കൊറോണ എന്ന മഹാമാരി നമ്മുടെ എല്ലാം കച്ചവടത്തെ താളം തെറ്റിച്ചു കളഞ്ഞപ്പോൾ ഇത് പുതിയൊരു മേഖല ആയ ഹോം ബേക്കിങ്ങ് സ്ത്രീകൾക്കായി തുറന്ന് നൽകി. പല സ്ത്രീകളും ഹോം ബേക്കിങ്ങ് രംഗത്ത് കൂടുതലായി തങ്ങളുടെ ആധിപത്യം സ്ഥാപിക്കുകയും അവരുടെ അടുക്കളകളെ ഹോം ബേക്കിംഗ് ബിസിനസ്സ് സ്ഥാപനങ്ങളായി മാറ്റുകയും ചെയ്തു .
വ്യക്തിപരമായ സംതൃപ്തി എന്നതിലുപരി സ്ത്രീകൾക്കുണ്ടായ സാമ്പത്തിക ശാക്തീകരണം എന്നിവയെല്ലാം സ്ത്രീകൾ ഹോം ബേക്കിങ്ങ് വ്യവസായത്തിൽ നിന്നും ലാഭം കൊയ്യുന്നതിന്റെ തെളിവാണ്. കോഴിക്കോട് തിക്കോടിയിലെ ഹോം ബേക്കർ ആയ ഫഹിമയും ഈ മേഖലയിൽ മിന്നും വിജയം നേടിയ സംരംഭകയാണ്. ഫഹിമ തന്റെ ബിസിനസ്സ് തുടങ്ങിയിട്ട് നാല് വർഷം പിന്നിട്ടിരിക്കുന്നു. ബിബിഎ ബിരുദം നേടിയ ഫഹിമ ഈ ഒരു മേഖലയിലേക്ക് വരുന്നതിനോട് കുടുംബത്തിന് താല്പര്യം കുറവായിരുന്നു ആദ്യമെല്ലാം. കൂടെ നിന്ന ഉറ്റ സുഹൃത്തുക്കൾ പോലും മാഞ്ഞു പോയ സമയത്ത് കൈത്താങ്ങായി ആകെ ഉണ്ടായിരുന്നത് ഉമ്മയും രണ്ട് ചങ്ങാതിമാരും മാത്രമായിരുന്നു. ഒരു നേരം പോക്കായി ചെയ്ത് വന്ന ബേക്കിങ്ങ് തന്റെ കരിയർ ആക്കാനുള്ള തീരുമാനം എടുത്തത് വളരെ ആലോചിച്ചായിരുന്നു. തുടക്കത്തിൽ കേക്കുകൾ ഉണ്ടാക്കി കൂട്ടുകാർക്കും സഹോദരങ്ങൾക്കുമെല്ലാം നൽകുമായിരുന്നു. അവരുടെ പലരുടെയും പിന്തുണയും സഹായവും അഭിപ്രായങ്ങളുമാണ് ഇതൊരു ജോലി ആയി തന്നെ തുടങ്ങാൻ തീരുമാനിക്കാനുള്ള ശക്തി നൽകിയത്. ഓൺലൈൻ ആയി Zen Bakes എന്ന പേജ് വഴി വില്പന തുടങ്ങി.
ഈ മേഖലയിൽ ഒരുപാട് മത്സരങ്ങൾ ഉണ്ടായിരുന്ന സമയ്യത്തായിരുന്നു ഫഹിമ ഈ മേഖലയിലേക്ക് ചുവടു വെച്ചത്. തന്റെതായ തനത് രുചികൂട്ടുകളാണ് ഫഹിമയുടെ കേക്കിന് ജനപ്രീതി നേടി കൊടുത്തത്. കഴിച്ചവരെല്ലാം മനസ്സ് നിറഞ്ഞ അഭിപ്രായങ്ങളാണ് ഫഹിമക്ക് നൽകിയത്.
വേറിട്ട രീതിയിൽ ഫഹിമ ഉണ്ടാക്കിയ ചോക്കോ സ്വിറിൽ കേക്ക് ഈ അടുത്ത് വിപണിയിൽ ഇറക്കുകയും പല യൂട്യൂബർമാരും അതിനെ കുറിച്ച് വീഡിയോകൾ ഇടുകയുമൊക്കെ ഉണ്ടായത് ഈ ഒരു ബിസിനസ്സിൽ വലിയൊരു കുതിപ്പ് നടത്താൻ ഫഹിമയെ സഹായിച്ചു. നിലവിൽ ചോക്ലേറ്റ് ബ്രൗണികൾ, പുഡ്ഡിങ്ങുകൾ, പാർട്ടി ഓർഡറുകൾ, ഹാംപറുകൾ എന്നിവ എല്ലാം നൽകി വരുന്നു Zen Bake എന്ന ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ. ഉടനെ തന്നെ ഒരു ഇവന്റ് മാനേജ്മെന്റ് കൂടി തുടങ്ങാൻ ഉള്ള ഉദ്ദേശത്തിലാണ്. ഒരു തരത്തിലുമുള്ള സാമ്പത്തിക നിക്ഷേപങ്ങൾ ഇല്ലാതെയായിരുന്നു ഫഹിമയുടെ Zen Bake എന്ന ആശയം ഒരു ബിസിനസ്സ് ആയത് . തുടങ്ങിയപ്പോൾ ഒരു ടേൺ ടേബിളും ഐസിംഗ് കത്തിയും മാത്രമായിരുന്നു കയ്യിലുള്ള ഉപകരണങ്ങൾ, ഇപ്പോൾ ബേക്കിങ്ങിനു ആവശ്യമായ എല്ലാ ഉപകരണങ്ങളും ഇതിൽ നിന്നു കൊണ്ട് തന്നെ വാങ്ങാൻ സാധിച്ചു.
ലാഭം എന്നത് മാത്രം മുന്നിൽ കാണാതെ ഒരു വേറിട്ട രുചി ഉപഭോക്താക്കൾക്ക് നൽകാൻ ശ്രമിക്കാറുണ്ട് ഫഹിമ കൂടാതെ തന്റെ കേക്കുകൾ കൂടുതലും ഹോം മെയ്ഡ് ആയും രാസ പദ്ധാർത്ഥങ്ങൾ ചേർക്കാതെയുമാണ് നൽകി വരുന്നത്. കുട്ടികൾക്കെല്ലാം കഴിക്കാൻ പറ്റിയ ഹെൽത്തി ആയിട്ടുള്ള ചേരുവകൾ ഉപയോഗിച്ചാണ് കേക്ക് ഉണ്ടാക്കുന്നത്. നിലവിൽ ഭർത്താവിന്റെയും സ്വന്തം വീട്ടുകാരുടെയും അകമഴിഞ്ഞ പിന്തുണയോടെ മുന്നോട്ട് പോകുന്ന ഫഹിമക്ക് ഭാവിയിൽ ഒരു ഷോപ്പ് എന്ന രീതിയിലെക്ക് ഈ ഒരു ഓൺലൈൻ സംരംഭത്തെ വളർത്തണം എന്ന ലക്ഷ്യമാണുള്ളത് .