ഏറ്റവും അഭിമാനകരമായ നിമിഷം ഏതായിരുന്നു?
ഞാൻ റാണിക്കേത്ത് ഹോസ്പിറ്റലിൽ ഇരിക്കുന്ന കാലത്താണ് നമ്മുടെ സൈന്യം സിയാച്ചിൻ മലനിരകളിൽ ആധിപത്യം സ്‌ഥാപിച്ചത്. റാണിക്കേത്തിൽ നിന്നുള്ള കൂമയൂൺ റെജിമെന്റും അതിന്റെ ഭാഗമായിരുന്നു. അത് എന്നെ സംബന്ധിച്ചിടത്തോളം മറക്കാൻ ആവാത്ത ഒരു സംഭവമാണ്. ഒരു മെഡിക്കൽ സൈനികൻ എന്ന നിലയിൽ അനുഭവങ്ങളുടെ വെളിച്ചത്തിൽ പറയാനുള്ളത് യുദ്ധത്തിൽ മരിച്ചവരെ ആദരിക്കുവാനും അംഗവൈകല്യം സംഭവിച്ചവരെയും ശരീരം തളർന്ന പല സൈനികരെയും ഫിസിയോതെറാപ്പിസ്റ് എന്ന നിലയിൽ ചികിത്സിക്കാൻ പറ്റി എന്ന കാര്യം അഭിമാനത്തോടെ ഇന്നും ഓർക്കുന്നു.
7. ഒരു ex-service man എന്ന നിലയിൽ മുന്നേറാൻ വേണ്ടി ആധുര സേവന രംഗത്ത് രാജ്യം നടത്തേണ്ട മാറ്റങ്ങൾ?
ഒരു ex-service man എന്ന നിലയിൽ എന്റെ അഭിപ്രായം ഫൈറ്റിങ് ഫോഴ്‌സിൽ ഉള്ള ജവാൻ മാരുടെ പ്രായം മിഡിൽ എജിൽ നിലനിർത്തി കൊണ്ട് തന്നെ സർവീസിൽ നിലനിൽക്കുന്ന പട്ടാളക്കാരുടെ പ്രായപരിധി ഉയർത്തികൊണ്ട് അവർക്ക് കൂടുതൽ കാലം സേവനം അനുഷ്ഠിക്കാൻ ഉള്ള സാഹചര്യം രാജ്യം ഒരുക്കേണ്ടതിന്റെ ആവശ്യകത ഉണ്ട്.
8. രാജ്യം 76 മത്തെ റിപ്പബ്ലിക് ഡേ ആഘോഷിക്കുമ്പോൾ യുവ തലമുറയ്ക്ക് നൽകാനുള്ള സന്ദേശം?
രാജ്യം 76 മത്തെ റിപ്പബ്ലിക് ഡേ ആഘോഷിക്കുമ്പോൾ ഈ സന്തോഷകരമായ മുഹൂർത്തത്തിൽ എനിക്ക് യുവ തലമുറയോട് പറയാനുള്ളത് നിങ്ങൾ പരമാവധി മിലിട്ടറി സർവീസ് തിരഞ്ഞെടുക്കുവാൻ ശ്രമിക്കുക. ഇതിലൂടെ നിങ്ങൾക്ക് നിങ്ങളുടെയും കുടുംബത്തിന്റെയും ഭാവി സുരക്ഷിതം ആക്കാനും അതിലുടെ മികച്ച സേവനം രാജ്യത്തിന് കാഴ്ച്ച വെക്കുവാനും സാധിക്കുന്നത് ആണ്. കൂടാതെ, ഇപ്പോഴുള്ള അഗ്നിവീർ എന്ന പരിപാടിയോട് എനിക്ക് തീരെ യോജിപ്പില്ല. കാരണം, അത് നമ്മുടെ റെജിമെന്റ് സിസ്റ്റംത്തെ അട്ടിമറിക്കുന്ന ഒരു അവസ്ഥയാണ് ഉണ്ടാക്കുക.
9. ഇന്നത്തെ യുവാക്കളെ സൈനിക സേവനത്തിലേക്ക് ആകർഷിക്കുന്നതിനായി എന്തെല്ലാം മാറ്റങ്ങൾ രാജ്യം വരുത്തേണ്ടതുണ്ട്?
സൈനിക സേവനത്തിലേക്ക് യുവാക്കളെ ആകർഷിക്കുന്നതിനായി സ്കൂളുകളിലും കോളേജുകളിലും സൈനികജീവിതത്തെക്കുറിച്ചുള്ള കരിയർ ഗൈഡൻസ് സെമിനാറുകൾ സംഘടിപ്പിക്കേണ്ടതിന്റെ ആവശ്യകത ഉണ്ട്. കൂടാതെ, എൻ. സി. സി പോലുള്ള പരിപാടികൾ കൂടുതൽ പ്രോത്സാഹിപ്പിച്ച്, സ്കൂൾ-കോളേജ് തലത്തിൽ തന്നെ സൈനിക സേവനം ഒരു കരിയർ ആയി പരിഗണിക്കാനുള്ള മനോഭാവം വളർത്തണം. അതിനുപുറമേ, ശമ്പളവും ആനുകൂല്യങ്ങളും പ്രൈവറ്റ് ജോലികളുമായി താരതമ്യം ചെയ്യാവുന്ന രീതിയിൽ കൂടുതൽ ആകർഷകമാക്കേണ്ടതുണ്ട്. കുടുംബ ക്ഷേമ പദ്ധതികൾ, പെൻഷൻ, മെഡിക്കൽ ആനുകൂല്യങ്ങൾ എന്നിവ മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഉണ്ട്.