ഒരാൾക്ക് കൈവശം വയ്ക്കാവുന്ന സ്വർണ്ണത്തിന് ഒരു പരിധിയും ഗവൺമെന്റ് വച്ചിട്ടില്ല. പക്ഷേ ഒരാൾ കൈവശം വെക്കുന്ന സ്വർണ്ണവും അയാളുടെ സാമ്പത്തിക സ്രോതസ്സും തമ്മിൽ ഒത്തു പോകേണ്ടതുണ്ട്. അതുകൊണ്ട് സ്വർണ്ണം വാങ്ങുമ്പോഴും പഴയ സ്വർണ്ണം മാറ്റി എടുക്കുമ്പോഴും ബില്ലുകളും മറ്റു രേഖകളും സൂക്ഷിച്ചു വയ്ക്കുക. പാരമ്പ്യരമായി ലഭിച്ച സ്വർണ്ണം ആണെങ്കിൽ അത് തെളിയിക്കുന്നതിന് ആയി വിൽപത്രമോ മറ്റു രേഖകളോ ഉണ്ടെങ്കിൽ അതും സൂക്ഷിച്ചു വക്കുക.
നിങ്ങളുടെ കൈവശമുള്ള സ്വർണ്ണം ഇൻകം ടാക്സിന് പിടിച്ചെടുക്കാനുള്ള അധികാരം ഉണ്ടോ?
സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സ് ന്റെ (CBDT) 1994 മെയ് 11 ലെ നിർദ്ദേശപ്രകാരം പ്രതേകിച്ചു രേഖകൾ ഒന്നും ഇല്ലാതെ തന്നെ വിവാഹിതയായ ഒരു സ്ത്രീക്കു 500 ഗ്രാം സ്വർണവും അവിവാഹിതയായ സ്ത്രീക്ക് 250 ഗ്രാം സ്വർണവും ഒരു പുരുഷന് 100 ഗ്രാം സ്വർണവും കൈവശം വയ്ക്കാം. അതിൽ കൂടുതൽ സ്വർണ്ണം കൈവശം വക്കുകയും മതിയായ രേഖകൾ ഇല്ലാതിരിക്കുകയും ചെയ്താൽ ഇൻകം ടാക്സ് റെയ്ഡ് നോടു അനുബന്ധമായി പരിധിയിൽ കവിഞ്ഞ സ്വർണ്ണം പിടിച്ചു എടുക്കാം.
സ്വർണ്ണം വിറ്റാൽ നികുതി വരുമോ ?
സ്വർണ്ണം വിറ്റു ലാഭം കിട്ടിയാൽ അതിനു ആദായ നികുതിയിൽ ഇളവ് ഇല്ല. മൂലധന നേട്ടം (Capital Gain) എന്ന വിഭാഗത്തിൽ അത് നികുതി വിധേയമാണ്. മറ്റു വരുമാനങ്ങൾ ഒന്നും ഇല്ലെങ്കിൽ മൂന്ന് ലക്ഷം രൂപക്ക് മുകളിൽ ലാഭം ലഭിച്ചാൽ അതിനു നികുതി അടക്കേണ്ടി വരും.മറ്റു വരുമാനം ഉണ്ടെങ്കിൽ സ്വർണ്ണം വിറ്റു കിട്ടിയ ലാഭം അതിനോട് കൂട്ടിച്ചേർത്തു നികുതി കണക്കാക്കും. രണ്ടു വർഷത്തിൽ കൂടുതൽ കൈവശം വച്ചാണ് വിൽക്കുന്നതെങ്കിൽ (Long Term Capital Gain) ലാഭത്തിന്റെ പന്ത്രണ്ടര ശതമാനം നികുതി അടയ്ക്കണം. ഇൻഡെക്സേഷൻ ആനുകൂല്യം എടുക്കുകയാണെങ്കിൽ ലാഭത്തിന്റെ ഇരുപതു ശതമാനം നികുതി ആണ് വരിക.
സമ്മാനമായി ലഭിക്കുന്ന സ്വർണ്ണത്തിന് നികുതി വരുമോ ?
ഒരു സാമ്പത്തിക വർഷം അമ്പതിനായിരം രൂപയിൽ കൂടുതൽ മൂല്യമുള്ള സ്വർണ്ണമോ മറ്റു വസ്തുക്കളോ സമ്മാനമായി ലഭിച്ചാൽ അത് നികുതി വിധേയമാണ്. എന്നാൽ ഇതിന് ചില ഒഴിവുകൾ ഉണ്ട്.
വിവാഹ സമയത്ത് ഒരാൾക്ക് സമ്മാനമായി ലഭിക്കുന്ന സ്വർണ്ണവും മറ്റു വസ്തുക്കളും നികുതി വിധേയം അല്ല.
നിങ്ങളുടെയോ പങ്കാളിയുടെ യോ അച്ഛൻ അമ്മ മുത്തശ്ശൻ മുത്തശ്ശി – സഹോദരൻ, സഹോദരി, മക്കൾ പേരക്കുട്ടികൾ – അവരുടെ പങ്കാളികൾ തുടങ്ങിയ ബന്ധുക്കളിൽ നിന്നാണ് സ്വർണ്ണമോ മറ്റു വസ്തുക്കളോ ലഭിക്കുന്നത് എങ്കിൽ അത് നികുതി വിധേയം അല്ല.
സ്വർണ്ണം വിൽക്കാം; കരുതലോടെ
പലരും വസ്തു വാങ്ങുന്നതിനും മറ്റുമായി സ്ത്രീധനം ആയൊ പാരമ്പര്യം ആയോ ലഭിച്ച സ്വർണ്ണം വിറ്റു പണം കണ്ടെത്താറുണ്ട്. ഇങ്ങനെയുള്ള ഇടപാടിൽ തുക രണ്ടു ലക്ഷമോ അതിൽ കൂടുതലോ ഉണ്ടെങ്കിൽ അത് പണമായി സ്വീകരിക്കാതെ ബാങ്ക് ഇടപാട് ആയി ചെയ്യുക. പണമായി സ്വീകരിച്ചാൽ സ്വീകർത്തവിൽ നിന്ന് തുല്യ തുക പിഴ ഈടാക്കാൻ ആദായ നികുതി വകുപ്പിന് അധികാരമുണ്ട്.