സനീഷ് പതിവിലും നേരത്തെയാണ് വീട്ടിലെത്തിയത്. നേരം വെളുക്കുമ്പോഴേക്ക് ഇരുപത്തിയഞ്ച് ലക്ഷം അക്കൗണ്ടിലെത്തണം. അതെങ്ങനെ ഒപ്പിക്കുമെന്ന ചിന്തയാണ് മനസ്സ് നിറയെ. ലോഡു കയറ്റിയ കണ്ടയിനർ നാളെ കൊച്ചിയിൽ നങ്കൂരമിടും. അപ്പോഴേക്ക് ക്യാഷ് അക്കൗണ്ടിലെത്തണം. ഇല്ലെങ്കിൽ കണക്കുകളെല്ലാം തെറ്റിപ്പോകും. പണം നൽകാനുള്ള പലരെയും വിളിച്ചുനോക്കി. പലരും സ്വിച്ചോഫാണ്. മറ്റു ചിലർ, ബിസിനസ് ഡള്ളാണ്. ഒരു നിലക്കും പണമെത്തിക്കാൻ നിവൃത്തിയില്ലെന്നാണ് പറയുന്നത്. അസ്വസ്ഥതയോടെ കോട്ട് വലിച്ചൂരിയെറിഞ്ഞാണ് സനീഷ് വീട്ടിലേക്ക് കയറിയത്. ഭാര്യയെന്തോ പറയുന്നുണ്ട്, അതയാളുടെ ചെവിയിലെത്തും മുമ്പ് ചിതറിത്തെറിച്ചുപോയി. മക്കളുറങ്ങിയിട്ടില്ല. അച്ഛൻ നേരത്തെയെത്തിയതിൻ്റെ ആഹ്ലാദമുണ്ടവരുടെ മുഖത്ത്. എന്നും വീട്ടിൽ വരാറുണ്ടെങ്കിലും ദിവസങ്ങൾക്കു ശേഷമാണ് അവർ അച്ഛനെ കാണുന്നത്. മിഠായിപ്പൊതി കയ്യിലുണ്ടോയെന്ന് നോക്കി, കുഞ്ഞാമി നിരാശയോടെ തൊട്ടിലയിലേക്ക് വലിഞ്ഞ് കയറിപ്പോയി. ദേവൂൻ്റെ ഏഴു സിക്കാരുടെ പൂക്കളത്തിനാണ് മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചത്. പൂക്കളിടാൻ മുമ്പിൽ നിന്നത് ക്ലാസ് ലീഡറായ ദേവുവാണ്. ടീച്ചറതിന് പ്രത്യേകമായൊരു സമ്മാനം പൊതിഞ്ഞുനൽകിയിട്ടുണ്ട്. അതച്ഛനെ കാണിക്കാനാണവൾ സമ്മാനം പിറകിലേക്ക് പിടിച്ച് അച്ഛൻ്റെ റൂമിലേക്കോടിയത്. ഷർട്ട് അഴിച്ചിട്ട് ഫോണിലാരോടോ ദേഷ്യപ്പെട്ടുകൊണ്ട് സംസാരിക്കുകയാണ് അച്ഛൻ. അച്ഛൻ നല്ല മൂഡിലല്ല. അവൾ നിരാശയോടെ തിരിച്ചുപോന്നു…
കുറേക്കൂടി വികസിപ്പിച്ചെഴുതിയാൽ നല്ലൊരു കഥയാക്കാൻ പറ്റുന്ന കഥാബീജമാണ് മുകളിൽ നിങ്ങൾ വായിച്ചത്. കഥയാണ്. വെറും കഥ. പക്ഷേ, ഇതിലെ കഥാപാത്രത്തിൻ്റെ പേരിലും കഥാ സന്ദർഭങ്ങളിലും നിങ്ങൾ ചെറിയ മാറ്റങ്ങൾ വരുത്തിനോക്കൂ… നിങ്ങളിലെ ബിസിനസ് മാൻ്റെ മുഖം തെളിഞ്ഞു വരുന്നുണ്ടാകും. ചിലപ്പോൾ നിങ്ങൾക്ക് പരിചയമുള്ള പല ബിസിനസുകാരുടെ മുഖവും അതിലുണ്ടാകും.
ബിസിനസ് വിജയിപ്പിക്കുന്നതിനോടൊപ്പം വ്യക്തി ജീവിതവും കുടുംബ ബന്ധങ്ങളും ഒരുമിച്ച് തുഴഞ്ഞുനീങ്ങാൻ പലർക്കും സാധിക്കുന്നില്ല. ബിസിനസ് മുറുകെപ്പിടിക്കുമ്പോൾ കുടുംബ ബന്ധത്തിന്റെ വശം അഴഞ്ഞുപോകുകയും, കുടുംബ ജീവിതത്തിൽ മുഴുകിയ ചിലർക്ക് ബിസിനസ് രംഗത്ത് വേണ്ടരൂപത്തിൽ ശ്രദ്ധിക്കാൻ കഴിയാതെ പോകുന്നു. ഇങ്ങനെയുള്ള പലവിധത്തിലുള്ള പ്രതിസന്ധികൾക്കിടയിലൂടെയാണ് പലരും ജീവിതം അഭിനയിച്ചു തീർക്കാൻ ബാധ്യസ്ഥരാകുന്നത്. അതിനാൽ ബിസിനസ്-കുടുംബ സമന്വയം (Business-Family Integration) അത്യാവശ്യമാണ്.
കുടുംബവും ബിസിനസും രണ്ട് വേറിട്ട ലോകങ്ങളായിട്ടാണ് പലരും കാണുന്നത്. എന്നാൽ, ഇരുവരും പരസ്പരമായി സ്വാധീനിക്കാവുന്ന മേഖലകളാണ്. ആരോഗ്യകരമായ കുടുംബ ബന്ധങ്ങൾ ബിസിനസിലെ തീരുമാനം എടുക്കൽ ശക്തമാക്കുകയും, ബിസിനസ് വിജയം കുടുംബ ജീവിതത്തിൽ കൂടുതൽ സമാധാനം നൽകുകയും ചെയ്യും.
1-സമയപരിധി നിശ്ചയിക്കുക
സമയനിയന്ത്രണം ഒരു പ്രധാന ഘടകമാണ്. ബിസിനസ് സമയം കഴിഞ്ഞാൽ വീട്ടിൽ വ്യക്തിപരമായ സമയത്തിനായി പ്രാധാന്യം നൽകുക. കുടുംബത്തോട് യാഥാർത്ഥ്യമായ സമയം ചിലവഴിക്കുന്നത് സന്തോഷവും സുഖവും നൽകും. ഇടക്കൊരു യാത്ര വീട്ടുകാരുമൊത്ത് പോകുന്നത് ബന്ധങ്ങളുടെ ദൃഢത ഉറപ്പുവരുത്താൻ സഹായിക്കും.
2- പരസ്പരം മനസ്സിലാക്കുക
ബിസിനസ് പിന്തുടരുന്നവർക്ക് അവരുടെ ചുമതലകൾ കുടുംബത്തിന്റെ അംഗങ്ങൾക്കു വിശദീകരിക്കാൻ ശ്രമിക്കുക. കുടുംബത്തിന്റെ പിന്തുണയോടെ മാത്രമേ ബിസിനസ് വളർച്ചയും, വിജയവും സാധ്യമാവുകയുള്ളൂ.
3- കുടുംബത്തിൽ നിന്ന് പിന്തുണ നേടുക
ബിസിനസ് ലക്ഷ്യങ്ങൾ കുടുംബവുമായി പങ്കുവയ്ക്കുക. ഇത് അവരെ നിങ്ങളുടെ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കി മാറ്റും. കൂടാതെ, കുടുംബാംഗങ്ങളുടെ അഭിപ്രായങ്ങൾ നിങ്ങൾക്ക് പുതിയ അവബോധം നൽകുകയും, ബിസിനസ് തീരുമാനങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യും.
4- ദൈനംദിന പുനഃപരിശോധന
തന്നെ വ്യത്യസ്ത മേഖലകളിൽ ഒരു വ്യക്തി എങ്ങനെ കൈകാര്യം ചെയ്യുകയാണെന്നത് പലപ്പോഴും പുനഃപരിശോധിക്കാൻ ആവശ്യമാണ്. ഒരു ബിസിനസ് ഉടമയായി, കുടുംബ ജീവിതത്തെയും ബിസിനസ് കാര്യങ്ങളെയും ദിനംപ്രതി വിലയിരുത്തുന്നത്, സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കും.
5- ആരോഗ്യം മുൻനിർത്തുക
ആത്മശാന്തിയും ആരോഗ്യവും രണ്ടും ബിസിനസിന്റെയും കുടുംബത്തിന്റെയും വിജയം നിർണ്ണയിക്കുന്ന പ്രധാന ഘടകങ്ങളാണ്. മാനസികവും ശാരീരികവുമായ ആരോഗ്യസംരക്ഷണം നിർബന്ധമാണ്. നല്ല ഉറക്കം, ശരിയായ ഭക്ഷണം, വ്യായാമം എന്നിവയിലൂടെ ഇരുവരെയും നല്ല നിലയിൽ സൂക്ഷിക്കാം.
6- പ്രണയവും ബന്ധങ്ങളും സൂക്ഷിക്കുക
കുടുംബ ബന്ധങ്ങൾ പണിതുയർത്താൻ ഉള്ള സമയത്ത് മാത്രം ശ്രദ്ധിച്ചാൽ മതിയാകില്ല. ദിവസേന ബന്ധങ്ങളിൽ പ്രണയം കാത്തുസൂക്ഷിക്കാൻ സാധിക്കണം. അപ്പോഴാണ് ജീവിതം പുഷ്ക്കലമാകുന്നത്.