2014-2015 കാലഘട്ടത്തിൽ നൂറുകോടി രൂപ മൂല്യമുള്ള ഒരു സ്ഥാപനം ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ Competitive Cracker സ്ഥാപിക്കുകയായിരുന്നില്ല. അക്കാലത്തെ psc അല്ലെങ്കിൽ സമാനമായ ദേശീയ സംസ്ഥാനതല പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഗുണ നിലവാരം ഉള്ള ക്ലാസ്സുകൾ മലയാളത്തിൽ ലഭ്യമാകുന്നില്ല എന്ന പഠനത്തിന്റെ ഭാഗമായി ആരംഭിച്ചതാണ് ഇന്ന് കോടികളുടെ മൂല്യമുള്ള സംരംഭമായിരിക്കുന്നത്. ഏതൊരു സംരംഭത്തിന്റെയും വിജയം അത് ആരംഭിക്കുവാനുള്ള കാരണവും കൃത്യമായ ആസൂത്രണത്തിലൂടെയും പരിശ്രമത്തിലൂടെയും അത് ലക്ഷ്യത്തിലെത്തിക്കാനുള്ള മനസ്സുമാണ്. ഇതിനൊപ്പം അധ്യാപനം എന്ന എന്റെ പ്രിയപ്പെട്ട തൊഴിലിൽ പങ്കാളിയാകാമെന്നുള്ളതും എന്നെ ആവേശത്തിലാക്കി. അതിനാൽ ഒരു ദിവസം പോലും ഒരു ശ്രമകരമായ ജോലി ചെയ്യുന്നു എന്ന ചിന്തയില്ലാതെ വളരെ ആസ്വദിച്ച് എനിക്ക് ഈ സംരംഭം തുടങ്ങാൻ കഴിഞ്ഞു. ഇവിടെ ഒരു പുതിയ സംരംഭക എന്ന നിലയിൽ അനവധി വെല്ലുവിളികൾ നേരിടേണ്ടി വന്നപ്പോഴും എനിക്ക് ധാരണയുള്ള, ഇഷ്ടമുള്ള ഒരു പ്രവൃത്തിയിൽ ഏർപ്പെടുന്നു എന്ന ചിന്ത എപ്പോഴും എനിക്ക് പ്രചോദനമായി.
പുതുതായി വരുന്ന എല്ലാ സംരംഭകരോടും എനിക്ക് പറയാനുള്ളത്, നിങ്ങൾ മുന്നോട്ട് വയ്ക്കുന്ന ആശയം, നിങ്ങളിൽ എന്ത് മാത്രം സ്വാധീനം ചെലുത്തുന്നുണ്ട്, നിങ്ങൾക്ക് അതിനെ പറ്റി എത്രമാത്രം അറിയാം എന്നതിനെ ആശ്രയിച്ചിരിക്കും, അതിന്റെ വിജയ പരാജയങ്ങൾ കുറഞ്ഞ ചിലവിൽ കൂടുതൽ ലാഭം നൽകുന്ന അനവധി സംരംഭ മേഖലകൾ നമ്മുടെ മുന്നിൽ ഉണ്ട്. എന്നാൽ അത്തരം മേഖലകളുടെ സാധ്യതകൾ എന്താണ് എന്ന അടിസ്ഥാനപരമായ അറിവും ആ സംരംഭത്തോടുള്ള ഇഷ്ടവും വരാൻ സാദ്ധ്യതയുള്ള ഏറ്റവും വലിയ വെല്ലുവിളികളെ പോലും നേരിടാൻ സഹായകമാവും.
ഇഷ്ടപ്പെട്ട സംരംഭത്തെപ്പറ്റി അല്ലെങ്കിൽ ആ മേഖലയെപ്പറ്റിയുള്ള കൃത്യമായ അറിവ് നേടിക്കഴിഞ്ഞാൽ അടുത്ത ഘട്ടം ആസൂത്രണമാണ്, അവിടെ നിങ്ങൾ സഹ സംരംഭകരുടെയും മറ്റ് സംരംഭകസഹായികളുടെയും സഹായം ആവശ്യമായി വരും. ഒരു സംരംഭക സംരംഭകൻ എന്ന നിലയിൽ ഒരിക്കലും സഹായം ചോദിക്കുവാൻ നിങ്ങൾ മടി കാണിക്കരുത്. എത്ര നല്ല ആസൂത്രണമാണെങ്കിലും നമ്മുടെ നിയന്ത്രണത്തിൽ ഇല്ലാത്ത കാരണങ്ങളാൽ ചിലപ്പോൾ അത് ശരിയാകണമെന്നില്ല. അത്തരം ഒരു സാഹചര്യത്തിൽ മുന്നോട്ടുള്ള വഴി കണ്ടെത്താൻ മറ്റുള്ളവരുടെ സഹായം തേടുന്നത് ഒരിക്കലും തെറ്റല്ല. ആരോട് എപ്പോൾ ചോദിക്കണം എന്നതാണ്
പ്രധാനം.

ഒരു സ്ത്രീ എന്ന നിലയിൽ നിങ്ങൾ ആരംഭിക്കുന്ന സംരംഭങ്ങൾക്ക് സർക്കാർ തലത്തിൽ വലിയ സഹായങ്ങൾ ലഭിക്കുന്നുണ്ട്. അത്തരം സംരംഭങ്ങളുടെ വളർച്ചയ്ക്ക് അനുകൂലമായ ഘടകങ്ങൾ ഇന്ന് നമ്മുടെ സമൂഹത്തിൽ വളർന്നു വരുന്നു. എന്നിരുന്നാലും നമ്മുടെ സംരംഭത്തിനോടുള്ളത് പോലെ അല്ലെങ്കിൽ അതിനേക്കാൾ പ്രതിബദ്ധത നമ്മുടെ കുടുംബത്തോടും നമുക്ക് ഉണ്ടാവണം. എത്ര വലിയ തിരക്കാണെങ്കിലും ഒരിത്തിരി നേരം അവരുമായും നാം സമയം ചെലവഴിക്കണം. സംരംഭത്തിനൊപ്പം കുടുംബ ജീവിതവും വിജയമാണെങ്കിൽ മാത്രമേ നമ്മുടെ ശ്രമങ്ങൾ അർത്ഥവർത്താവുകയുള്ളു.
ഒരു സംരംഭകയുടെ പ്രാഥമിക പ്രതിബദ്ധത എന്നും അവരുടെ സംരംഭം ഉന്നം വയ്ക്കുന്ന വിഭാഗത്തോടാണ്. അത് മറ്റ് സംരംഭങ്ങൾ ആകട്ടെ അല്ലെങ്കിൽ നമുക്ക് ചുറ്റുമുള്ള ജനങ്ങളാകട്ടെ ഗുണനിലവാരമുള്ള സേവനങ്ങളും ഉത്പന്നങ്ങളും ഉറപ്പാക്കുക. ഗുണനിലവാരമാണ് എന്നും ഒരു സംരംഭത്തിന്റെ മുഖമുദ്രയാകേണ്ടത്. അത്കൊണ്ടാണ് നമുക്ക് ഇഷ്ടമുള്ള മേഖലയെപ്പറ്റി പഠിച്ച് സംരംഭം തുടങ്ങണം എന്ന് പറയുന്നത്. നമുക്ക് ഇഷ്ടപ്പെട്ട മേഖലയിൽ ഒരിക്കലും ലാഭത്തിനു വേണ്ടി മായം ചേർക്കാനോ എന്തെങ്കിലും കുറവുകൾ വരുത്താനോ ശ്രമിക്കുകയില്ല.
ഉദ്യോഗാർഥിക്ക് മലയാളത്തിൽ ഗുണനിലവാരമുള്ള കണ്ടന്റ് ഓൺലൈനിൽ എത്തിക്കുക, അത് എല്ലാ ഉദ്യോഗാർഥികൾക്കും പ്രാപ്യമായരീതിയിൽ പബ്ലിഷ് ചെയ്യുക എന്ന ആശയത്തിൽ ഊന്നിയാണ് എന്റെ സംരംഭം തുടങ്ങിയതും മുന്നോട്ട് പോകുന്നതും. Competitive Cracker ഉം അതിന് കീഴിലുള്ള മറ്റ് സ്ഥാപനങ്ങളും കർക്കശ്ശമായി പിന്തുടരുന്ന ഗുണനിലവാരമാണ് ഞങ്ങളുടെ വിജയം. ഇനി മുന്നോട്ടുള്ള യാത്രയിൽ പുതിയ സംരംഭങ്ങൾ തുടങ്ങുമ്പോഴും ഞങ്ങളുടെ മുതൽക്കൂട്ട്, എന്നും ഈ നിലവാരം മെച്ചപ്പെടുത്താനുള്ള തുടർച്ചയായ ശ്രമങ്ങൾ ആയിരിക്കും.