ഇന്ന് വ്യവസായ വാണിജ്യ ഗാർഹിക മേഖലകളിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ മിക്കതും ഗുണമേന്മയുള്ളതും ദീർഘകാലം ഈടു നിൽക്കുന്നവയുമാവാൻ നാം ശ്രദ്ധിക്കാറുണ്ട്. തിരക്കേറിയ ആധുനിക കാലത്ത് സമയത്തിന്റെ അപര്യാപ്തത മൂലം എല്ലാവരും ജോലികൾ എളുപ്പമാക്കാൻ ശ്രമിക്കുന്നു. അതിനായി വിപണിയിലെ നൂതന ടെക്നോളജി ഉപകരണങ്ങളെ ആശ്രയിക്കുന്നു. എന്നാൽ ഇതിനായി പലപ്പോഴും ഗുണമേന്മയിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വരുന്നു. ഗുണമേന്മയുള്ള ഭക്ഷണത്തിലും ആരോഗ്യ സംരക്ഷണത്തിലും വിട്ടുവീഴ്ച ചെയ്യാത്ത നാം അടുക്കള പാത്രങ്ങളിലും ഏറെ ശ്രദ്ധാലുവാണ്.
കാക്കനാട് സ്വദേശി ഷെറീനയുടെ ഫെറൈറ്റ് കാസ്റ്റ് അയേണിൽ ഉണ്ട് പുത്തനായി പിറന്ന പഴമയെ വിളിച്ചോതുന്ന കാസ്റ്റ് അയൺ പാത്രങ്ങൾ. മൂന്നുവർഷത്തോളമായി ഈ വനിതാ സംരംഭക ഈ മേഖലയിൽ ചുവടുറപ്പിച്ചിട്ട്.
16 വർഷം ബാംഗ്ലൂരിൽ ഒരു കോളേജിൽ വി പി അസിസ്റ്റന്റ് ആയി ജോലി ചെയ്തു. പണ്ട് സ്കൂളിൽ പഠിക്കുന്ന കാലത്തേ സംരംഭക ആകണം എന്നുള്ളത് സ്വപ്നം കണ്ടിരുന്നു. സംരംഭക മോഹം ഉള്ളിലുള്ളത് കൊണ്ടോ, മറ്റൊരാളുടെ കീഴിൽ ജോലി ചെയ്യുന്നതിന്റെ അനിഷ്ട്ടം കൊണ്ടോ, സ്വാതന്ത്ര കുറവുകൊണ്ടോ സംരംഭക എന്ന ലാബലിനോട് പ്രിയം കൂടുതലായിരുന്നു. ബാംഗ്ലൂരിലെ ജോലിക്ക് വിരാമം ഇട്ടു കൊണ്ടാണ് യാതൊരു ബിസിനസ് പശ്ചാത്തലവും ഇല്ലാതെ സ്വന്തം സംരംഭത്തിലേക്ക് തിരിഞ്ഞത്. ഇതിനെല്ലാം മൂല കാരണമായത് ടൈംസ് നൗ പേപ്പറിൽ വന്ന കാസ്റ്റ് അയൺ കുക്ക് വെയേഴ്സിനെ കുറിച്ചുള്ള ആർട്ടിക്കിൾ വായിക്കാൻ ഇടയായതാണ്. കാരണങ്ങൾ പലതും ഒന്നിച്ചപ്പോൾ ഫെറൈറ്റ് കാസ്റ്റ് അയൺ പിറന്നു.
കാസ്റ്റ് അയണിന്റെ സവിശേഷതകൾ അറിയാനായി ഇതിനെ കുറിച്ച് കൂടുതൽ പഠിച്ചു. കാസ്റ്റ് അയൺ പാത്രങ്ങൾ വേഗത്തിൽ ചൂടാകാനും ചൂട് നിലനിർത്താനും സഹായിക്കുന്നു. പലരും ഇത് വാങ്ങാൻ കാരണം ഇതിന്റെ ദീർഘകാല നിലനിൽപ്പ് തന്നെയാണ് . കൂടാതെ ആരോഗ്യകാര്യത്തിലും ഉത്തമമാണ് ഇതിലുള്ള പാചകം. കാസ്റ്റ് അയൺ പാത്രങ്ങൾ ശരിയായി സീസൺ ചെയ്താൽ അത് നോൺസ്റ്റിക് ആയി മാറുകയും ചെയ്യും. പാചകത്തിനായി വളരെ കുറച്ച് ഓയിൽ മാത്രം മതിയാകും എന്നതും ഇതിന്റെ പ്രത്യേകതയാണ്.
ഇത് വാങ്ങി ഉപയോഗിച്ചും ഗുണങ്ങൾ അറിഞ്ഞുമായിരുന്നു കാസ്റ്റ് അയൺ കുക്ക് വെയേഴ്സ് ബിസിനസിലേക്ക് ഇറങ്ങിയത്. ഭർത്താവ് ഹസ്സനും , ഭർത്താവിന്റെ സുഹൃത്തിന്റെ ഭാര്യ സോണിയും എന്തിനും ഏതിനും സഹായമായും പിന്തുണയായും കൂടെ നിന്നു.
സമാനതകൾ ഒന്നും ഇല്ലാത്ത വിശിഷ്ട ഉൽപ്പന്നമായതിനാൽ വിപണിയിൽ വലിയ വെല്ലുവിളികൾ ഒന്നും നേരിട്ടിരുന്നില്ല.
ഇതിന്റെ മാർക്കറ്റിങ്ങിലും പണമോ സമയമോ ചിലവഴിക്കേണ്ടതായി വന്നിട്ടില്ല. ഇതിനു കാരണം ഇതിന്റെ പ്രത്യേകത തന്നെയാണ്. ആവശ്യക്കാർ മാത്രമേ തേടി എത്താറുള്ളൂ. സോഷ്യൽ മീഡിയ വഴിയും ഒരുപാട് ആവശ്യക്കാർ വരുന്നുണ്ട്.
തുടക്കത്തിൽ കൂടുതലായും വാട്സ്ആപ്പ് വഴി താൻ ഉൾപ്പെട്ട കൂട്ടായ്മയിൽ മാത്രമാണ് ഇതിന്റെ കാര്യങ്ങൾ പ്രചരിപ്പിച്ചിരുന്നത് . മികച്ച പ്രതികരണങ്ങളാണ് ഷെറീനയെ മറ്റു പ്ലാറ്റ്ഫോമുകൾ കൂടി പരീക്ഷിക്കാൻ പ്രേരിപ്പിച്ചത്.
കാസ്റ്റ് അയണിനെക്കുറിച്ചും മാർക്കറ്റിങ്ങിനെ കുറിച്ചും എല്ലാം ബിസിനസിന്റെ വളർച്ചയോടൊപ്പം തന്നെയാണ് പഠിച്ചത്. എല്ലാം തികഞ്ഞ ബിസിനസ്സിലേക്ക് ഇറങ്ങിയ ഒരാളല്ല താനെന്നും എന്നാൽ ഒരു ക്വാളിറ്റി ബ്രാൻഡ് ആവണം എന്നുള്ളത് തുടക്കം മുതലേ കുറിച്ചിട്ടിരുന്നെന്നും ഷറീന ഹസ്സൻ പറയുന്നു.
കാസ്റ്റ് അയൺ കുക്ക് വെയേഴ്സിന് വാറണ്ടിയുടെ ആവശ്യം വരാറില്ല കാരണം ഇവ കൂടുതൽ ഈട് നിൽക്കുന്നവയാണ്. കൂടാതെ സാധാരണ അടുക്കള പാത്രങ്ങൾ ഡിഷ് വാഷിട്ട് കഴുകുന്ന പോലെ ഇവ കഴുകി കഴിഞ്ഞാൽ കുറച്ച് ഓയിൽ തേച്ചു കൊടുത്തു ഉണക്കിയെടുക്കണം.അല്ലാത്തപക്ഷം വേഗം തുരുമ്പിക്കാനുള്ള സാധ്യതയുണ്ട്. 750 രൂപ മുതൽ തുടങ്ങുന്നു പാത്രങ്ങളുടെ വില. കൂടുതൽ കാലം ഇവ നിലനിൽക്കുന്നു എന്ന പ്രത്യേകത തന്നെയാണ് ഉപഭോക്താക്കളെ ഇതിലേക്ക് ആകർഷിക്കുന്നതും. സർവീസിങ്ങ് ഏതു സമയവും ലഭ്യവുമാണ് . വേൾഡ് വൈഡ് ഡെലിവറിയും നൽകിവരുന്നു. ഇന്ത്യ പോസ്റ്റ് വഴിയാണ് കൂടുതലായും അയക്കാറുള്ളത്.
രണ്ടുതവണ മികച്ച വനിതാ സംരംഭകക്കുള്ള അവാർഡും ഷറീനക്ക് ലഭിച്ചിട്ടുണ്ട്. കൂടാതെ ബി. എൻ. ഐ യിലെ മെമ്പർഷിപ്പ് ബിസിനസിലും ജീവിതത്തിലും ഒരുപാട് നല്ല മാറ്റങ്ങൾ സൃഷ്ടിച്ചതായും ഇത് വലിയ മുന്നേറ്റമായി കാണുന്നു എന്നും ഷെറീന പറയുന്നു.