
ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ തോൽവിയുടെ കയ്പറിഞ്ഞ പി. സി മുസ്തഫ എന്ന ചെറുപ്പക്കാരന്റെ ദൃഡ നിശ്ചയം അയാളെ കൊണ്ടു ചെന്നെത്തിച്ചത് മാനേജ്മെന്റ് വിദ്യാഭ്യാസത്തിന് പേരുകേട്ട ഐ. ഐ. എം ബാംഗ്ളൂരിലായിരുന്നു.
കോർപ്പറേറ്റ് കമ്പനികൾ ക്യാമ്പസ് പ്ലേസ്മെന്റിലൂടെ ലക്ഷങ്ങൾ സമ്പാദിക്കാവുന്ന ജോലികൾ വാഗ്ദാനം ചെയ്തപ്പോൾ അതൊക്കെ നിരസിച്ചു ഇഡ്ഡലി ദോശമാവ് വിൽക്കുന്ന ഐ. ഡി ഫ്രഷ് ഫുഡ് എന്ന കമ്പനി അയാൾ തുടങ്ങിയപ്പോൾ പലരും മൂക്കത്ത് വിരൽവെച്ചു.
വൈദ്യൂതി കടന്നു ചെന്നിട്ടില്ലാത്ത, വയനാട്ടിലെ ഒരു കുഗ്രാമത്തിൽ ഒരു സാധാരണ കൂലിപ്പണിക്കാരന്റെ മകനായി ജനിച്ച മുസ്തഫയെ മുന്നോട്ട് നയിച്ചത് ഉന്നതമായ സ്വപ്നങ്ങൾ ആയിരുന്നു.
സ്കൂളിൽ പഠിക്കുമ്പോൾ പോക്കറ്റ് മണിക്കായി അവധിക്കാലത്ത് അങ്കിളിൽ നിന്നും കടം വാങ്ങിയ നൂറു രൂപയുമായി മിഠായിക്കച്ചവടം നടത്തി പോക്കറ്റ് മണിക്ക് വക കണ്ടെത്തിയിരുന്ന പി. സി മുസ്തഫയുടെ ഐ. ഡി ഫ്രഷ് ഫുഡ് എന്ന സ്‌ഥാപനം ഈ വർഷം പ്രതീക്ഷിക്കുന്നത് 350-400 കോടി രൂപയുടെ വിറ്റുവരാവാണ്. അന്ന് മൂക്കത്ത് വിരൽ വെച്ചവരൊക്കെ ഇന്ന് മുസ്തഫയുടെ തീരുമാനം ശരി വെയ്ക്കുകയാണ്.
ടേണിംഗ് പോയിന്റ്
ബാംഗ്ളൂരിലെ പഠനക്കാലത്ത് ഫ്രഷ് ഫുഡ് ബിസിനസിന്റെ സാധ്യതകൾ മുസ്തഫ മനസിലാക്കിയിരുന്നു. അങ്ങനെ ആണ് ജീവിതത്തിരക്കുകളിൽ പെട്ടുപായ്യുന്ന ബാംഗ്ളൂർ നിവാസികൾക്കായി റെഡിമെയ്ഡ് ദോശ- ഇഡ്ഡലി മാവ് എന്ന ആശയം അവതരിപ്പിച്ചത്. 2005 ൽ പി. സി മുസ്തഫയോടൊപ്പം ബന്ധുക്കളായ അബ്‌ദുൾ നാസർ, ഷംസുദീൻ ടി. കെ, ജാഫർ ടി. കെ, നൗഷാദ് ടി. എ എന്നിവരും ചേർന്ന് തുടക്കമിട്ട ഐ. ഡി. ഫ്രഷ് ഫുഡ് വിജയമായി മാറിയതിനു പിന്നിൽ നിരവധി ഘടകങ്ങൾ ഉണ്ടായിരുന്നു.
പ്രൊഫഷണലിസം സമ്മാനിച്ച വിജയം
അരി മാവ് വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് പലരും തയാറാക്കിയിരിക്കുന്നത്. വൃത്തിയുള്ള അന്തരീക്ഷത്തിൽ തയ്യാറാക്കി, വൃത്തിയുള്ള പാക്കറ്റുകളിൽ ആളുകളിലേക്ക് എത്തിച്ചപ്പോൾ ഐ. ഡി ഫ്രഷ് ഫുഡിന്റെ പ്രൊഡക്ടിന് ആവശ്യക്കാർ താനേയുണ്ടായി.
സ്ഥാപനത്തിന്റെ വളർച്ചയ്ക്ക് അനുസരിച്ചാണ് ഇൻവെസ്റ്റ്മെന്റ് കൂട്ടിയത്.
കോഴിക്കോട് എൻ. ഐ. റ്റി യിൽ നിന്നും 1995 ൽ എഞ്ചിനീയറിംഗ് പൂർത്തിയാക്കിയ മുസ്തഫ ഏഴ് വർഷക്കാലത്തോളം മിഡിൽ ഈസ്റ്റിലും, അയർലാൻഡിലും ജോലി നോക്കിയ ശേഷമാണ് എം. ബി. എ പഠനത്തിനായി ഐ. ഐ. എമ്മിലെത്തിയത്. ഈ ജോലി പരിചയവും ലോക പരിചയവും മുസ്തഫയിലെ സംരംഭകന് കറുത്തായി മാറി.
ഇൻവെസ്റ്റ്മെന്റ് രീതി
കേവലം 550 സ്‌ക്വയർ ഫീറ്റിൽ 20 കടകളിലേക്ക് മാത്രം അരിമാവ് സപ്ലൈ ചെയ്തിരുന്ന സ്‌ഥാപനമായിരുന്നു ഐ. ഡി ഫ്രഷ് ഫുഡ്. മുസ്തഫ ആദ്യം നിക്ഷേപിച്ചതാവട്ടെ 25000 രൂപയും. ആദ്യ ദിനം തന്നെ ലാഭകരമായി പോയി തുടർന്ന് മിഷനറികൾക്കായി 6 ലക്ഷത്തോളം നിക്ഷേപിച്ചു. 2008 ൽ വീണ്ടും 40 ലക്ഷം കൂടി നിക്ഷേപിച്ച് ഇൻഡസ്ട്രിയൽ ഏരിയായിൽ 2500 സ്‌ക്വയർ ഫീറ്റ് സൗകര്യത്തിലേക് മാറി. 2009 ൽ ദുബായിൽ ജോലി ചെയ്ത് കിട്ടിയ പണം കൊണ്ട് പണി കഴിപ്പിച്ച വീട് 30 ലക്ഷം രൂപയ്ക്ക് വിറ്റ് ബിസിനസ് വിപുലീകരിച്ചു.
2013 ൽ ദുബായ് ഓപ്പറേഷൻസ് ആരംഭിച്ചു. 2014 ൽ ഹീലിയോൺ വെൻച്യർ പാർട്ണയ്‌സിൽ നിന്ന് 35 കോടിയുടെ നിക്ഷേപം ലഭിച്ചതാണ് കമ്പനിയുടെ വളർച്ചയുടെ ഗതി മാറ്റിയത്.
കേവലം 10 പാക്കറ്റ് ഇഡ്ഡലി മാവിൽ തുടങ്ങിയ മുസ്തഫയുടെ കമ്പനി ഇന്ന് 50000 റെഡിമെയ്ഡ് ഫുഡ് പാക്കറ്റുകളാണ് സപ്ലൈ ചെയ്യുന്നത്. ഇന്ന് അമ്പത് ശതമാനം ബിസിനസ് ഇഡ്ഡലി – ദോശ മാവിൽ നിന്നാണ് ലഭിക്കുന്നത്. 35 ശതമാനം കേരള പൊറോട്ടയിൽ നിന്നും ബാക്കി ചപ്പാത്തി, തൈര്, പനീർ തുടങ്ങിയവയിൽ നിന്നുമാണ് ലഭിക്കുന്നത്.
ഇന്ന് ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ എല്ലാം സാന്നിദ്ധ്യമറിയിച്ച മുസ്തഫയുടെ കമ്പനി അമേരിക്കയടക്കമുള്ള വിപണികളിലേക് കടക്കാൻ തയാറെടുക്കുകയാണ്.
പ്രൊഫഷണലിസം സാധാരണ ബിസിനസിനെ പോലും അസാധാരണ നേട്ടത്തിലേക്ക് എത്തിക്കുമെന്നതിന്റെ തെള്ളിവാണ് ഈ യുവ സംരംഭകന്റെ വിജയം.