1. ഷിയാസ് എന്ന വ്യക്തി, വീട്ടുക്കാർ, നാട്ടുകാർ ഇവയെ കുറിച്ച് ഒന്ന് പറയാമോ?
ഷിയാസ് കരിം എന്ന ഞാൻ ഒരു പെരുമ്പാവൂർക്കാരനാണ്. വീട്ടിൽ ഉമ്മ, അനിയൻ, അനിയത്തി ആണുള്ളത്. അനിയൻ ഒരു ജിം ട്രൈനെർ ആണ്, അനിയത്തിയുടെ കല്യാണം കഴിഞ്ഞു.
2- ജീവിതത്തിൽ എന്താവാനായിരുന്നു ആഗ്രഹം?
ഒരു സാധരണയിലും താഴെ ഉള്ള കുടുംബത്തിലെ ഒരു അംഗമായിരുന്നു ഞാൻ. എന്റെ ഉമ്മ ജോലി ചെയ്തിട്ടാണ് ഞങ്ങളെ നോക്കി വലുതാക്കിയത്. അപ്പോൾ എനിക്ക് ഇന്ന്യത് എന്നൊന്നില്ല ഒരു ജോലി നേടുക എന്നുള്ളത് വളരെ അത്യാവശ്യം ആയിരുന്നു. വീട്ടിലെ സ്ഥിതി ഗതികൾ ഒന്ന് മാറ്റിയെടുക്കുക ആയിരുന്നു മുന്നിൽ കണ്ടിരുന്നത്. സ്പോർട്സിൽ ഉള്ളതുകൊണ്ട് സ്പോർട്സ് കോട്ടയിൽ ഒരു ജോലി നേടുക അതിലൂടെ പട്ടിണി മാറ്റുക എന്നുള്ളത് മാത്രമായിരുന്നു ലക്ഷ്യം. പിന്നെ സിനിമ ധാരാളം കാണുമായിരുന്നു, അങ്ങനെ അഭിനയ മോഹം എപ്പോഴൊക്കെയോ മനസ്സിൽ കടന്നുകൂടി.
3- എങ്ങനെയായിരുന്നു മോഡലിംഗ് രംഗത്തേക്കുള്ള പ്രവേശനം?
2010 ഇൽ കോളേജിൽ പഠിക്കുന്ന സമയം സ്പോർട്സിൽ വളരെ ആക്റ്റീവ് ആയിരുന്ന ഒരാളാണ്. മോഡലിന് വേണ്ട ഫിസിക്കും ഹൈറ്റും എല്ലാം അന്നേ ഉണ്ടായിരുന്നു. മദ്യപാനം പുകവലി തുടങ്ങിയ ശീലങ്ങൾ ഒന്നും ഇല്ലായിരുന്നു. ആരോഗ്യത്തിനായിരുന്നു കൂടുതൽ പ്രാധാന്യം നൽകിയിരുന്നത്. ചെറുപ്പം മുതലെ ഉള്ള സ്വപ്നം ആയിരുന്നു സിനിമ നടൻ ആവണം എന്നുള്ളത് പക്ഷെ അങ്ങനെ ഒരു കുടുംബത്തിൽ നിന്നോ അങ്ങനെയുള്ള ബന്ധങ്ങളോ എനിക്കില്ലായിരുന്നു. അപ്പോൾ മോഡലിംഗ് സിനിമയിലേക്കുള്ള ഒരു പാലം എന്ന രീതിയിൽ ആയിരുന്നു, വളരെ യാതൃശ്ചികമായിട്ട് ഇതിലേക്ക് ഇതിപ്പെട്ടത്. മോഡലിംഗിനെ കുറിച്ച് ഒരു കാര്യവും അറിയാത്ത ഒരുപറ്റം ആളുകളുടെ ഇടയിൽ ജീവിച്ച എനിക്ക് അതിനെ കുറിച്ചൊന്നും ചിന്തിക്കാൻ പോലും കഴിയാത്ത സാഹചര്യം ആയിരുന്നു എങ്കിലും മനസ്സിൽ സിനിമ എന്ന പാഷൻ ഉറച്ചു കിടന്നതിനാൽ ഇതിലേക്ക് എത്തിച്ചേർന്നു.
4- ഏതാണ് കൂടുതൽ താല്പര്യവും ഇഷ്ടവും ചെയ്യാൻ മോഡലിംഗ് ആണോ ജിം ആണോ?
രണ്ടും ശരീരത്തിന്റെ രണ്ട് കൈ പോലെയാണെനിക്ക്,രണ്ടും വളരെ പ്രധാനമാണ്. മോഡലിംങിലേക്ക് വന്നതുകൊണ്ടാണ് ഞാൻ നല്ല രീതിയിൽ ശരീരം പരിപാലിച്ചു കൊണ്ടുപോകുന്നത്. രണ്ടും താല്പര്യമുള്ള മേഖലയാണ്.
5- SK FIT എന്ന സ്ഥാപനത്തെ കുറിച്ച്.
സിനിമ, മോഡലിംഗ് ഇതൊന്നും ഒരു സ്ഥിര വരുമാനം ലഭിക്കുന്ന ജോലികൾ അല്ല എന്നുള്ള തിരിച്ചറിവാണ് ഇങ്ങനെ ഒരു സ്ഥാപനം തുടങ്ങാൻ പ്രേരിപ്പിച്ചതിനു പിന്നിൽ. ഇന്നോ നാളെയോ മോഡലിംഗോ സിനിമായോ എല്ലാം ഇല്ലാതെയാവുന്ന ഒരു സമയത്തെ കരുതലായിട്ടാണ് ഈ ഒരു സ്ഥാപനം തുടങ്ങിയത്. എനിക്ക് അറിയുന്ന ഒരു മേഖല ബോഡി ബിൽഡിംഗ് ആയതുകൊണ്ടാണ് അത് തന്നെ ഒരു ബിസിനസ്സ് ആക്കാം എന്ന് കരുതിയത്. വലിയ രീതിയിൽ ഉള്ള വരുമാനം പ്രതീക്ഷിച്ചില്ല മറിച് എന്നെങ്കിലും ഫീൽഡ് ഔട്ട് ആവേണ്ടി വന്നാൽ ഒരു താങ്ങാവാൻ കൂടി വേണ്ടിയാണ് തുടങ്ങിയത്.
6- മോഡലിംഗ് രംഗത്തേക്ക് കടന്ന് വരാൻ എന്തൊക്കെ തയ്യാറെടുപ്പുകൾ ആണ് നടത്തിയിരുന്നത്?
നിത്യവും വർക്ക് ഔട്ട് ചെയ്യുമായിരുന്നു. ഹാർഡ് വർക്ക് തന്നെയാണ് എന്നെ ഇവിടെ വരെ എത്തിച്ചത്. മോഡലിംഗ് എന്നതിലുപരി ഒരു നടൻ ആവുക എന്നുള്ളതിനായിരുന്നു ഞാൻ ഏറെയും പ്രാധാന്യം നൽകിയിരുന്നത്.
7- സിനിമ മേഖലയിലേക്കുള്ള എൻട്രി എങ്ങനെ ആയിരുന്നു?
മോഡലിങ് ചെയ്തുകൊണ്ടിരിക്കുമ്പോൾ തന്നെ വീര്യം എന്ന ജയരാജ് സാറിന്റെ സിനിമയിൽ ആണ് ആദ്യം അഭിനയിച്ചത്. പിന്നീട് കുറെ സിനിമകളിലൊക്കെ ജൂനിയർ ആർട്ടിസ്റ്റ് ആയി പോവാറുണ്ടായിരുന്നു. അതിലൂടെ ലൊക്കേഷനിലെ അച്ചടക്കവും ഒരുപാട് നടന്മാരെ കാണാനും എല്ലാം കഴിഞ്ഞു.
8- ബിഗ് ബോസ്സ് റിയാലിറ്റി ഷോയിലൂടെ കൂടുതൽ ജനങ്ങൾ ഷിയാസിനെ അറിഞ്ഞു തുടങ്ങിയത്. റിയാലിറ്റി ഷോ ഫൈനൽ വരെ എത്താൻ കഴിയും എന്ന് പ്രതീക്ഷിച്ചിരുന്നോ?
ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ബിഗ് ബോസ്സ് ഷോയിൽ നല്ല ഫാൻ ബയ്സ് ഉണ്ടായാൽ മാത്രമേ നില നിൽക്കാൻ കഴിയുകയുള്ളു പക്ഷെ എനിക്കതൊന്നും തന്നെ ഇല്ലായിരുന്നു. പി ആർ വർക്ക് ചെയ്യാനുള്ള പണവും ഇല്ലായിരുന്നു. ഇപ്പോൾ തൊണ്ണൂറ് ശതമാനം ആളുകളും പുറത്ത് ഉൽക്ക ഏജൻസികളെ പി ആർ വർക്ക് ഏൽപ്പിച്ചിട്ടാണ് ഷോയിൽ പങ്കെടുക്കുന്നത്. പക്ഷെ ഞാൻ ഒരു പ്ലാനിംങും ഇല്ലാതെ ആയിരുന്നു ഷോയിൽ പങ്കെടുത്തത്.
9- ബിഗ് ബോസിന് ശേഷം ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങൾ?
നല്ലതിനെക്കാളും മോശം രീതിയിൽ ആണ് എന്റെ ജീവിതത്തെ അത് ബാധിച്ചത്. ആളുകളുടെ ഇടയിൽ അറിയപ്പെട്ടു പക്ഷെ സ്വകാര്യത നഷ്ട്ടപ്പെട്ടു. മീഡിയ വളരെ അധികം ഉപദ്രവിക്കാൻ തുടങ്ങി, നല്ലത് ചെയ്യുമ്പോൾ അതിനെ കുറിച്ചൊന്നും പറയാതെ മോശം കാര്യങ്ങൾ മാത്രം ഉയർത്തി കാണിക്കാൻ തുടങ്ങി, വീഴ്ചകളിൽ കൈയ്യടിക്കാൻ തുടങ്ങി അങ്ങനെ പല ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു. ഒന്നിനും ഒളിയും മറയും വെക്കാൻ പറ്റാത്ത അവസ്ഥയായി ജീവിതം ഒരു തുറന്ന പുസ്തകം ആയി മാറി.
10- ബിസിനസ്സിലെ ഭാവി പദ്ധതികൾ…
നിലവിലുള്ള ജിമ്മിൻറെ ഫ്രാഞ്ചിസീ നൽകണം, കൂടാതെ വേറെ ജിം കൂടി തുടങ്ങണം. ഒരു സലൂൺ തുടങ്ങണം ആലോചിക്കുന്നുണ്ട്.
11- പ്രണയം, വിവാഹം, പെൺ സുഹൃത്തുക്കൾ ഇവയെ കുറിച്ച്…
കല്യാണം വേണ്ട എന്ന് വെച്ചിരിക്കുകയാണ് നിലവിൽ. നല്ല പ്രായത്തിൽ പ്രണയിച്ചിട്ടുണ്ട് നല്ല രീതിയിൽ അവയെല്ലാം ആസ്വദിച്ചിട്ടും ഉണ്ട് പക്ഷെ അതെല്ലാം ഇപ്പോൾ ആലോചിക്കുമ്പോൾ പ്രായത്തിന്റെ പക്വത ഇല്ലായ്മയായാണ് തോന്നാറ്. നിലവിൽ സിംഗിൾ എലിജിബിൾ ബാച്ലർ ആണ് ഞാൻ. അങ്ങനെ തന്നെ തുടരാനാണ് ആഗ്രഹം.
12- നടന്നു വന്നാൽ വഴികളിൽ നേരിട്ട വെല്ലുവിളികൾ എന്തെല്ലാമാണ്? ആരൊക്കെയാണ് പിന്തുണച്ചവർ?
ഷിയാസ് കരീമിന് ഇപ്പോൾ ആളുകൾ കാണുന്ന ഒരു കളർഫുൾ ലൈഫ് അല്ലായിരുന്നു ഒരു പതിനഞ്ചു വർഷം മുന്നേ വരെ. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഹോട്ടലിൽ ക്ലീനിങ്, കൺസ്ട്രക്ഷൻ, പ്ലംബിങ് തുടങ്ങി ചെയ്യാത്ത ജോലികളില്ല. അങ്ങനെ എല്ലാം കഷ്ടപെട്ടാണ് ഈ നിലയിൽ എത്താൻ സാധിച്ചത്. അപ്പോഴെല്ലാം വലിയ പിന്തുണ നൽകിയത് എന്റെ കുടുംബം തന്നെയാണ് പിന്നെ വിരലിൽ എണ്ണാവുന്ന ഒരുപറ്റം നല്ല സുഹൃത്തുക്കളും. എല്ലാത്തിനും ഉപരി എനിക്കൊരു ഫോക്കസ്ഡ് വിഷൻ ഉണ്ടായിരുന്നു, ഇപ്പോൾ അതിൽ എത്തിപ്പെട്ടു.
13-ഷിയാസ് കരീം എന്ന ബോഡി ബിൽഡർക്ക് നൽകാനുള്ള ഹെൽത്ത് ടിപ്സ് എന്തൊക്കെയാണ്?
ഡ്രിങ്ക്സ് ഒഴിവാക്കുക പുകവലിക്കാതിരിക്കുക, ഈ രണ്ട് കാര്യങ്ങളും പാലിച്ചാൽ തന്നെ ഒരുപാട് നാള് ആരോഗ്യത്തോടെ ജീവിക്കാം. കൂടാതെ ഏഴു മണിക്കൂർ ഉറക്കം ഉറപ്പു വരുത്തുന്നത് നമ്മുടെ ദിവസം ഉന്മേഷം ഉള്ളതാക്കാൻ സഹായിക്കുന്നു. മാത്രമല്ല ജിം വർക്ഔട്ട്സ് ഇല്ലെങ്കിലും എന്തെങ്കിലും ഒരു വ്യായാമം ദിനംപ്രതി ചെയ്യുക എങ്കിൽ അതിന്റെ ഫലം ശരീരത്തിൽ കാണും.
14- പുതിയ തലമുറയോട് പറയാനുള്ളത്…
ലഹരി പദ്ധാർത്ഥങ്ങൾ ഉപയോഗിക്കാതിരിക്കുക,മോശം കൂട്ടുകെട്ടുകളിൽ അകപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക. ആരോഗ്യം പരിപാലിക്കുക , സ്വന്തം പാഷൻ എന്താണെന്ന് കണ്ടെത്തുക അതിലേക്ക് എത്തിപ്പെടാൻ പ്രയത്നിക്കുക.