വലിയ പ്രതീക്ഷകളോടെ ആളുകൾ നിക്ഷേപം നടത്തുന്ന ഒരു വ്യവസായമാണ് റെസ്റ്റോറന്റ് വിപണി. പെട്ടെന്ന് സമ്പന്നനാകാൻ കഴിയുന്ന മികച്ച ലാഭം നേടാൻ കഴിയുന്ന ഒരു മേഖലയായാണ് ഭൂരിഭാഗം സംരംഭകരും ഫുഡ് ബിസിനസിനെ കാണുന്നത്. എന്നാൽ ആരംഭിക്കുന്ന റെസ്റ്റോറന്റുകളിൽ 60 ശതമാനവും ആദ്യ വർഷം പൂർത്തീകരിക്കാൻ പാടുപെടുകയാണ്. 80 ശതമാനം ബിസിനസ്സ് ഉടമകളും മൂന്നു വർഷം പൂർത്തിയാകുമ്പോഴേക്കും നിക്ഷേപം മുഴുവനും നഷ്ടപ്പെടുത്തി വലിയ കടക്കാരനായി മാറുകയും ചെയ്യുന്നു.

അതിവേഗതയിൽ നഗരവൽക്കരിക്കപ്പെടുന്ന ജനസംഖ്യയും മികച്ച പാചക സംസ്കാരവുമുള്ള കേരളത്തിൽ മികച്ച അവസരമാണ് റെസ്റ്റോറന്റ് വ്യവസായത്തിനുള്ളത്. വീക്കെന്റുകളിലും ആഘോഷ അവസരങ്ങളിലും ഭക്ഷണത്തിന് കൂടുതൽ പ്രധാന്യം നൽകുന്ന കേരളത്തിലെ ഭക്ഷണപ്രിയരായ ആളുകൾ പണം ചിലവഴിക്കാൻ തയ്യറാകുമ്പോഴും ഇവിടുത്തെ ഭക്ഷണ വ്യവസായം പരാജയങ്ങൾ ഏറ്റുവാങ്ങുന്നു. കേരളത്തിൽ വിജയകരമായ ഒരു റെസ്റ്റോറന്റ് ബിസിനസ്സ് സാധ്യമല്ല എന്ന് പരിചയ സമ്പന്നരായ റെസ്റ്റോറന്റ് ഉടമകൾ പോലും പറയുന്നു.
എന്നാൽ ഈ വ്യവസായത്തെ മികച്ച രീതിയിൽ ഉപയോഗപ്പെടുത്താൻ അറിഞ്ഞ ആളുകൾ മികച്ച നേട്ടങ്ങൾ ഈ മേഖലയിൽ നിന്നും നേടിക്കൊണ്ടിരിക്കുന്ന. അവർ മാറുന്ന വിപണി സാഹചര്യങ്ങളെ മനസ്സിലാക്കുകയും അതിന് അനുസരിച്ചു മാറ്റങ്ങൾ കൊണ്ടുവരുന്നതിന് തയ്യറാകുകയും ചെയ്യുന്നു. ഇന്നത്തെ വിപണി സാഹചര്യമനുസരിച്ചു നിൽവിലുള്ള എല്ലാ റെസ്റ്റോറന്റുകൾക്കും വിജയിക്കാനുള്ള സാഹചര്യം ഇന്ന് കേരള വിപണിയിലുണ്ട്.
ഈ ലേഖനത്തിലൂടെ കേരളത്തിലെ റസ്റ്റോറന്റുകൾ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും അവ പരിഹരിക്കുന്നതിനായുള്ള പ്രായോഗിക മാർഗ്ഗങ്ങളെ കുറിച്ചും, ഈ ഭക്ഷ്യ വിപണിയുടെ ഭാവിയിലെ വലിയ സാധ്യതകളെ കുറിച്ചും മികച്ച അറിവ് നിങ്ങൾക്ക് നേടിയെടുക്കാനാകും.
പ്രധാന വെല്ലുവിളികൾ:
നിയന്ത്രിക്കാൻ കഴിയാതെ വരുന്ന പ്രവർത്തന ചെലവുകളാണ് ഈ വ്യവസായം നേരിടുന്ന പ്രധാന പ്രശ്ങ്ങളിലൊന്ന്. ഇന്ത്യയിലെ തന്നെ ഉയർന്ന നിരക്കിലാണ് കേരളത്തിലെ തൊഴിൽ ചിലവുകൾ. ഇതുകൊണ്ടാണ് കൂടുതൽ അന്യസംസ്ഥാന തൊഴിലാളികൾ കേരളത്തിലേക്കെത്തിക്കൊണ്ടിരിക്കുന്നത്. ഇതുകൊണ്ടു തന്നെ മികച്ച കഴിവുകളുള്ള ജീവനക്കാരെ ലഭിക്കുന്നതിന് പ്രയാസം നേരിടുന്നു. കഴിവുള്ളവരും സംസ്കാരമുള്ളവരുമായ ജീവനക്കാരെ ലഭിക്കണമെങ്കിൽ ഉയർന്ന വേതനം ആവശ്യമായി വരുന്നു. ചെലവുകൾ നിയത്രിക്കാനായി ഉടമകൾ കുറഞ്ഞ വേതനത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ ഉപഭോകൃത സേവനത്തിലും ഭക്ഷണ നിലവാരത്തിലും സ്ഥിരതയിലും പരാജയം നേരിടേണ്ടിവരുന്നു. ഇത് റെസ്റ്റോറന്റിന് വലിയ വെല്ലുവിളിയായി മാറുന്നു.
നഗരവൽകരണം അതിവേഗതയിലാണ് ഇന്ന് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച് കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് തുടങ്ങിയ പ്രധാന നഗരങ്ങളിൽ. ഇത് വലിയ വാടക വർദ്ധനവ് ഉണ്ടാകുന്നതിന് കാരണമാകുന്നു. അനിയന്ത്രിതമായ ഈ വാടക വർദ്ധനവ് പ്രവർത്തന ചെലവുകൾ വർധിക്കുന്നതിന് കാരണമാകുന്നു.
മാറിയ കാലാവസ്ഥ കേരളത്തിലെ ഭക്ഷ്യ വിപണിയെ സാരമായി ബാധിക്കാറുണ്ട്. നീണ്ടു നിൽക്കുന്ന മൺസൂൺ കാലാവസ്ഥ വിപണിയിൽ അസംസ്‌കൃത ഭക്ഷ്യ വസ്തുക്കൾക്ക് ക്ഷാമം നേരിടുന്നത് റെസ്റ്റോറന്റ് വ്യവസായത്തെ സാമ്പത്തിക പ്രയാസത്തിലേക്ക് നയിക്കുന്നു. ഈ സമയത്തു വിപണിയിൽ അനിയന്ത്രിതമായി വില വർധിക്കുകയും മെനുകൾക്ക് വില വർധിപ്പിക്കാൻ കഴിയാതെ വരികയും ചെയ്യുന്നത് റെസ്റ്റോറന്റുകൾക്ക് ചെലവുകൾ വർധിക്കുന്നതിന് കാരണമാകുന്നു. ഇത് വലിയ സാമ്പത്തിക ബാധ്യതയാണ് റെസ്റ്റോറന്റുകൾക്കുണ്ടാക്കുന്നത്.
തുടർച്ചയായുണ്ടാകുന്ന സർക്കാർ നിയമങ്ങളുടെ വ്യത്യാസങ്ങൾ ഈ വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്. നികുതി നയങ്ങൾ, ലൈസൻസ്സ് മാനദണ്ഡങ്ങളും ഫീസും, ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ എന്നിവയിൽ ഇടക്കിടക്കുണ്ടാകുന്ന മാറ്റങ്ങൾ എന്നവ റെസ്റ്റോറന്റ് വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്നു. ഇത്തരത്തിലുണ്ടാകുന്ന നിയന്ത്രണങ്ങളും ചെലവുകളും അടച്ചുപൂട്ടലിലേക്കുവരെ റെസ്റ്റോറന്റുകളെ എത്തിക്കുന്നു.
ലോകം ഇന്ന് ചെറുതായി കൊണ്ടിരിക്കുന്നു, ആഗോള വിപണിയിലെ മാറ്റങ്ങൾ ഇന്ന് ആളുകൾ പെട്ടെന്ന് സ്വീകരിച്ചുകൊണ്ടിരിക്കുന്നു. ഈ മാറ്റങ്ങൾ ഇന്ന് റെസ്റ്റോറന്റ് ബിസിനസ്സിലും ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഗ്ലോബൽ റെസീപ്പികൾ ഇന്ന് നമ്മുടെ ഗ്രാമങ്ങൾ പോലും കീഴടക്കിയിരിക്കുന്നു. ഇത് പരമ്പരാഗത റെസ്റ്റോറന്റ് ഉടമകൾക്ക് ഉൾകൊള്ളാൻ പ്രയാസമാകുന്നത് വലിയ വെല്ലുവിളിയാണ് റെസ്റ്റോറന്റുകൾക്ക് ഉണ്ടാക്കുന്നത്.
കേരളം ഒരു ഉപഭോകൃത സംസ്ഥാനമാണ്. ഇവിടുത്തെ പ്രധാന വരുമാന സ്രോതസ്സ് വിനോദ സഞ്ചാരമാണ്. കാലാവസ്ഥ വ്യതിയാനം കൊണ്ട് നീണ്ടുനിക്കുന്ന മൺസൂൺ കാലം, ടൂറിസ്റ്റുകളുടെയും ആഭ്യന്തര ഉപഭോക്താക്കളുടെയും സന്ദർശനം കുറയുന്നത് വിലപ്പന കുറയുന്നതിന് കാരണമാകുന്നു. ഇത് വലിയ സാമ്പത്തിക ബാധ്യത റെസ്റ്റോറന്റുകൾക്ക് ഉണ്ടാക്കുന്നു.
വിപണിയെ കുറിച്ചും ഉപഭോക്താക്കളെ കുറിച്ചും പഠനം നടത്താതെ, മെനുകൾ തീരുമാനിക്കുന്നതും വിലകൾ നിശ്ചയിക്കുന്നതും സാധാരയായി കണ്ടുവരുന്ന തെറ്റുകളിലൊന്നാണ്. ഭൂരിഭാഗം റെസ്റ്റോറന്റ് ഉടമകൾക്കും വിപണി പഠനം എന്തെണെന്നും അതിന്റെ പ്രയോജനം എന്താണെന്നും അറിഞ്ഞുകൂടാ എന്നതാണ് യാഥാർഥ്യം. വിപണി പഠനത്തിനായി ചിലവഴിക്കുന്ന പണവും സമയവും അവർ അനാവശ്യ ചെലവുകളായാണ് കാണുന്നത്. ഈ ഒരു കാരണം കൊണ്ടാണ് ഭൂരിഭാഗം റെസ്റ്റോറന്റുകളും ആദ്യവർഷം പരാജയപ്പെടുന്നത്. “എന്തിനു വേണ്ടി എന്റെ റെസ്റ്റോറന്റ് ആളുകൾ തിരഞ്ഞെടുക്കണം?” എന്ന ചോദ്യത്തിന് ഭൂരിഭാഗം ഉടമകൾക്കും ഉത്തരമില്ലാത്തത് വിപണി പഠനത്തിന്റെ അഭാവം കൊണ്ടാണ്.
സ്ട്രാറ്റജികളും പരിഹാരങ്ങളും:
ആളുകൾ എന്നും പുതുമകൾ ഇഷ്ടപ്പെടുന്നവരാണ്. ഓരോ റെസ്റ്റോറന്റുകളും അവരുടെ വ്യത്യസ്‍തമായ രുചികളും അനുഭവങ്ങളും വാഗ്ദാനം ചെയ്യാൻ തയ്യറായാൽ പ്രാദേശിക ഉപഭോക്താക്കളെയും സഞ്ചാരികളെയും ഒരു പോലെ റെസ്റ്റോറന്റുകളിലേക്ക് ആകർഷിക്കാൻ കഴിയും. പരമ്പാഗത രുചികൾ ഗ്ലോബൽ റെസീപ്പികളുമായി സംയോജിപ്പിക്കുമ്പോൾ വ്യത്യസ്തമായ രുചികൾ വാഗ്ദാനം ചെയ്യാൻ റെസ്റ്റോറന്റുകൾക്ക് കഴിയും.
സാങ്കേതിക വിദ്യയുടെയും ഇൻഫർമേഷൻ ടെക്നോളോജിയുടെയും സഹായം റെസ്റ്റോറന്റുകൾക്ക് പ്രധാനമാണ്. ഇൻവെന്ററി മാനേജ് ചെയ്യുന്നതിനും വിൽപ്പന വർധിപ്പിക്കുന്നതിനും ജീവനക്കാരുടെ ഉല്പാദന ക്ഷമത വർധിപ്പിക്കുന്നതിനും ടെക്നോളജി ഉപയോക്കുക. ഇത് സമയ നഷ്ടം ഒഴിവാക്കി മികച്ച നേട്ടം ഉണ്ടാക്കുന്നതിന് സഹായിക്കും.
ചെലവുകൾ കുറക്കുന്നതിനായി വെസ്റ്റേജ് കുറക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. ഓരോ നഷ്ടപെടലുകളും ലാഭത്തെ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ് ചെയ്യുന്നത്. അടുക്കളകളിലാണ് ഇത്തരത്തിൽ കൂടുതൽ നഷ്ടങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അമിതമായി ചേരുവകൾ ഓർഡർ ചെയ്യുന്നതും സ്റ്റോറുകൾ സ്ഥിരമായി മാനേജ് ചെയ്യാത്തതും നഷ്ടങ്ങൾ വർധിപ്പിക്കും. ഇതിനായി മിനിമം ഓർഡർ ലെവൽ നിശ്ചയിക്കുകയും സ്റ്റോറുകൾ FIFO മോഡലിൽ നിലനിർത്തുകയും ചെയ്യുക. അമിത പോർഷനിങ് നിയന്ത്രിക്കുന്നതിലൂടെ ഫുഡ് കോസ്റ്റ് കുറക്കാനും മികച്ച ലാഭം നേടാനും റെസ്റ്റോറന്റുകൾക്ക് കഴിയും.
ഉപഭോക്താക്കളെ ആകർഷിക്കുന്നത് ഇന്ന് കലയുടെയും ശാസ്ത്രത്തിന്റെയും കൂടിച്ചേരലാണ്. ആളുകളുടെ ആഗ്രഹങ്ങൾ മനസ്സിലാക്കുകയും അവരുടെ വികാരങ്ങളെ സ്വാധീനിക്കാൻ കഴിയുകയും ചെയ്യുമ്പോഴാണ് റസ്റ്റോറന്റുകൾ ഉപഭോക്താക്കളെ കൊണ്ട് നിറയുന്നത്. രുചിയുള്ള ഭക്ഷണം മാത്രം പോരാ റെസ്റ്റോറന്റുകൾക്ക് വിജയം നേടാൻ. ഉപഭോക്താക്കളെ ആകർഷിക്കാനുള്ള തന്ത്രങ്ങളും പ്രധാനപെട്ടതാണ്. ഉപഭോക്താക്കളിൽ വിശ്വാസം നേടിയെടുക്കുന്നതിനും വൈകാരിക ബന്ധം നിലനിർത്തുന്നതിന് സോഷ്യൽ മീഡിയ മികച്ച രീതിയിൽ ഉപയോഗിക്കാൻ കഴിയണം. റെസ്റ്റോറന്റിൽ സിഗ്നേച്ചർ വിഭവങ്ങൾ, പിന്നണിയിലുള്ള അടുക്കള കഥകൾ, ഉപഭോക്തൃ റിവ്യുകൾ എന്നിവ സോഷ്യൽ മീഡിയ വഴി സ്ഥിരമായി ഉപഭോക്താക്കളിൽ എത്തിക്കുക. ഇതിനായി അവർ സമയം ചിലവഴിക്കുന്ന പ്ലാറ്റുഫോമുകൾ തിരഞ്ഞെടുക്കുക.
നല്ല ജീവനക്കാരെ കണ്ടെത്തുകയും നിലനിർത്തുകയും ചെയ്യുക എന്നത് റെസ്റ്റോറന്റുകളുടെ വിജയത്തിന് ആവശ്യമാണ്. ജീവനക്കാർ എന്ന് പറയുന്നത് ബിസിനസിനെ താങ്ങി നിർത്തുന്ന തൂണുകളാണ്. ഒരു തൂണിന് ബലക്ഷയമുണ്ടായാൽ അത് മുഴുവൻ കെട്ടിടത്തിനെയും അപകടത്തിലാക്കും. അതുപോലെയാണ് റസ്‌റ്റോറന്റിലെ ഓരോ ജീവനക്കാരനും. നിയമിക്കുമ്പോൾ ശ്രദ്ധപുലർത്തുകയും മികച്ച പരിശീലനം നൽകുകയും നിലനിർത്തുന്നതിനായി മികച്ച ഓഫാറുകൾ നൽകുകയും ചെയ്യുമ്പോൾ ഓരോ ജീവനക്കാരനും ബിസിനസിനെ താങ്ങി നിർത്തുന്ന ബലമുള്ള തൂണുകളായി മാറും. കൂടുതൽ സമ്പാദിക്കുവാനുള്ള അവസരവും വളരുവാനുള്ള സാഹചര്യങ്ങളും ലഭിക്കുന്നതോടെ ജീവനക്കാർ സന്തുഷ്ടരാകും. ഇത് റെസ്റ്റോറന്റുകൾക്ക് മികച്ച ഉത്പാദനക്ഷമത നൽകും.
പ്രതിസന്ധികൾ എന്നത് റെസ്റ്റോറന്റ് ബിസിനസ്സുകളിൽ ഒഴിച്ചുകൂടാനാകാത്ത ഘടകമാണ്. പക്ഷെ ഓരോ പ്രതിസന്ധിയും മികച്ച അവസരങ്ങളാണ് റെസ്റ്റോറന്റുകൾക്ക് നൽകാറുള്ളത്. ഉദാഹരണത്തിന് ഉപഭോക്താക്കൾ കുറയുന്നത് റെസ്റ്റോറന്റുകൾക്ക് നേരിടുന്ന ഒരു പ്രതിസന്ധിയാണ്, ഉപഭോക്താക്കളെ ആകർഷിക്കുന്നതിനുള്ള പുതിയ സ്ട്രാറ്റജികൾ കൊണ്ടുവരുന്നതിനുള്ള അവസരമായി ഇതിനെ കണ്ടാൽ ഇതൊരു അവസരമായി മാറും, അല്ലാതെ ഉപഭോക്താക്കളില്ലാത്തതിന് പരിഭവം പറഞ്ഞും സാഹചര്യങ്ങളെ കുറ്റംപറഞ്ഞും അവസരങ്ങളെ നഷ്ടപെടുത്തുകയല്ല വേണ്ടത്. ഉപഭോക്താക്കളെ ആകര്ഷിക്കുന്നതിനും നിലനിർത്തുന്നതിനും അവരെ മടക്കി കൊണ്ടുവരുന്നതിനും ലോയൽറ്റി പ്രോഗ്രാമുകളും ഡിസ്‌കൗണ്ടുകളും നൽകുന്നതിലൂടെ മികച്ച അവസരങ്ങൾ കണ്ടെത്താനും സാമ്പത്തിക വളർച്ച നേടാനും റെസ്റ്റോറന്റുകൾക്ക് കഴിയും. ഇതുപോലെ പ്രതിസന്ധികളുണ്ടാകുമ്പോൾ ഭയപ്പെടാതെ അതിലെ അവസരങ്ങളെ കണ്ടെത്താൻ തയ്യാറാകുക.
പ്രതീക്ഷകളും സാധ്യതകളും:
വെല്ലുവിളികൾ ധാരാളം ഉണ്ടെങ്കിലും അതിനേക്കാൾ കൂടുതൽ അവസരങ്ങളുള്ള ബിസിനസ്സാണ് ഇന്ന് റസ്റോറന്റ്റുകൾ. മികച്ച ലാഭം നേടുന്നതിനും ദീർഘകാലം നിലനിൽക്കുന്നതിനും ഇന്ന് കേരളത്തിലെ ഭക്ഷ്യ വിപണി പര്യാപ്തമാണ്. കാരണം വളർച്ച നേടിക്കൊണ്ടിരിക്കുന്ന മിഡിൽ ക്ലാസ് വിഭാഗം ഭക്ഷണത്തിനായി റെസ്റ്റോറന്റുകളെ കൂടുതലായി തിരഞ്ഞെടുക്കുന്നു. ഇത് വലിയ പ്രതീക്ഷകളും അവസരവുമാണ് ഈ വിപണിക്ക് നൽകുന്നത്.
കേരളം ടൂറിസത്തിന് നൽകുന്ന പ്രാധാന്യം, ഓരോ വർഷവും 16 ദശലക്ഷത്തിലധികം വിനോദ സഞ്ചാരികളെ ആകർഷിക്കുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇവരുടെ ഭക്ഷണ ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതിനായി കേരളത്തിലെ റസ്റ്റോറന്റുകൾ തയ്യറായാൽ ഈ വിപണിയുടെ സാധ്യത പ്രതീക്ഷിക്കുന്നതിലും എത്രയോ മുകളിലായിരിക്കും. ഇതിനായി ഓരോ റെസ്റ്റോറന്റുകളും തയ്യറാകുകയാണ് വേണ്ടത്. ഉപഭോക്താവിനെ തിരിച്ചറിയുക, അവർക്കു വേണ്ടത് എന്താണ് എന്ന് മനസിലാക്കുക, നൽകുക.
മാറുന്ന വിപണിയിലെ ട്രെൻഡുകൾ റെസ്റ്റോറന്റുകൾക്ക് വലിയ സാധ്യതകളാണ് നൽകുന്നത്. അമിതമായ നിക്ഷേപങ്ങൾ നടത്താതെ ഇന്ന് റെസ്റ്റോറന്റുകൾക്ക് പ്രവർത്തിക്കാൻ കഴിയും എന്നത് വലിയ നേട്ടമായി കാണാം. ക്ലൗഡ് കിച്ചൻ എന്ന വിപണിയിലെ ട്രെൻഡ് ഉപഭോക്താക്കൾ സ്വീകരിച്ചിരിക്കുന്നു. ഇതിലൂടെ റെസ്റ്റോറന്റ് ബിസിനസ്സിൽ നിക്ഷേപം പരമാവധി കുറക്കാൻ കഴിയുന്നു. ഡൈനിങ്ങ് ആവശ്യമില്ല എന്നതാണ് ഈ മോഡൽ റെസ്റ്റോറന്റുകളുടെ പ്രത്യേകത. ടേക്ക്എവെയും ഡെലിവറിയുമാണ് ഇത്തരം റസ്റ്റോറന്റുകൾ ചെയ്യാറുള്ളത്. ഇതിലൂടെ പ്രവർത്തന ചെലവുകൾ 40 ശതമാനം വരെ കുറക്കാൻ റെസ്റ്റോറന്റുകൾക്ക് കഴിയും. ഇത് മികച്ച ലാഭം നേടുന്നതിന് റെസ്റ്റോറന്റുകളെ സഹായിക്കും.
സംഘടനാ സ്വാധീനം ഇന്ന് റെസ്റ്റോറന്റ് വ്യവസായത്തെ വളർച്ചയിലേക്ക് കൊണ്ടുപോകുന്നതിന് വലിയരീതിയിൽ സഹായിക്കുന്നുണ്ട്. കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ്റ് അസോസിയേഷൻ (KHRA) കേരളത്തിലെ റെസ്റ്റോറന്റ് ഉടമകൾക്ക് വലിയ സഹായം നൽകി, അവരുടെ പ്രശ്നങ്ങളിൽ ആവശ്യമായ സമയത്തു വലിയ ഇടപെടലുകൾ നടത്തി സംഘടനാ പ്രാധിനിത്യം റെസ്റ്റോറന്റുകൾക്ക് നൽകുന്നു. സർക്കാരുകൾ കൊണ്ടുവരുന്ന നയങ്ങളിലെ യാഥാർഥ്യബോധ്യമില്ലായ്മ ചൂണ്ടികാണിക്കുന്നതിനും റെസ്റ്റോറന്റുകളെ ഇത്തരം നയങ്ങളിൽ നിന്നും രക്ഷിക്കുന്നതിനും ഇത്തരത്തിലുള്ള കൂട്ടായ്മകൾ റെസ്റ്റോറന്റുകളെ സഹായിക്കുന്നു.
കേരളത്തിലെ റെസ്റ്റോറന്റ് വ്യവസായം വെല്ലുവിളിനിറഞ്ഞതാണെങ്കിലും, പുതുമകൾ കണ്ടെത്താൻ തയ്യാറുള്ളവർക്ക് സമ്പത്ത് സ്വരൂപിക്കാനുള്ള മികച്ച ഇടമാണിത്. ഇവിടെ വിജയിക്കണമെങ്കിൽ നല്ല ഭക്ഷണം വിളമ്പുക മാത്രംപോരാ, വിപണിയെ മനസ്സിലാക്കുകയും, പ്രവർത്തനങ്ങൾ മോണിറ്റർ ചെയ്യുകയും ആവശ്യമായമാറ്റങ്ങൾ ഉൾകൊള്ളുകളയും, ഉപഭോക്താക്കൾക്ക് അവർ ഓർമ്മിക്കുന്ന ഒരു അനുഭവം നൽകുകയും ചെയ്യുകയാണ് വേണ്ടത്.
കേരളത്തിലെ റെസ്റ്റോറന്റുകൾക്ക് തടസ്സങ്ങളേക്കാൾ അവസരങ്ങളാണ് ഉള്ളതെന്ന് നിങ്ങൾ മനസ്സിലാക്കി എന്ന് ഞാൻ വിശ്വസിക്കുന്നു. ഈ മേഖലയിൽ ദീർഘകാലമായി എനിക്കുള്ള അനുഭവവും എന്റെ നിരന്തരമായ പഠനങ്ങളുടെ അടിസ്ഥാനത്തിലുമാണ് ഞാൻ ഈ ലേഖനം തയ്യറാക്കിയിട്ടുള്ളത്.
(ലേഖകൻ കേരളത്തിലെ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന റെസ്റ്റോറന്റുകൾക്ക് പരിഹാരം കൊണ്ടുവരുന്നതിന് സഹായിക്കുന്ന മെൻറ്ററിങ് സേവനങ്ങൾ നൽകുന്നു. ഇദ്ദേഹത്തിന്റെ “4 Step Framework” ഉപയോഗിച്ചുകൊണ്ടുള്ള ഗ്യാരണ്ടി മെൻറ്ററിങ് പ്രോഗ്രാം റെസ്റ്റോറന്റുകൾക്ക് മികച്ച വിജയം ഉറപ്പു നൽകുന്നു. നിങ്ങളുടെ ബിസിനസിലെ പ്രതിസന്ധി എന്തുതന്നെയായാലും പരിഹാരം കണ്ടെത്തുന്നതിന് നിങ്ങൾക്ക് അദ്ദേഹവുമായി ബന്ധപ്പെടാം)