ആവശ്യത്തിനായി ദുബായിൽ നിന്ന് എത്തിയ സജീവന്റെ ഫോൺ കോൾ!!!
ഞാനിപ്പോൾ ലാൻഡ് ചെയ്തേ ഉള്ളൂ. അസഹ്യമായ ചെവി വേദന ഒരു പോം വഴി പറഞ്ഞു തരണേ മാഡം.നാളെ വീണ്ടും ഒരു സിംഗപ്പൂർ യാത്രയുണ്ട്.
രോഗവിവരം ചോദിച്ചു മനസ്സിലാക്കിയപ്പോൾ തന്നെ രോഗത്തെക്കുറിച്ച് ഒരു ധാരണ കിട്ടി.
എന്നാലും ഒ.പി യിൽ വന്ന് ഒന്ന് കാണിക്കാൻ പറഞ്ഞു.
അധികം വൈകാതെ തന്നെ സജീവൻ എത്തി.
ഉപകരണങ്ങൾ വെച്ച് പരിശോധിച്ചു നോക്കിയപ്പോൾ ചെവിയുടെ പാട അഥവാ കർണ്ണപടം ചുവന്നിരിക്കുന്നു. Otitic baro trauma എന്നാണ് ഈ ഒരു അവസ്ഥയെ വിശേഷിപ്പിക്കുന്നത്.
ചെവിയുടെ ഉള്ളിലെ മർദ്ദത്തെ സന്തുലിതാവസ്ഥയിൽ നിലനിർത്താൻ eustachian tube പരാജയപ്പെടുമ്പോഴാണ് ഈയൊരു അവസ്ഥയുണ്ടാവുന്നത്.
മൂക്കും ചെവിയും തമ്മിൽ ബന്ധിപ്പിക്കുന്ന eustachian ട്യൂബ് ആണ് ചെവിയുടെ അകത്തും പുറത്തും ഉള്ള മർദ്ദത്തെ നിയന്ത്രിക്കുന്നത്.
സാധാരണഗതിയിൽ eustachian ട്യൂബ് എപ്പോഴും അടഞ്ഞാണ് ഇരിക്കുന്നത്. കൃത്യമായുള്ള കേൾവിക്ക് കർണ്ണപടത്തിനകത്തും പുറത്തുമുള്ള മർദ്ദം ഒരേ പോലെ ആയിരിക്കണം.
ഫ്ലൈറ്റിൽ യാത്ര ചെയ്യുമ്പോൾ വിമാനം താഴുന്ന സമയത്ത് മൂക്കിന്റെ പിന്നിലുള്ള മർദ്ദം ക്രമാതീതമായി വർദ്ധിക്കുന്നു. ഇത് ചെവിയുടെ ഉള്ളിലുള്ള മർദ്ദത്തേക്കാൾ ഒരുപാട് കൂടുമ്പോൾ ET lock ആവുന്നു. ഇത് ചെവിയുടെ ഉള്ളിൽ( മധ്യ ചെവിയിൽ )നെഗറ്റീവ് പ്രഷർ ഉണ്ടാക്കുകയും ചെവിയുടെ കർണ്ണപടം ഉള്ളിലേക്ക് വലിഞ്ഞു ചെവിയുടെ ഉള്ളിൽ അണുബാധ ഇല്ലാതെ തന്നെ നീർക്കെട്ട് ഉണ്ടാവുന്നു.
ഇത്തരം പ്രശ്നങ്ങൾ സാധാരണ കൂടുതലായി കണ്ടുവരുന്നത് താഴെപ്പറയുന്നവരിലാണ്.
1.മൂക്കിൽ അലർജി അഥവാ അലർജിക് റൈനൈറ്റിസ് ഉള്ളവർ.
2. സൈനുസൈറ്റിസ്
3. ചെറിയ ജലദോഷ പനി ഉള്ളവർ.
4. പുകവലി ശീലമുള്ളവർ
5. ഗർഭിണികളായ സ്ത്രീകൾ
6. മുച്ചിറി / മുറി അണ്ണാക്ക് തുടങ്ങിയവയ്ക്ക് ശസ്ത്രക്രിയ ചെയ്തിട്ടുള്ളവർ.
അസഹ്യമായ ചെവി വേദന,
ചെവിയിൽ മർദ്ദം അനുഭവപ്പെടുക,
ചെവിയിൽ അടപ്പ്,
ചെവിയിൽ മൂളൽ ,
കേൾവിക്കുറവ് ,
തലകറക്കം തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങൾ.
മധ്യഭാഗത്തെ ചെവിയിൽ ഉണ്ടാവുന്ന വാക്വം വീണ്ടും കൂടുകയാണെങ്കിൽ ചില അവസരത്തിൽ കർണ്ണപടം പൊട്ടുന്ന അവസ്ഥയും ഉണ്ടാവാം.
ഒരു ENT ഡോക്ടർക്ക് ചെവി പരിശോധിച്ചാൽ ഈ പ്രശ്നം ഉണ്ടോയെന്ന് കണ്ടുപിടിക്കാം.
കൃത്യമായ മരുന്നുകൾ കൊണ്ട് വളരെ എളുപ്പത്തിൽ ഇത് ഭേദപ്പെടുത്താം.
എന്നാൽ പാടയ്ക്ക് പൊട്ടൽ ഉണ്ടാകുമ്പോഴും മറ്റും കുറച്ചധികം ദിവസം ചികിത്സയ്ക്കായി വേണ്ടി വന്നേക്കാം.
ചിലപ്പോൾ ചെവിയിലെ ചെറിയൊരു സർജറി വഴി ഈ നീര് എടുക്കേണ്ടതായും വരും.
Otitic baro trauma വരാതിരിക്കാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം?
1. ചെറിയ ജലദോഷപ്പനിയോ മറ്റോ ഉള്ളപ്പോൾ യാത്ര ഒരു രണ്ട് ദിവസത്തേക്ക് മാറ്റി വയ്ക്കുക.
2. വിമാനം താണു പറക്കുന്ന സമയത്ത് ഇടയ്ക്കിടെ തുപ്പൽ ഇറക്കുക.
( വായിൽ ചെറിയ മിഠായിട്ട് അലിയിച്ചു കഴിക്കാം അല്ലെങ്കിൽ ഒരു ച്യൂയിങ്ഗം ചവയ്ക്കുകയും ആകാം.)
3.വിമാനം ഇറങ്ങുന്ന സമയത്ത് ഒരിക്കലും ഉറങ്ങാതിരിക്കുക
4. മൂക്കും വായും അടച്ചുപിടിച്ച് ശാസ്വം എടുത്ത ശേഷം ചെവിയിലേക്ക് മർദ്ദം വരുന്നതുപോലെ കവിൾ വീർപ്പിക്കുക.
ഇത് ഇടയ്ക്കിടെ ചെയ്യുക(valsalva manouvre)
5.മുമ്പുള്ള യാത്രകളിൽ സമാന അനുഭവം ഉണ്ടായിട്ടുണ്ടെങ്കിൽ നേരത്തെ തന്നെ ഡോക്ടറെ കണ്ട് ചികിത്സ തുടങ്ങുക.
6. മൂക്കിലെ അലർജി, സൈനുസൈറ്റിസ്, മൂക്കിലെ ദശ എന്നിവയ്ക്ക് കൃത്യമായ ചികിത്സ എടുക്കുക.