കേന്ദ്ര ഗവൺമെന്റും സംസ്ഥാന ഗവൺമെന്റുകളും ചുമത്തിയിരുന്ന വിവിധ പരോക്ഷ നികുതികളെ ലയിപ്പിച്ച് 2017 ജൂലൈ ഒന്നു മുതൽ ഇന്ത്യയിൽ നിലവിൽ വന്ന ഏകീകൃത പരോക്ഷ നികുതി സമ്പ്രദായമാണ് ചരക്കു സേവന നികുതി ഉത്പാദനം മുതൽ ഉപഭോഗം വരെയുള്ള എല്ലാ ഘട്ടങ്ങളിലും ചുമത്തപ്പെടുകയും ഓരോ ഘട്ടത്തിലും അടച്ച നികുതി കുറവ് ചെയ്ത് അടയ്ക്കാവുന്നതുമായ നികുതിയാണിത്.
കേന്ദ്ര നികുതികളായ കേന്ദ്ര എക്സൈസ് ഡ്യൂട്ടി, സേവന നികുതി, അധിക കസ്റ്റംസ് ഡ്യൂട്ടി എന്നിവയും സംസ്ഥാന നികുതികൾ ആയ മൂല്യ വർധിത നികുതി (വാറ്റ്), കേന്ദ്ര വിൽപ്പന നികുതി (കേന്ദ്ര സർക്കാർ ചുമത്തുകയും സംസ്ഥാന സർക്കാർ പിരിക്കുകയും ചെയ്തിരുന്നു), ആഡംബര നികുതി, പ്രവേശന നികുതി, വിനോദ നികുതി, ലോട്ടറി എന്നിവയും ജി.എസ്.ടിയിൽ ലയിച്ചിരിക്കുന്നു. കൂടാതെ ചൂതാട്ടം, വാതുവെയ്പ്പ് തുടങ്ങിയവയ്ക്കുമേൽ ചുമത്തുന്ന നികുതി, കേന്ദ്ര സംസ്ഥാന സർക്കാരുകൾ ചുമത്തിയിരുന്ന വിവിധ തരം സെസുകളും സർചാർജുകളും ജി.എസ്.ടിയിൽ ഉൾപ്പെടും. നിലവിൽ ജി.എസ്.ടിയുടെ പരിധിയിൽ ഉൾപ്പെടാത്ത ഇനങ്ങൾ ജനങ്ങളുടെ ഉപയോഗത്തിനുള്ള മദ്യം, വൈദ്യുതി, പെട്രോളിയം ഉത്പന്നങ്ങൾ (ക്രൂഡ് ഓയിൽ, പെട്രോൾ, ഹൈസ്പീഡ് ഡീസൽ, പ്രകൃതിവാതകം, വിമാന ഇന്ധനം) എന്നിവയാകുന്നു.
ചരക്കുകളുടെ മാത്രം വാർഷിക വിറ്റുവരവ് 40 ലക്ഷമോ അതിൽ താഴെയോ സേവനങ്ങളുടെ വിറ്റുവരവ് 20 ലക്ഷമോ അതിൽ താഴെയോ ചരക്കും സേവനങ്ങളും ചേർന്ന് 20 ലക്ഷമോ അതിൽ താഴെയോ ആണെങ്കിൽ ജിഎസ്ടി റജിസ്ട്രേഷൻ ആവശ്യമില്ല. ജിഎസ്ടി നിയമപ്രകാരം നികുതി ഒഴിവുള്ള ഉൽപന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നവർക്കും റജിസ്ട്രേഷൻ വേണ്ട. കാർഷികോൽപന്നങ്ങളുടെ വിതരണത്തിൽ ഏർപ്പെട്ടിട്ടുള്ള കർഷകർക്കും റജിസ്ട്രേഷൻ നിഷ്കർഷിക്കുന്നില്ല. ഒരു സംസ്ഥാനത്തെ മാത്രം വിൽപനയല്ല ദേശീയതലത്തിലുള്ള വിൽപനയാണു വിറ്റവരവു നിർണയത്തിന് അടിസഥാനം. അഖിലേന്ത്യാ അടിസ്ഥാനത്തിലാണു മൊത്തം വിറ്റുവരവ് കണക്കാക്കുന്നത്.
കേന്ദ്രവും സംസ്ഥാനങ്ങളും തദ്ദേശസ്ഥാപനങ്ങളും ചുമത്തുന്ന ഏതൊക്കെ നികുതികളും സെസുകളും സർചാർജുകളുമാണ് ജി.എസ്.ടിയിൽ ലയിപ്പിക്കേണ്ടതെന്നു ജി.എസ്.ടി. കൗൺസിലാണ് ശുപാർശ നൽകുന്നത്. ചരക്കുസേവന നികുതി ചുമത്തേണ്ടതും ഒഴിവാക്കേണ്ടതും ഏതൊക്കെ സാധനങ്ങൾക്കും സേവനങ്ങൾക്കുമാണ് എന്നതിനെക്കുറിച്ചും കൗൺസിൽ ശുപാർശ നൽകുന്നു. സംസ്ഥാനങ്ങൾ തമ്മിലും കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലും ജി.എസ്.ടി. സംബന്ധിച്ചു പൊരുത്തക്കേടുകൾ ഇല്ലെന്നു ഉറപ്പുവരുത്തൽ ഇവരുടെ കടമയാവുന്നു. കേന്ദ്രധനമന്ത്രിയും (ചെയർമാൻ), സംസ്ഥാനങ്ങളിലെ ധന, നികുതി മന്ത്രിമാരുമാണ് ജി.എസ്.ടിയുടെ കൗൺസിലിലുള്ളത്.
0%, 5%, 12%, 18%, 28% എന്നിങ്ങനെ അഞ്ചു നിരക്കുകളും കൂടാതെ അസംസ്കൃത വജ്രത്തിന് 0.25 ശതമാനവും സ്വർണ്ണത്തിന് മൂന്നു ശതമാനവും വീതം നികുതി നിരക്കുകളാണ് നിലവിലുള്ളത്.
SINI C. JOINT COMMISSIONER, STATE GST DEPARTMENT, KOZHIKODE BSS, WHRDE