മാർക്കറ്റുകളിൽ ഏറ്റവും കൂടുതൽ മാറ്റത്തിനു വിധേയമായി കൊണ്ടിരിക്കുന്ന ഉൽപ്പന്നങ്ങളാണ് സൗന്ദര്യവർദ്ധക വസ്തുക്കൾ. പുരാതന കാലം മുതൽ തുടങ്ങിയ സൗന്ദര്യ സങ്കല്പ നിർവചനങ്ങളും, സൗന്ദര്യം വർദ്ധിപ്പിക്കാൻ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങളും കാലാതീതമായ മാറ്റങ്ങളിലൂടെ കടന്നുപോയി ആധുനികതയിൽ എത്തിനിൽക്കുമ്പോൾ വീക്ഷിക്കാൻ സാധിക്കുന്നത് നിർവചനതീതമായ മാറ്റങ്ങളാണ്.
രൂപത്തിലും ചേരുവകളിലുമെല്ലാം അടി മുടി മാറ്റങ്ങൾ വന്ന സൗന്ദര്യ വർദ്ധക വസ്തുക്കളിളോടോപ്പം സൗന്ദര്യമെന്നത് കേവലം ബാഹ്യഭംഗിയല്ല എന്ന തിരിച്ചറിവിലേക്ക് എത്തിയിരിക്കുന്നു നാം.
ആലപ്പുഴ വളവനാട് സ്വദേശി അനു കണ്ണനുണ്ണിയുടെ അനൂസ് ഹെർബ്സ് എന്ന സംരംഭം ചുരുങ്ങിയ കാലത്തിനുള്ളിൽ കോസ്മെറ്റിക്സ് ബ്രാൻഡുകളുടെ മുൻനിരയിൽ ശ്രദ്ധ പിടിച്ചിരിക്കുന്നത് ഈ ഒരു തിരിച്ചറിവിനടിസ്ഥാനമാക്കി തന്റെ സംരംഭത്തിന്റെ ഓരോ കല്ലുകളും അടുക്കി വെച്ചതിനാലാണ്.
അനൂസ് ഹെർബ്സിന്റെ സ്ഥാപകയും സിഇഒയും കൂടിയായ അനുകണ്ണനുണ്ണി 2018ൽ ആണ് സംരംഭത്തിന് തുടക്കം കുറിച്ചത്.
സ്വന്തമായി വരുമാന മാർഗം ഉണ്ടാവുക എന്നത് പഠിക്കുമ്പോൾ എടുത്ത ഒരു ദൃഢനിശ്ചയം ആയിരുന്നു. വിവാഹത്തിനു മുൻപേ ഒരു ജോലി വേണം എന്നുള്ള ആഗ്രഹത്താൽ നമ്മുടെ നാട്ടിലെ പതിവ് ചിട്ട പോലെ ഗവൺമെന്റ് ജോലികൾക്കായി ശ്രദ്ധ കേന്ദ്രീകരിച്ചു പഠിച്ചു. പല ലിസ്റ്റുകളിൽ ഉൾപ്പെട്ടെങ്കിലും കാലതാമസം, ലിസ്റ്റുകളുടെ കാലാവധി കഴിയുക തുടങ്ങിയ കാരണത്താൽ ജോലി എന്ന സ്വപ്നം നീണ്ടുപോയപ്പോൾ സ്വകാര്യ മേഖലകളിൽ ജോലി നോക്കി തുടങ്ങി. ഒടുക്കം ആകാശവാണിയിൽ അനൗൺസർ ആയി ജോലിയിൽ കയറി. ആകാശവാണിയിൽ പ്രവർത്തിക്കുന്ന സമയത്തായിരുന്നു പങ്കാളിയെ കണ്ടുമുട്ടിയതും. ആർ ജെ കണ്ണനുണ്ണിയുമായുള്ള വിവാഹ ശേഷമാണ് സംരംഭത്തെക്കുറിച്ച് ആലോചിച്ചതും അനൂസ് ഹെർബ്സിന് തുടക്കം കുറിച്ചതും .
ചെറുപ്പം മുതലേ ബ്യൂട്ടി ഇൻഡസ്ട്രിയൽ തല്പരകക്ഷിയായിരുന്ന അനു ഇതിലെ പുതുമകളെയും ഈ മേഖലയിൽ ശോഭിക്കുന്നവരെയും സൂക്ഷ്മമായി വീക്ഷിക്കാറുണ്ടായിരുന്നു.
ലോകത്തിന്റെ നെറുകയിൽ ഇന്ത്യൻ ബ്യൂട്ടി പ്രോഡക്ടുകൾ എത്തിച്ച ഇന്ത്യൻ സൗന്ദര്യ സംരംഭക റാണി എന്ന് വിശേഷിപ്പിക്കാവുന്ന ഷഹനാസ് ഹുസൈനിന്റെ പ്രചോദനാത്മകമായ കഥ അനുവിനെ ഏറെ ആവേശം കൊള്ളിച്ചിരുന്നു.
താനൊരു സംരംഭം തുടങ്ങുന്നുണ്ടെങ്കിൽ ഈ ഒരു മേഖലയെ തന്നെയായിരിക്കും പ്രഥമ പരിഗണനയിൽ വെയ്ക്കുക എന്നും ഉറപ്പിച്ചിരുന്നു. എന്നാൽ ഇതിലേക്കുള്ള കടന്നുവരവ് തികച്ചും യാദൃശ്ചികം ആയിരുന്നു. പ്രസവാനന്തരമായി ഉണ്ടായ ചില പാടുകളും കലകളുമായി മായിച്ചു കളയാൻ താൻ തന്നെ ഉണ്ടാക്കിയ പ്രോഡക്റ്റ് ഫലം കണ്ടതോടെ ഇതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി. പിന്നീട് അനുവിന്റെ ബ്യൂട്ടി പ്രോഡക്ടുകൾ ഒന്നൊന്നായി പിറവി എടുക്കാൻ തുടങ്ങി. പൂർണ്ണ പിന്തുണയേകി ഭർത്താവും കുടുംബവും കൂടെ നിന്നു.
18ലധികം പ്രകൃതിദത്ത സൗന്ദര്യവർദ്ധക വസ്തുക്കളുമായി അനൂസ് ഹെർബ്സ് മാജിക് ഇന്ന് വിപണി ഭരിക്കുന്നു.
ഇതിനിടയിൽ കോസ്മെറ്റോളജി സ്കിൻ സയൻസിൽ ഡിപ്ലോമയും നേടി അനു. ഓരോ വ്യക്തികളുടെയും ഓരോ പ്രശ്നപരിഹാരമായാണ് അനുവിന്റെ ഓരോ ഉൽപ്പനങ്ങളും പിറവിയെടുക്കുന്നത്.
എല്ലാവിധ സൗന്ദര്യ പ്രശ്നപരിഹാരത്തിനുമായി ഒരിക്കലും അനു തന്റെ ഉൽപ്പന്നങ്ങൾ നിർദ്ദേശിക്കാറില്ല. പരിഹാരം ലഭിക്കാത്തവർക്കായി ഡെർമറ്റോളജിസ്റ്റിനെ സമീപിക്കാൻ പറയാറുണ്ട്.
2018 ൽ ഒറ്റമുറി കെട്ടിടത്തിൽ നിന്നും 1400 സ്ക്വയർഫീറ്റിലേക്ക് വളർന്നിരിക്കുന്നു അനൂസ് ഹെർബ്സ്.
അനൂസ് ഹെർബ്സിന്റെ ഉൽപ്പന്നങ്ങൾ ഉപയോഗിച്ചവരുടെ പോസിറ്റീവായ അഭിപ്രായങ്ങൾ തന്നെയാണ് മുന്നോട്ടുള്ള അനുവിന്റെ ഊർജ്ജവും ആത്മവിശ്വാസവും.
ഓരോ വ്യക്തിക്കും അവരുടേതായ സൗന്ദര്യമുണ്ട്, ബാഹ്യമായ കാര്യങ്ങളെ മാത്രം ആശ്രയിച്ചല്ല സൗന്ദര്യം നിലകൊള്ളുന്നത്. ശരിയായ ആരോഗ്യം,ഉന്മേഷമുള്ള മനസ്സ്, നല്ല ചിന്തകൾ പിറക്കുന്നിടം എന്നിവ ചേർന്നതാണ് സുന്ദരം.
ഇതിനായി ആഹാരത്തിലൂടെ ആരോഗ്യം എന്ന ആപ്തവാക്യവുമായി ആരോഗ്യരംഗത്തും ന്യൂട്രീഷൻ രംഗത്തും പുതിയ ചുവടുവെപ്പുമായി അനുക എന്ന മറ്റൊരു അനുബന്ധ സ്ഥാപനം കൂടി തുടങ്ങിയിട്ടുണ്ട്.
ഹണി,മില്ലറ്റ് മീൽ,ഗ്രീൻ ഡിറ്റോക്സ് തുടങ്ങിയ ഭക്ഷ്യോൽപന്നങ്ങളുടെ ശ്രേണിയാണ് ഇവിടെ വിൽക്കപ്പെടുന്നത്.
കോവിഡ് സമയം എല്ലാ ബിസിനസിനെയും പോലെ അനൂസ് ഹെർബ്സിനെയും ബാധിച്ചിരുന്നു. എന്നാൽ ഭയമല്ല ജാഗ്രതയാണ് വേണ്ടത് എന്ന് പറയും പോലെ ആ സമയത്തെ അങ്ങനെ തന്നെയാണ് കണ്ടിരുന്നത്.
മികച്ച സംരംഭകയ്ക്കുള്ള 2021ലെ ഗാന്ധി അവാർഡ്, 2022ലെ റെഡ് എഫ്എം വിമൻ എംപവർമെന്റ് അവാർഡ്, 2023ലെ നെഹ്റു ഫൗണ്ടേഷന്റെ മികച്ച സംരംഭക അവാർഡ്, എം എസ് എം ഇയും സ്വാവലംബി അഭിയാനും ചേർന്ന് നൽകിയ ഉദ്യമതാ പുരസ്കാരം എന്നിവയ്ക്ക് അനു അർഹയായിട്ടുണ്ട്.
തന്റെ രണ്ട് സംരംഭങ്ങളെയും ലോകോത്തര നിലവാരത്തിൽ എത്തിക്കണം എന്നുള്ളതാണ് ഇപ്പോൾ സംരംഭക കാണുന്ന തീവ്രമായ സ്വപ്നം.