സഫലമാകുന്ന സ്വപ്നങ്ങള്‍
ജീവിതത്തിലെ പ്രധാനമായ ലക്ഷ്യം സന്തുഷ്ടനായിരിക്കുക എന്നതാണല്ലോ. ഓരോ ആഗ്രഹങ്ങളും സഫലമാകുമ്പോഴാണ് സന്തോഷവാനാകുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍, സമ്പത്ത്, നല്ല ബന്ധങ്ങള്‍ തുടങ്ങി സര്‍വ്വ മേഖലയിലും നിരവധി സ്വപ്നങ്ങള്‍ നമ്മള് ഓരോരുത്തര്‍ക്കുമുണ്ട്. ഓരോ മേഖലയിലെയും ലക്ഷ്യങ്ങള്‍ കൈവരിക്കുന്നവര്‍ക്കാണ് വിജയി എന്ന് പറയുന്നത്. ലക്ഷ്യങ്ങള്‍ നേടുമ്പോഴാണ് നമ്മള് സന്തോഷമുള്ളവരാകുന്നത്.
വിജയം കൈവരിക്കാന്‍ ആവശ്യമായ മൈന്റ്സെറ്റ് എങ്ങനെ കരസ്ഥമാക്കുമെന്നോ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ ക്രിയാത്മകമായി എന്തെല്ലാം ചെയ്യണമെന്നോ അറിയാത്തവരാണ് ഒട്ടുമിക്ക ആളുകളും.
നമ്മുടെ വ്യക്തി ജീവിതത്തിലോ തൊഴില്‍ മേഖലയിലോ ചെറിയ മാറ്റം പോലും കൊണ്ട് വരാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നവര്‍ക്ക് കൃത്യമായ ലക്ഷ്യം ഉണ്ടാവേണ്ടതുണ്ട്.
എന്ത് മാറ്റമാണ് വേണ്ടതെന്നും, എന്താണ് നേടിയെടുക്കേണ്ടതെന്നും, എപ്പോഴാണ് നേടേണ്ടതെന്നും, എങ്ങനെ നേടിയെടുക്കുമെന്നെല്ലാമുള്ള വ്യക്തമായ ധാരണ ഉണ്ടാവുകയും രേഖപ്പെടുത്തി വെക്കുകയുമാണ് ഗോള്‍ സെറ്റ് ചെയ്യുമ്പോള്‍ പ്രധാനമായി ചെയ്യുന്നത്.
തീവ്രമായി ആഗ്രഹിച്ചാല്‍ ലഭിക്കുമെന്നുള്ളത് എല്ലാവര്‍ക്കുമറിയുന്ന ഒരു പ്രപഞ്ചസത്യമാണ്. എന്നാല്‍ ആശിക്കുന്നതെന്തും നേടിയെടുക്കാന്‍ ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാം. തീവ്രമായി ആഗ്രഹിച്ചാല്‍ മാത്രം പോര; നേടിയെടുക്കാന്‍ ആഗ്രഹിക്കുന്നതെന്തുമാവട്ടെ അതിനോട് എത്രത്തോളം ഇഷ്ടം നമുക്കുണ്ട് അത്രയും വേഗത്തില്‍ അത് സാധ്യമാകുന്നു. ഇഷ്ടമില്ലാതെ ആര്‍ക്കോ വേണ്ടി കഷ്ടപ്പെട്ട് ചെയ്യുമ്പോള്‍ പ്രപഞ്ച ശക്തികള്‍ നമുക്കെതിരായി പ്രവര്‍ത്തിക്കുന്നു. കഷ്ടപ്പെട്ട് നേടിയെടുക്കുന്നതും ഇഷ്ടപ്പെട്ട് നേടിയെടുക്കുന്നതും തമ്മില്‍ ഒരുപാട് അന്തരമുണ്ട്. ഒരമ്മ തന്റെ കുഞ്ഞിന് അസുഖമോ മറ്റ് പ്രയാസങ്ങളോ വരുമ്പോള്‍ ഉറക്കമൊഴിച്ച് കാത്തിരിക്കുമ്പോള്‍ അല്ലെങ്കില്‍ ഭക്ഷണം പോലും കഴിക്കാതെ കാത്തിരിക്കുമ്പോള്‍ പലപ്പോഴും ക്ഷീണമറിയാറില്ല. എങ്കില്‍ അതേപോലെ നമ്മുടെ ഗോളുകളോടുള്ല ഇഷ്ടത്തിനനുസരിച്ച് അത് നേടിയെടുക്കുന്നതിന്റെ അധ്വാനം കുറയുന്നതായ് അനുഭവപ്പെടും. ചുരുക്കത്തില്‍ നേടിയെടുക്കാനാഗ്രഹിക്കുന്ന വസ്തുവിനോടുള്ള തീവ്രമായ ആഗ്രഹവും, അഗാധമായ ഇഷ്ടവും, ഉറപ്പായും നേടാന്‍ സാധിക്കുമെന്നുള്ള വിശ്വാസവുമാണ് ലക്ഷ്യങ്ങള്‍ നേടാനുള്ള പ്രധാന ഊര്‍ജ്ജം.
തീവ്രമായ സ്വപ്നങ്ങള്‍ ഉണ്ടായിട്ടും ചിലക്ക് അത് നേടിയെടുക്കാന്‍ കഴിയാതെ പോയതിന്റെ പ്രധാന കാരണം സ്വപ്നം കാണുമ്പോള്‍ ചില തെറ്റായ വിശ്വാസങ്ങളോ നെഗറ്റീവായ ചിന്തകളോ വരുമ്പോള്‍ അത് ഗോളുകള്‍ നേടുന്നതിനുള്ള പ്രധാന തടസ്സമായി മുന്നില്‍ നില്ക്കുന്നു.
ഒരു പറ്റം ആളുകളുടെ പരാതി അവര്‍ക്ക് മാറാന്‍ സാധിക്കുന്നില്ല എന്നതാണ്. എന്നാല്‍ എന്ത്മാറ്റം എപ്പോള്‍ എങ്ങനെ വേണമെന്ന രൂപരേഖ മനസ്സില്‍ ഉണ്ടാക്കുക എന്നതാണ് ആദ്യമായി ചെയ്യേണ്ടത്. അതിനായി ആഗ്രഹിക്കുന്ന മാറ്റത്തെ അല്ലെങ്കില്‍ നേടിയെടുക്കേണ്ടത് എന്തെന്നും എപ്പോള്‍ എവിടെവെച്ച് ഏത് വര്‍ഷത്തില്‍ ഏത് മാസത്തില്‍ ഏത് തിയ്യതിയില്‍ നിങ്ങള്‍ക്ക് സന്തോഷത്തോടെ അത് ലഭിക്കുന്നതായി, മാറ്റം സംഭവിക്കുന്നതായി വ്യക്തമായി എഴുതി വെക്കാനും എല്ലാ ദിവസവും അത് വായിക്കാനും ലക്ഷ്യങ്ങള്‍ നേടിയെടുക്കാനുള്ള ഊര്‍ജ്ജവും സമയവും ചെലവഴിക്കാനും ആത്മാര്‍ത്ഥമായി പരിശ്രമിക്കാനും തയ്യാറാവുകയും നിങ്ങളുടെ സ്വപ്നങ്ങള്‍ വിജയകരമായി നേടിയെടുക്കുന്നതായി വിശ്വാസപൂര്‍വ്വം തുടര്‍ച്ചയായി മനോചിത്രം കാണാനും തയ്യാറായാല്‍ നിങ്ങളുടെ സ്വപ്നങ്ങള്‍ ഒട്ടും ദൂരെയല്ല; നിങ്ങള്‍ക്കരികിലുണ്ട്.