മികച്ച ജീവിതനിലവാരത്തിനും തൊഴിലവസരത്തിനും വേണ്ടി പുറംനാടുകളിലേക്ക് ചേക്കേറുന്നവർ അനേകമാണ് ഇന്നത്തെ കാലത്ത്. അതിനിടയിൽ നിന്ന് ഒരു ചെറിയ സംരംഭത്തിൽ ആരംഭിച്ച് തന്റെതായ സ്ഥാനം ബിസിനസ് ലോകത്ത് സൃഷ്ടിച്ചിരിക്കുകയാണ് തൻസീർ എന്ന വ്യക്തി.

തൻസീർ എന്ന യുവാവ് ഇന്ന് കേരളത്തിലെ കൂൺ കൃഷിയിൽ ശ്രദ്ധേയമായ ഒരു പേരാണ്. എറണാകുളം ജില്ലയിലെ ആലുവ, പൂക്കാട്ടുപടിയിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന തൻസീർ, ഒരിക്കൽ പി. ജി പൂർത്തിയാക്കിയതിന് ശേഷം അക്കൗണ്ടിങ് മേഖലയിൽ ജോലി ചെയ്തിരുന്നയാളായിരുന്നു. എന്നാൽ, തന്റെ ജോലിയെ മാറ്റി കൃഷിയിലേയ്ക്ക് തിരിഞ്ഞപ്പോൾ, കൂൺ കൃഷിയിൽ വലിയൊരു സാധ്യത കണ്ടു. തുടക്കത്തിൽ ചെറിയ തോതിൽ പരീക്ഷിച്ചപ്പോൾ ലഭിച്ച മികച്ച ഫലങ്ങൾ അദ്ദേഹത്തെ ഈ മേഖലയിലേക്ക് കൂടുതൽ ആകർഷിച്ചു.
കഴിഞ്ഞ 9 വർഷമായി തുടർച്ചയായിട്ട് തൻസീർ കൂൺ ബിസിനസ് രംഗത്തുണ്ട്. ആദ്ദേഹം കൂടുതലായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കൂണിലാണ്. കൂടാതെ, spawn നെയും പിന്തുണയ്ക്കുന്നുണ്ട്, നിലവിൽ 75 ഓളം കർഷകർക്ക്, spawn കൊടുക്കുന്നുമുണ്ട് . ഇപ്പോൾ നിലവിൽ 100 പാക്കറ്റോളം കൂൺ ഉത്പാദിപ്പിക്കാറുണ്ട്. തന്റെ കൃഷിയിടത്തിലും ആദ്ദേഹം സ്വന്തമായി ഉണ്ടാകുന്ന spawn വെച്ചിട്ട് തന്നെയാണ് കൃഷി ചെയ്യാറ്. കൂൺ കൃഷിയെ കുറിച്ച് കേട്ട ശേഷം, ഒന്നര വർഷത്തോളം പരീക്ഷണങ്ങൾ നടത്തിയതിനു ശേഷം മാത്രമാണ് തൻസീർ സ്ഥിരമായി ഫാം തുടങ്ങിയത്. ആദ്യമായി, സ്വന്തം വീടിന്റെ ഒന്നാം നിലയിൽ 80 ബെഡ്കൾക്കുള്ള ഒരു ചെറിയ ഫാം തുടങ്ങി. അതിൽ നിന്ന് കൂൺ ചെറിയ രീതിയിൽ കടകളിലേക് കൊടുത്തതിനു ശേഷമാണ് ഇതിന്റെ ആവശ്യകതയെ കുറിച്ച് അദ്ദേഹത്തിന് ശരിയായി മനസിലാവുന്നത്. തുടക്കത്തിൽ തന്നെ, ഉൽപ്പന്നത്തിന് നല്ല ഡിമാൻഡാണെന്ന് മനസിലായപ്പോൾ, കൃഷിയെ വ്യാപകമാക്കാനുള്ള തീരുമാനം എടുത്തു. ഒരു വർഷം മുഴുവൻ കൂൺ എന്താണെന്നും, അതിന്റെ ഉത്പാദനം, ചൂട് കാലാവസ്ഥയിൽ അതിന് വരുന്ന വ്യതിയാനങ്ങൾ, അതിനെ എങ്ങനെ നിയന്ത്രിക്കാം തുടങ്ങിയ നിരീക്ഷണത്തിനും പഠനത്തിനുമൊടുവിൽ, തൻസീർ ഒരു പൂർണ്ണമായ ഫാം സ്ഥാപിച്ചു.
ഒരു ദിവസം 25-30 കിലോ കൂൺ ഉത്പാദിപ്പിക്കാനാവുന്ന രീതിയിൽ തൻസീർ മൂന്ന് ഫാമുകൾ ആരംഭിച്ചു. 100 പാക്കറ്റോളം ദിവസേന വിവിധ കടകളിലേക്ക് വിതരണം ചെയ്യപ്പെടുന്നു. പുറത്തുള്ള ഫാർമേഴ്സിനെ പിന്തുണക്കാറുമുണ്ട്. കൂടാതെ, കൂൺ കൃഷിയിലേക് കടന്നുവരാൻ ആഗ്രഹിക്കുന്ന 75-ഓളം കർഷകർക്ക് തൻസീർ സഹായിയായി മാറി. അവർക്കായി spawn നിർദ്ദേശങ്ങൾ നൽകുകയും, മികച്ച ഉത്പാദനം നേടാനായി പിന്തുണ നൽകുകയും ചെയ്തു. കൂൺ കൃഷിയുടെ ആദ്യഘട്ടങ്ങളിൽ അവർക്കുണ്ടാവുന്ന സംശയങ്ങൾ തീർത്തുകൊടുക്കാൻ തൻസീർ എന്നും മുന്നിലുണ്ടായിരുന്നു. കൂടാതെ പുതുതായി കൃഷിയിലേക്ക് കടക്കുന്നവർക്ക് എല്ലാ സംശയങ്ങളും തീർക്കാനും സഹായിക്കാനും തയാറായിരിക്കുന്ന തൻസീർ, ഒരു WhatsApp ഗ്രൂപ്പും ഉണ്ടാക്കി, അവിടം മുഖേന കാര്യങ്ങൾ കൈകാര്യം ചെയ്യുന്നു.
വ്യവസായപരമായി ഈ ബിസിനസ് വളരേണ്ടത് അത്യാവശ്യമാണ് എന്നതുകൊണ്ടാണ് മാർക്കറ്റിംഗിനായി പ്രത്യേകം ശ്രദ്ധ നൽകിയതും. കോളേജിൽ പഠിക്കുന്ന ഒരു കുട്ടിയെ സഹായിയായി ഉൾപ്പെടുത്തി, പരിസരപ്രദേശങ്ങളിലെ സൂപ്പർമാർക്കറ്റുകളിലേക്കും, പച്ചക്കറിക്കടകളിലേക്കും ഉത്പന്നങ്ങൾ എത്തിക്കാൻ സംവിധാനമൊരുക്കി. പ്രതിദിനം 100 പാക്കറ്റുകൾ വരെ വിതരണം ചെയ്യാൻ സാധിച്ചപ്പോൾ, ഒരു വ്യക്തിഗത സംരംഭം ഒരു വൻ ബിസിനസ്സിലേക്ക് വളർന്നു. കാക്കനാടിന് സമീപമുള്ള 15-20 കിലോമീറ്റർ ചുറ്റളവിൽ കൂൺ വിതരണം ചെയ്തുകൊണ്ടിരിക്കുന്നു. ഫാമിലെ ഉൽപ്പന്നം ഗുണമേന്മയോടെ കടകളിൽ എത്തിച്ചേരാൻ പ്രത്യേക ശ്രദ്ധ ചെലുത്തുന്ന തൻസീർ, കൂടുതൽ ഗതാഗത ചിലവുകൾ ഒഴിവാക്കാനും കൂണിന്റെ ശൈത്യാവസ്ഥ നിലനിർത്താനുമുള്ള മാർഗങ്ങൾ തേടുന്നു.
കൂൺ കൃഷിയിൽ കാലാവസ്ഥാ വ്യതിയാനങ്ങൾ ഒരു പ്രധാന പ്രതിസന്ധിയാണെങ്കിലും, പ്രകൃതിദത്തമായ തണുപ്പ് സൃഷ്ടിക്കുന്ന രീതികൾ വഴി തൻസീർ ഇത് എളുപ്പം മറികടക്കാൻ തുടങ്ങി. കർഷകർക്ക് സാധാരണയായി ചൂടുകാലത്ത് ഉത്പാദന കുറവ് ഉണ്ടാകുമ്പോൾ, തൻസീറിന്റെ ഫാമിൽ ഇത് കുറവായിരുന്നു. കാരണം, അവിടെ ഓലകൊണ്ടുള്ള തണൽപ്രദാനം ചെയ്തിരുന്നതും, പാകപ്പെട്ട രീതിയിൽ കൃഷിയിലേർപ്പെട്ടിരുന്നതുമാണ്. ഓലകൊണ്ട് ഒരുക്കിയ തണൽ സിസ്റ്റം ഉപയോഗിച്ച്, 25-28 ഡിഗ്രി സെൽഷ്യസ് താപനിലയും 90% ഈർപ്പവും ഫാമിൽ നിലനിർത്തുന്നു. ഇതുവഴി, കഠിനമായ വേനലിലും ഉത്പാദനം കാര്യമായി കുറയുന്നില്ല. ചിപ്പിക്കൂണിന്റെ പല ഇനങ്ങളും കൃഷി ചെയ്തിരുന്നെങ്കിലും, ഇപ്പോൾ ഗുച്ചി കൂൺ ആണ് പ്രധാനമായി ഉൽപ്പാദിപ്പിക്കുന്നത്. ഇതിന് മറ്റ് കൂണുകളെ അപേക്ഷിച്ച് പ്രതിരോധശക്തി കൂടുതലാണെന്നും, മികച്ച ഗുണനിലവാരമുള്ളതാണെന്നും തൻസീർ പറയുന്നു. സോഫ്റ്റ് വുഡ് ആണ് കൂൺ വളർത്താൻ ഏറ്റവും അനുയോജ്യം. കൂൺ വളർത്താനായി റബ്ബർ പൊടി, വൈക്കോൽ, പെല്ലറ്റ് എന്നിവ പരീക്ഷിച്ചെങ്കിലും, ഇപ്പോൾ റബ്ബർ പൊടിയാണ് പ്രധാനമായും ഉപയോഗിക്കുന്നത്.
5000 ബെഡുകളിൽ കൂടുതൽ കൂൺ കൃഷി നടത്താൻ കഴിയുന്ന ശേഷിയുള്ള ഫാം നിർമ്മിക്കുകയാണ് തൻസീറിന്റെ അടുത്ത ലക്ഷ്യം. കൂടാതെ, spawn ഉത്പാദനം വർദ്ധിപ്പിക്കുകയും കയറ്റുമതിയിലേക്ക് കടക്കാനുള്ള പദ്ധതികളും തൻസീർ ആലോചിക്കുകയാണ്.
കല്യാണത്തിനുശേഷം, ജോലിയുമായി കുടുംബജീവിതം സന്തുലിതമാക്കാനാകാതെ വന്നപ്പോഴാണ് കൃഷിയെ ഒരു പൂർണ്ണകാല തൊഴിലാക്കി മാറ്റിയതും. ഒരു ഫാമിൽ നിന്ന് രണ്ട് ഫാമിലേക്കും, തുടർന്ന് മൂന്നാമത്തെ ഫാമിലേക്കും നീങ്ങിയപ്പോൾ, ഓരോ ഘട്ടവും തൻസീറിന്റെ ആത്മവിശ്വാസം വർധിപ്പിച്ചു. മൂന്നാമത്തെ ഫാം സ്ഥിരമായി ഉപയോഗിക്കാറില്ല, പരിപാലനം നടത്തുന്നതിനും പുതിയ കൃഷിക്ക് തയ്യാറാക്കുന്നതിനുമാണ് അതിന്റെ ഉപയോഗം.
തൻസീറിന്റെ അനുഭവങ്ങൾ അനുസരിച്ച്, കൂൺ കൃഷി ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് ആദ്യം ചെറിയ രീതിയിൽ പരീക്ഷണം നടത്തുന്നത് നല്ലതാണ്. ഒരു വർഷത്തോളം കൂണിന്റെ വളർച്ചാവസ്ഥയും, കാലാവസ്ഥയുമായി അതിന്റെ അനുയോജ്യതയും മനസിലാക്കണം. ശരിക്കും ഒരു തുടക്കക്കാരന് കൂൺ കൃഷി ആരംഭിക്കാൻ നിക്ഷേപം ആവശ്യം ഇല്ല. സാധാരണ ഒരു റൂമിൽ സാധാരണ താപനിലയിൽ വെച്ചാലും മോനെ ഉണ്ടാവും. വീട്ടിലെ ഒഴിഞ്ഞു കിടക്കുന്ന മുറികളിൽ എല്ലാം ഫാർമിങ്ങ് രീതിയിൽ പല ആളുകളും കൂൺ കൃഷി ചെയുന്നുണ്ട്. 100 ബെഡിലും 200 ബെഡിലും എല്ലാം സാധാരണ കുറച്ച് ആളുകൾക്ക് കൂൺ കൊടുക്കാവുന്ന രീതിയിൽ ചെയ്യാവുന്നതാണ്. റൂമിൽ 100-200 ബെഡിൽ കൂടുതൽ കൊള്ളില്ല പക്ഷെ അതിൽ നിന്ന് മാന്യമായി ആഴ്ച്ചയിൽ 10 ബെഡ് ചെയ്യുക 20 ബെഡ് ചെയ്യുക അങ്ങനെ എല്ലാം ചെയ്യുന്ന ആളുകളും ഉണ്ട്. കൂടാതെ, അവരുടെ പ്രദേശത്ത് മാത്രം കൊടുക്കുവാൻ ഉള്ള കൂണിന് വേണ്ടി ചെയ്യുന്നവരും ഉണ്ട്. പുതിയ ഒരു കൃഷിയിലേക്ക് ആര് വന്നാലും അതിനെ ശരിക്കും നിരീക്ഷിച്ച് മനസിലാക്കിയതിന് ശേഷം വന്നാൽ ഒരു സ്ഥിരത ഉണ്ടാവും കൂടാതെ എന്നും അത് നിലനിർത്തി പോകുവാനും കഴിയും.