സ്വദേശം എവിടെയാണ്. വീട്ടുകാരെ കുറിച്ചും യഥാർത്ഥ കരിയറിനെ കുറിച്ചും പറയാമോ ?
കോഴിക്കോട് കൊയിലാണ്ടി ആണ് സ്വദേശം. വീട്ടിൽ അമ്മ അച്ഛൻ ഭാര്യ ഒരു മകൻ. ചെറിയ കുടുംബം സന്തുഷ്ട കുടുംബം. പ്രൊഫഷൻ നോക്കുമ്പോൾ ഞാൻ സിവിൽ എഞ്ചിനീയർ ആയിരുന്നു. ഭാര്യ ഫാഷൻ ഡിസൈനിങ് കഴിഞ്ഞ ആളാണ് പക്ഷേ എവിടെയും ജോലി ചെയ്തിട്ടില്ല. ഇപ്പോൾ രണ്ട് പേരും മുഴുവൻ സമയ സോഷ്യൽ മീഡിയ ക്രീയേറ്റർസ് ആണ്.
എവിടെ നിന്നുമായിരുന്നു നിങ്ങളുടെ യൂട്യൂബ് കരിയറിന്റെ തുടക്കം?
ഭാര്യ സെൻസ്രീ ആണ് യൂ ട്യൂബ് ചാനലിന് തുടക്കമിട്ടത്. നിലവിൽ രണ്ട് ചാനലുകൾ ആണുള്ളത്, sensree001 ആണ് ആദ്യം തുടങ്ങിയ ചാനൽ അതിൽ നിന്നും കുറച്ച് വരുമാനം ലഭിച്ചു തുടങ്ങിയപ്പോൾ ആണ് maneesh_vishnu എന്ന ചാനൽ തുടങ്ങിയത്. രണ്ടിലും ഫാമിലി വീഡിയോകളും കൺടെന്റുകളും ആണ് ചെയ്യാറുള്ളത്.
സെൻസ്രീ എന്നത് യഥാർത്ഥ പേരാണോ? പേരിന്റെ അർത്ഥം?
സെൻസ്രീ എന്നുള്ളത് യഥാർത്ഥ പേര് തന്നെയാണ്, പലരും ചോദിക്കാറുണ്ട് ചാനലിന് വേണ്ടി ഇട്ട പേരാണോ എന്ന്. സെൻസ്രീയുടെ അച്ഛന്റെയും അമ്മയുടെയും പേരുകൾ കൂട്ടി ആണ് ഈ പേരിട്ടത് ആൾക്ക്.
യൂട്യൂബ് എന്ന ഒരു വഴി തിരഞ്ഞെടുക്കാൻ ഉണ്ടായ കാരണം.
ടിക് ടോക് ഉള്ള സമയം മുതലേ ഞങ്ങൾ ആക്റ്റീവ് ആയിരുന്നു. ടിക് ടോക്കിൽ നിന്നും പിന്നീട് ഇൻസ്റ്റയിലേക്ക് എത്തി. യൂട്യൂബ് ആദ്യം തുടങ്ങിയത് ഭാര്യ ആയിരുന്നു പിന്നീട് ഞങ്ങൾ എല്ലാവരും അതിലേക്ക് എത്തി. എല്ലാ കോൺടെന്റുകളും ഒരുമിച്ചാണ് ചെയ്യാറുള്ളത്.
എങ്ങനെ സാധിക്കുന്നു വീട്ടിൽ ഉള്ള എല്ലാവരെയും കൂട്ടി കൺടെന്റുകൾ ഉണ്ടാക്കാൻ?
എല്ലാവരുടെയും സമീപനം എങ്ങനെ ആയിരുന്നു ആദ്യമെല്ലാം?
ആദ്യം വീഡിയോകൾ എടുക്കുന്ന സമയത്ത് ഞാനും ഭാര്യയും മാത്രം ആയിട്ടായിരുന്നു ചെയ്യാറ്. പിന്നീടാണ് അമ്മ ഇതിലേക്ക് വന്നത്. തുടക്കത്തിലൊക്കെ ചെറിയ മടി ഉണ്ടായിരുന്നു, ശരിയാകുമോ എന്നുള്ള സംശയങ്ങൾ ഉണ്ടായിരുന്നു അമ്മയ്ക്ക്. പിന്നെ അമ്മ വളരെ നാച്ചുറൽ ആയി തന്നെ ചെയ്യാൻ തുടങ്ങി, അമ്മയും ഒരുപാട് ആസ്വദിക്കാൻ തുടങ്ങി. അച്ഛനും വീഡിയോകളിൽ ഉണ്ടാവാറുണ്ട് പക്ഷേ ജോലി തിരക്കുകൾ കാരണം എപ്പോഴും അച്ഛനെ കിട്ടാറില്ല. നല്ല പ്രോത്സാഹനവും പിന്തുണയുമാണ് വീട്ടുകാരുടെ ഭാഗത്ത് നിന്നും ഉള്ളത്, അതുകൊണ്ട് മാത്രമാണ് ഈ ഒരു രീതിയിൽ ഞങ്ങൾക്ക് വളരാൻ കഴിഞ്ഞതും.
നിലവിൽ എത്ര സബ്സ്ക്രൈബേർസുണ്ട് ? യൂട്യൂബിൽ ഏത് ലെവലിലാണ് ഇപ്പോൾ നിങ്ങളുടെ ചാനൽ?
നിലവിൽ maneesh_vishnu എന്ന ചാനലിന് 7.3 മില്യൺ സബ്സ്ക്രൈബ്ഴ്സും, sensree001ന് 2.5 മില്യൺ സബ്സ്ക്രൈബ്ഴ്സും ഉണ്ട്. സിൽവർ പ്ലേയ് ബട്ടൺ വരെ എത്തി നിൽക്കുന്നു.
യൂട്യൂബ് വരുമാനത്തിന് പുറമെ മറ്റ് എന്തെങ്കിലും ബിസിനസുകൾ ഉണ്ടോ? ഉണ്ടെങ്കിൽ അതിന്റെ വിശേഷങ്ങൾ ഒന്ന് പങ്കുവെക്കാമോ?
നിലവിൽ യൂട്യൂബ് സോഷ്യൽ മീഡിയ വരുമാനം മാത്രമാണ് ഉള്ളത്. ഇതൊരു മുഴുവൻ സമയം ജോലി പോലെ തന്നെയാണ് ഞങ്ങൾക്ക് എല്ലാ ദിവസവും വീഡിയോകൾ ചെയ്യാറുണ്ട്. അതിന് വേണ്ടി ഒരുപാട് എഫോർട്ട് ഇടാറുണ്ട്. ചിലപ്പോൾ വീട്ടിൽ നിന്നും തന്നെ ചെയ്യും ചിലപ്പോൾ കുടുംബത്തോടൊപ്പം ഓരോ സ്ഥലത്ത് പോയി ചെയ്യാറുണ്ട്.
യൂട്യൂബിൽ വീഡിയോ ചെയ്യാനുള്ള ക്രീയേറ്റീവ് കൺടെന്റുകൾ എങ്ങനെയാണ് കണ്ടെത്തുന്നത്?
കാണുന്ന കാഴ്ചകൾ, അനുഭവങ്ങൾ, കർമങ്ങൾ ഇവയൊക്കെ ആണ് വീഡിയോകൾ ആയി ചെയ്യാറുള്ളത്. ആദ്യമൊക്കെ കോപ്പി അടിച്ചു കൺടെന്റ് ചെയ്യാറുണ്ട്, പിന്നീട് സ്വന്തമായി ക്രിയേറ്റ് ചെയ്യാൻ തുടങ്ങി. സ്വന്തം ക്രിയേറ്റ് ചെയ്യുന്ന കൺടെന്റുകൾക്ക് റീച്ച് കൂടുതൽ ലഭിക്കുന്നത് ശ്രദ്ധയിൽ പെട്ടപ്പോൾ കൂടുതൽ കൺടെന്റും ഇപ്പോൾ സ്വയം സൃഷ്ടിക്കുന്നവ ആണ്. ഞാനും ഭാര്യയുമാണ് കൺടെന്റുകൾ ക്രീയേറ്റ് ചെയ്യാറ് അമ്മയും അച്ഛനും പിന്നീട് അതിന്റെ ഒരു ഭാഗമാവാറാണ് പതിവ്. കൂടുതലും നടന്ന കാര്യങ്ങൾ തന്നെയാണ് കൺടെന്റ് ആയി എടുക്കാറ്.
ഇപ്പോൾ മാസം ഏകദേശം എത്ര വരുമാനം യൂട്യൂബിൽ നിന്നും ലഭിക്കുന്നു? യുട്യൂബിൽ നിന്നും ലഭിച്ച നേട്ടങ്ങൾ ?
ജോലി ചെയ്യുമ്പോൾ ലഭിച്ചിരുന്നതിന്റെ ഇരട്ടി വരുമാനം ഇപ്പോൾ യുട്യൂബിൽ നിന്നും ലഭിക്കുന്നുണ്ട്. അതിനു വേണ്ടി ഒരുപാട് എഫോർട്ടും ഇടുന്നുണ്ട്. ദിവസവും കോൺസിസ്റ്റന്റ് ആയി ചെയ്താൽ മാത്രമേ വരുമാനം നിലനിർത്താൻ പറ്റുകയുള്ളു. അതുകൊണ്ട് തന്നെ ഒരു ദിവസം പോലും മുടങ്ങാതെ വീഡിയോകൾ ചെയ്യാറുണ്ട്. എല്ലാവർക്കും ഇഷ്ടപ്പെടുന്ന സന്തോഷിപ്പിക്കുന്ന ഒരു എന്റർടെയ്ൻമെന്റ് ചാനൽ ആക്കി ഇതിനെ മുന്നോട്ട് കൊണ്ടുപോകുവാനാണ് ആഗ്രഹം. നിലവിൽ മൂന്ന് സിൽവർ പ്ലേയ് ബട്ടണും കൂടാതെ രണ്ട് ഗോൾഡൻ പ്ലേയ് ബട്ടണും ആണ് ഞങ്ങൾക്ക് ലഭിച്ചിട്ടുള്ളത്, കൂടാതെ നോർത്ത് കേരളയുടെ ഡയറക്റ്റ് യൂട്യൂബ് നോർത്ത് കേരള സിറ്റി അംബാസഡർ എന്ന പദവിയും ലഭിച്ചു. 2024 സോഷ്യൽ മീഡിയ അവാർഡ്സിൽ ബെസ്റ്റ് ഫാമിലി വ്ലോഗ്ഗർ അവാർഡും സ്വന്തമാക്കാൻ സാധിച്ചു.
സെൻശ്രീയുടെയും മനീഷിന്റെയും ഭാവി പ്ലാനുകൾ…
ഇപ്പൊൾ 7 മില്യൺ സബ്സ്ക്രൈബ്ർസ് ഉള്ള ചാനൽ 10മില്യൺ സബ്സ്ക്രൈബ്ർസ് ആക്കി എടുക്കണം എന്നുള്ളതാണ് വലിയ ആഗ്രഹം. അതിന് വേണ്ടി കഷ്ടപ്പെടണം. സ്വന്തമായി ഒരു വീട് എന്ന ആഗ്രഹം നടത്തണം. എല്ലാവരെയും പോലെ കുടുംബത്തിനും മകനും വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്.
പുതിയതായി വരുന്ന ക്രിയേട്ടഴ്സിനോടായി…
റീച്ച് എന്ന് പറയുന്നത് ഒരു സുപ്രഭാതത്തിൽ ഉണ്ടാകുന്ന ഒന്നല്ല. തുടർച്ചയായ അധ്വാനത്തിന്റെ ഫലം ആണത്. നല്ല കോൺടെന്റുകൾ നല്ല ക്വാളിറ്റിയിൽ ദിവസവും ഇട്ടാൽ എന്തായാലും എന്നായാലും ഫലം ഉറപ്പാണ്.
ഇത്രയും പിന്തുണച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നു. വെറും 18,000 രൂപ ശമ്പളം വാങ്ങിയിരുന്നു സമയത്ത് വാടകക്ക് താമസിക്കുക ആയതിനാലും എല്ലാ ചിലവുകളും കഴിഞ്ഞു കുടുംബത്തിന് വേണ്ടി ഒന്നും മാറ്റി വെക്കാൻ കഴിയാറില്ലായിരുന്നു. ഇപ്പോൾ എല്ലാവരുടെയും സ്നേഹം കൊണ്ട് നല്ല രീതിയിൽ മുന്നോട്ട് പോകുവാൻ കഴിയുന്നു. എന്റെ ജീവിതത്തിൽ വലിയ ഭാഗ്യമായി കാണുന്നത് എന്റെ ഭാര്യയെ ആണ്, എന്റെ എല്ലാ വിജയത്തിന് പിന്നിലും ഭാര്യയാണ്. ഞങ്ങൾ രണ്ടാളുടെയും വിജയത്തിന്റെ പിന്നിൽ അമ്മയുടെ പ്രാർത്ഥനയാനുള്ളത്. ഈ ജീവിതത്തിൽ ഭാര്യയോടും അമ്മയോടും എന്നും കടപ്പെട്ടിരിക്കുന്നു.