“സ്വസ്ഥസ്യ സ്വാസ്ത്യ സംരക്ഷണം ആതുരസ്യ വികാര പ്രശമനം ”
ആയുർവ്വേദ ശാസ്ത്രം രോഗശമനത്തോടൊപ്പം തന്നെ രോഗപ്രതിരോധത്തിനും പ്രാധാന്യം നൽകുന്ന ഒരു ശാസ്ത്രമാണ്. അതുകൊണ്ട് തന്നെ പൂർണ ആരോഗ്യവാനായ ഒരാളുടെ ആരോഗ്യസംരക്ഷണത്തിനായി ദിനചര്യ (ദൈനം ദിന ജീവിതത്തിൽ ശീലിക്കേണ്ടവ ) ഋതുചര്യ (കാലാവസ്ഥക്ക് അനുസരിച്ചുള്ള ശീലങ്ങൾ) എല്ലാം ആയുർവേദ ശാസ്ത്രം പറഞ്ഞു വെക്കുന്നുണ്ട്.
ഓരോ ഋതുക്കളിലും ഭൂമിയിലും അന്തരിക്ഷത്തിലും ഉണ്ടാകുന്ന മാറ്റങ്ങൾ മനുഷ്യൻ ഉൾപ്പെടെ ഓരോ ജീവജാലങ്ങളിലും മാറ്റങ്ങൾ ഉണ്ടാക്കുന്നു.6 ഋതുക്കളിൽ മിഥുനം കർക്കിടകം (ഇംഗ്ലീഷ് കലണ്ടർ പ്രകാരം ജൂലൈ, ഓഗസ്റ്റ്) ഉൾക്കൊള്ളുന്നതായ വർഷഋതു ആരോഗ്യസംരക്ഷണത്തിന് ഏറെ പ്രാധാന്യം അർഹിക്കുന്നു.
മാർച്ച് ,ഏപ്രിൽ , മെയ് മാസങ്ങളിലെ അധികഠിനമായ ചൂടിന് ശേഷം പെയ്തിറങ്ങുന്ന മഴ ആയുർവ്വേദ വിധിപ്രകാരം ശരീരത്തിൽ ത്രിദോഷങ്ങളുടെ അസന്തുലിതാവസ്ഥക്ക് കാരണമാകുന്നു. അന്തരീക്ഷത്തിലെ ചൂട്, പൊടിപടലങ്ങൾ, രൂക്ഷത എന്നിവ വാത ദോഷ വർദ്ധനവിന് കാരണമാകുന്നു. ശേഷം വരുന്ന മഴ വാതകോപനം ഉണ്ടാക്കുന്നു.
ചൂട് ഏറിയ ഭൂമിയിൽ മഴ പെയ്യുമ്പോൾ അന്തരീക്ഷത്തിൽ അസിഡിറ്റി വർദ്ധിക്കുന്നു.അത് മറ്റു ജീവജാലങ്ങളിലും ഒപ്പം മനുഷ്യനിലും അസിഡിറ്റി വർദ്ധിച്ച് പിത്ത ദോഷകോപനം ഉണ്ടാക്കുന്നു.
അന്തരീക്ഷത്തിലെ തണുപ്പ് കാരണം ചുമ, കഫക്കെട്ട് , നീർക്കെട്ട് പോലുള്ള അസുഖങ്ങൾക്ക് കാരണമാകുന്നു.
ഇതുകൊണ്ടൊക്കെ തന്നെ വർഷ കാലത്ത് പൊതുവെ ആരോഗ്യവാനായ ആളിലും ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നു. ദഹനക്കുറവ്, പ്രതിരോധശേഷി കുറവ്, ശരീര ബലക്കുറവ് മറ്റു ശാരീരിക വേദനകൾ പകർച്ചവ്യാധികൾ, ഛർദ്ദി പോലുള്ള ദഹന സംബന്ധമായ അസുഖങ്ങളും വർഷകാലത്ത് സാധാരണയാണ് . ഇവിടെയാണ് കർക്കിടക ചികിത്സ പ്രാധാന്യം അർഹിക്കുന്നത്.
കർക്കിടക ചികിത്സ എന്നാൽ അടിസ്ഥാന തലത്തിൽ പരിസ്ഥിതി ശുചീകരണത്തിൽ തുടങ്ങി ഭക്ഷണക്രമികരണം വ്യായാമം’ ശോധനം മറ്റു ആരോഗ്യസംരക്ഷണ ഉപായങ്ങൾ എല്ലാം ഇതിൽ ഉൾപ്പെടുന്നു.
ആഹാരം
ദഹനശക്തി (അഗ്നി) കുറവായതിനാൽ എളുപ്പം ദഹിക്കുന്ന ആഹാരം മാത്രം ശീലിക്കുക.
ഭക്ഷണ പതാർത്ഥങ്ങൾ ചൂടോടുകൂടി കഴിക്കുക.
വീണ്ടും വീണ്ടും ചൂടാക്കി കഴിക്കുന്ന പ്രവണത ഒഴിവാക്കുക.
അന്നന്ന് പാകം ചെയ്ത് കഴിക്കുക.
തണുത്ത ഭക്ഷണ സാധനങ്ങൾ ഉപേക്ഷിക്കുക.
തൈര്, പച്ചന്മോര് പോലുളളവ ഒഴിവാക്കുക.
*കർക്കിടക കഞ്ഞി -ഒരു നേരത്തെ ആഹാരമാക്കുക.
ചേരുവകൾ -ഞവരയരി
ഉലുവ, ആശാളി,ജീരകം,ഔഷധക്കൂട്ട് (കൂവളം,ഓരില ,മൂവില ഞെരിഞ്ഞിൽ, ഇരുവേലി മുത്തങ്ങ , നറുനീണ്ടി , നെല്ലിക്കാത്തോട്, കരിജീരകം,വരട്ടു മഞ്ഞൾ ദേവതാരം അമുക്കുരം, ഇലവർങ്ങം, കുരുമുളക്, വയമ്പ്, ശതകുപ്പ , ചുക്ക്, തപ്പല്ലി, ജാതിക്ക, ഗ്രാമ്പു അയമോതകം കൊത്ത മല്ലി etc.)
തയ്യാറാക്കുന്ന വിധം – ഞവരയരി, ഉലുവ എന്നിവ കഴുകി വൃത്തിയാക്കി വെള്ളത്തിൽ 1 മണിക്കൂർ കുതിർക്കാൻ വെക്കുക. ശേഷം വെള്ളമൊഴിച്ച് വേവിക്കുക.പാതി വേവ് ആവുമ്പോൾ ജീരകവും ആശാളിയും മറ്റു ഔഷധ കൂട്ട് ചെറിയ ചൂട് വെള്ളത്തിൽ കലക്കിയതും ചേർത്ത് വേവിക്കുക .ശേഷം തേങ്ങാ പാലോ പശുവിൻ പാലോ ചേർത്ത് കഞ്ഞി വാങ്ങി വെക്കുക. നെയ്യിൽ ചെറിയ ഉള്ളി മൂപ്പിച്ച് ഒഴിച്ചാൽ കർക്കിടക കഞ്ഞി തയ്യാറായി.
ശീലിക്കേണ്ടവ
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
വെള്ളം കെട്ടി നിൽക്കുന്നതും കൊതുക് പെരുകുന്ന സാഹചര്യങ്ങളും ഒഴിവാക്കുക
വീടിനകവും പുറവും അപരാജിത ധൂമം പോലുള്ള ഉപയോഗിച്ച് പുകയ്ക്കുക.
ശരീരബലം കുറവായതിനാൽ തന്നെ കൂടുതലായ ശരീരിക അധ്വാനം ഒഴിവാ ക്കുക
പകലുറക്കം ഒഴിവാക്കുക.
പഞ്ചകർമ്മ ചികിത്സ
ശരീത്തിൽ കോപിച്ചിരിക്കുന്ന വാത പിത്ത കഫ ദോഷങ്ങളെ പുറത്ത് കളഞ്ഞ് ശരീരം ബാലൻസ് ചെയ്യുന്നതനായി വമനം(ഛർദ്ദിപ്പിക്കൽ ) വിരേചനം ( മലം ശോധിപ്പിക്കൻ), വസ്തി മെഡികേറ്റെട് എനിമ ) നസ്യം (മൂക്കിലൂടെയുള്ള ഔഷധ പ്രയോഗം) രക്തമോക്ഷം (ദുഷ്ടരക്തം പുറത്ത് കളയൽ) തുടങ്ങിയ ചികിത്സകൾ നിർദ്ദേശിക്കുന്നു.
ഇവയ്ക്കുള്ള പൂർവ്വകർമങ്ങളായി അഭ്യഗം (എണ്ണതേച്ചുള്ള മസ്സാജിംഗ്)കിഴി, ഉഴിച്ചിൽ, ധാര ഞവരകിഴി പോലുള്ള ചികിത്സ രീതികളും പറയുന്നു.
വൈദ്യ നിർദ്ദേശപ്രകാരം ഓരോരുത്തരുടെയും ശരീര ബലത്തിനും രോഗാവസ്ഥയ്ക്കും അനുസരിച്ചാണ് ഓരോ ചികിത്സയും ചെയ്യേണ്ടത്.