കടത്തനാടെന്ന് കേൾക്കുമ്പോൾ വീരചരിതത്തിൻ്റെ ശൂരുണ്ട്.കടത്തനാട൯ കളരിയിലെ ചുരിക വീശിയടിക്കുന്ന പുരുഷന്മാരെ കൗതുകത്തോടെ നോക്കി നിന്ന കാലമുണ്ടായിരുന്നു സ്ത്രീകൾക്ക് .അതിൽ നിന്നും വ്യത്യാസം വന്നത് ഉണ്ണിയാ൪ച്ചയുടെ വീരകഥകളിലൂടെയായിരുന്നു. എന്നാൽ കളരിയുടെ ഈറ്റില്ലത്തിനിന്ന് പറയാനുള്ളത് മീനാക്ഷി അമ്മ എന്ന ഉണ്ണിയാ൪ച്ചയുടെ കഥയാണ്.
പുതുചരിത്രം തീർത്ത പെൺകരുത്ത്
വടകര കരിമ്പന പാലത്തെ കായക്കണ്ടി ഗോവിന്ദ വിഹാറിൽ മീനാക്ഷി അമ്മ എന്ന മീനാക്ഷി രാഘവൻ്റെ കഥ വ്യത്യസ്തമാണ് .നാട്ടുകാ൪ മീനാക്ഷി അമ്മ എന്ന് വിളിക്കുന്ന മീനാക്ഷി ഗുരുക്കൾ 82 വയസ്സിലും ചുറുചുറുക്കോടെ കളരിയിൽ അംഗം വെട്ടുന്നത് കാണുന്നത് തന്നെ ഹരമാണ് . സാമുറായി അമ്മ എന്ന് വിളിപ്പേരുള്ള മീനാക്ഷി അമ്മ ചുവട് വെച്ചത് കളരിയുടെ പുതു ചരിത്രത്തിലേക്കായിരുന്നു. കടത്തനാട൯ മണ്ണിൽ പെൺകരുത്തിൻ്റെയും മെയ്കരുത്തിൻ്റെയും മറ്റൊരു വീരഗാഥകൂടി രചിച്ചിരിക്കുകയാണ് ഉണ്ണിയാ൪ച്ചയുടെ പിന്മുറക്കാരി.ആറു പതിറ്റാണ്ടിലേറെയായി കളരി അഭ്യസിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നയാളാണ് മീനാക്ഷിയമ്മ. ഏഴ് വയസ്സിലാണ് കളരിയുടെ ബാലപാഠങ്ങൾ പഠിക്കാനായി മീനാക്ഷിയമ്മയെ പിതാവ് കളരിയിൽ കൊണ്ടുചേർത്തത് .അന്നുമുതൽ കളരിയാണ് അവരുടെ ജീവിതം.
അഞ്ചു വയസ്സുമുതൽ നന്നായി നൃത്തം ചെയ്യുമായിരുന്ന മീനാക്ഷിയമ്മ കൂടുതൽ മെയ് വഴക്കത്തിനുവേണ്ടിയാണ് കളരിയിലേക്ക് എത്തിയത് . ആൺ പെൺ ഭേദമില്ലാതെ അന്നൊക്കെ കളരി അഭ്യസിപ്പിക്കുമായിരുന്നു. മെയ്,പയറ്റ്,കോൽത്താരി,അങ്കത്താരി ,ഒറ്റ എന്നുവേണ്ട എല്ലാ മുറകളും ഇവരുടെ കയ്യിലുണ്ട്. കളരി അഭ്യാസത്തിന് പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിക്കുകയാണ് അടിതെറ്റാത്ത ചുവടുകളോടെ മീനാക്ഷിയമ്മ.
ഗുരു പരമ്പരയുടെ അനുഗ്രഹം
കടത്തനാട് രാഘവ൯കുട്ടി ഗുരുക്കളുടെ ഭാര്യയാണ് മീനാക്ഷിയമ്മ. കടത്തനാട് കളരി സംഘത്തിൻ്റെ സ്ഥാപക൯ കൂടിയാണിദ്ദേഹം . അന്ന് ഏഴാം വയസ്സിൽ ഇതേ കളരിയിൽ പരിശീലനം തുടങ്ങിയ ആളാണ് മീനാക്ഷി .അന്നും രാഘവ൯ ഗുരുക്കളായിരുന്നു ഇവിടത്തെ ഗുരുക്കൾ.17ാംവയസ്സിൽ വിവാഹം അങ്ങനെ രാഘവൻ ഗുരുക്കൾ ശിക്ഷ്യയെ ഭാര്യയാക്കി.
കുഞ്ഞുങ്ങളൊക്കെ ആയ ശേഷം കളരിയിൽ നിന്ന് വിട്ടുനിന്നെങ്കിലും ഭ൪ത്താവിന് പിന്തുണയുമായി കൂടെയുണ്ടായിരുന്നു മീനാക്ഷിയമ്മ. അദ്ദേഹത്തിൻ്റെ വിയോഗത്തിനുശേഷം കളരിയും അദ്ദേഹം പകർന്നു തന്ന അറിവുകളുടെ ചുവടുകളുമായി മുന്നോട്ടു പോയി.
കുഴിക്കളരി
കായക്കൊടി കോട്ടക്കടവിലാണ് മീനാക്ഷി അമ്മയുടെ കളരി സംഘം. വീടിനോട് ചേർന്ന് തന്നെയാണ് സംഘം സ്ഥിതി ചെയ്യുന്നത് .ഇവിടെ ചെയ്യുന്നത് പ്രധാനമായും കുഴിക്കളരിയാണ്. വയനാടൻ കാടുകളിൽ നിന്നും പുറ്റ് മണ്ണ് കൊണ്ടുവന്ന് വിഷാംശം നീക്കി ശുദ്ധീകരിച്ചാണ് കുഴിക്കളരിയിൽ തറ ഒരുക്കിയിരിക്കുന്നത്.കുഴിക്കളരി ഇന്ന് അപൂർവ്വമാണ് .കുഴിക്കളരി അങ്കക്കളരി എന്നിങ്ങനെ രണ്ടുതരം കളരികളാണ് ഉണ്ടായിരുന്നത്. കുഴിക്കളരി എന്നത് കളരിപ്പയറ്റ് ശാസ്ത്രീയമായി അഭ്യസിപ്പിക്കുന്ന പരിശീലന കേന്ദ്രങ്ങളാണ്. പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരുമിച്ചാണ് പരിശീലനം . പല ദേശത്തുള്ളവരെയും പല പ്രായത്തിലുള്ളവരെയും പഠിപ്പിക്കാൻ മീനാക്ഷി അമ്മ കളരിയിൽ സജീവമാണ് .മൂന്ന് ഘട്ടങ്ങളായി രാവിലെ 7ന് തുടങ്ങി രാത്രി 11 വരെ നീണ്ടുനിൽക്കാറുണ്ട് ക്ലാസുകൾ.വേനൽക്കാലമായാൽ കളരിയിൽ മീനാക്ഷി അമ്മയ്ക്ക് വിശ്രമ കാലമാണ്.
സഹ്യനപ്പുറം പടരുന്ന പെരുമ
മീനാക്ഷി അമ്മയുടെ കളരി വടകരയിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല .ചെന്നൈ,ബാംഗ്ലൂ൪,ഡൽഹി,മുംബൈ തുടങ്ങിയ നഗരങ്ങളിലടക്കം ഒട്ടേറെ വേദികളിൽ പ്രകടനം നടത്തിയിട്ടുണ്ട്. കേരളത്തി൯റെ തനത് ആയോധനകല, ചരിത്രത്തി൯റെ ഭാഗവും കൂടിയാണ് കളരി . വിനോദസഞ്ചാരികളെ ആക൪ഷിക്കാനായി കാണിക്കുന്ന മുറകളല്ല കളരിയിൽ അഭ്യസിപ്പിക്കുന്നത്.കടത്തനാട൯ ചിട്ടപ്രകാരമാണ് പരിശീലനം.മെയ്പയറ്റാണ് പഠനത്തിൻ്റെ ആദ്യ ഘട്ടം.3 വ൪ഷമാണ് പഠിക്കാനെടുക്കുന്ന സമയം.പിന്നീട് കോൽത്താരിയും അങ്കത്താരിയുമാണ്.ഇതിൽ കോൽ കൊണ്ടും ആയുധങ്ങളുമേന്തിയുമുള്ള അഭ്യാസങ്ങളാണ്.ഒടുവിൽ വെറുംകൈ. ശരീരം മുഴുവ൯ എണ്ണ തേച്ചാണ് പരിശീലനം.അഭ്യാസം കഴിഞ്ഞാൽ കുരുമുളകിൽ മധുരം ചേ൪ത്ത വെളളം കുടിക്കും.പ്രതിരോധശേഷി വ൪ധിക്കാനാണിത്. മീനാക്ഷി അമ്മയുടെ നാല് മക്കളും കളരി അഭ്യസിച്ചിട്ടുണ്ട്.മക൯ സജീവ് കുമാ൪ കളരി നടത്തുന്നു.മകനും മകൻ്റെ മകളും ഇപ്പോൾ ഇവ൪ക്ക് കൂട്ടായി കളരിയിലുണ്ട്.അമ്മയും പ്രധാന ശിഷ്യന്മാരും പരിശീലനത്തിന് നേതൃത്വം നൽകുമ്പോൾ ആൺ പെൺ വ്യത്യാസമില്ലാതെ മെയ്യഭ്യാസമുറകൾ പരിശീലിക്കാനെത്തുന്നവരുടെ സംഖ്യ കളരിക്കുൾകൊള്ളാവുന്നതിലും അധികമാണ്. ശരാശരി 170 പേ൪ പരിശീലനത്തിനായി എത്താറുണ്ട്.
കടൽ കടന്നും പെരുമ
കാനഡയിൽ നിന്നും ഫിലിപ്പീ൯സിൽ നിന്നും ആഫ്രിക്കയിൽ നിന്നും വരെ കളരി പഠിക്കാനെത്തിയ ശിഷ്യന്മാരും മീനാക്ഷിയുടെ ചുരികത്തലപ്പിനു മുന്നിൽ തൊഴുതു വണങ്ങുന്നു.ഫീസൊന്നും വാങ്ങാതെയാണ് കളരി അഭ്യസിക്കുന്നത് എന്ന പ്രത്യേകതയും കടത്തനാട൯ കളരി സംഘത്തിനുണ്ട്. 60 വ൪ഷം ഒരേ സ്ഥലത്ത് കളരി നടന്നുവെന്ന പ്രത്യേകതയും ഉണ്ട്.മ൪മ്മ ചികിത്സയും കളരി അഭ്യാസത്തിൻ്റെ ഭാഗമാണെന്നതും വടക്ക൯ കളരിയുടെ പ്രേത്യകതയാണ് . ഒടിവ്,ചതവ്,ഉളുക്ക് തുടങ്ങിയവയ്ക്ക് പാരമ്പര്യ ചികിത്സയിലും കൈപുണ്യം തെളിയിച്ചിട്ടുണ്ട് മീനാക്ഷി അമ്മ.
കളരിയും ചികിത്സയും
മീനാക്ഷിയമ്മയുടെ കടത്തനാട൯ കളരിയോട് ചേ൪ന്ന് കളരി ചികിത്സയുണ്ട്.ഒടിവും ചതവുമൊക്കെയായി നിരവധി പേ൪ ചികിത്സയ്ക്ക് വരുന്നുണ്ട്.കഷായവും തൈലവുമൊക്കെ അവിടെ ഉണ്ടാക്കുന്നു.കഷായക്കൂട്ടുകൾ വളരെ കൃത്യമായും കണിശമായും ചേ൪ക്കണമെന്ന് ഗുരുക്കൾക്ക് വലിയ നി൪ബന്ധം ആണ്. ഗുരുക്കളുടെ ശിഷ്യ൯ സജിൽ ഗുരുക്കളാണ് ഇക്കാര്യങ്ങളൊക്കെ നോക്കുന്നത്.
പത്മശ്രീയുടെ പെരുമ
ആയോധന കലാരംഗത്ത് മീനാക്ഷിയമ്മ നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് രാജ്യം ഇവരെ 2017ൽ പത്മശ്രീ നൽകി ആദരിച്ചു. കളരി പരമ്പര ദൈവങ്ങളെ താണുവണങ്ങി പ്രായത്തെ തോൽപ്പിക്കുന്ന മെയ് വഴക്കത്തോടെ മീനാക്ഷി അമ്മ കാത്തനാടൻ കളരിയുടെ അമരക്കാരിയായി നിലകൊള്ളുന്നു.