രുചിക്കൂട്ടുകളിൽ വ്യത്യസ്തത തിരയുന്നവരാണ് നമ്മളെല്ലാവരും,അത് ശുദ്ധമായതും ശുചിത്വം ഉള്ളതും കൂടി ആയാലോ? അത്തരത്തിൽ കേരളത്തിന്റെ ദേശീയപഴമായ ചക്കപ്പഴം കൊണ്ട് 200ൽ പരം രുചി ഭേദങ്ങളാണ് ഇന്ദിരാ ചാക്കോ ഉണ്ടാക്കുന്നത്. ഇന്ദിരയുടെ ഉൽപ്പന്നങ്ങൾ നാവിൽ രുചി മാത്രമല്ല മനസ്സിൽ സംതൃപ്തിയും പകരുന്നു. രുചിവൈവിധ്യവും അവരുടെ ചുറുചുറുക്കും ആത്മവിശ്വാസവും തന്നെയാണ് ‘സാറാസ് ഫുഡ് പ്രോഡക്റ്റ്സ് ‘എന്ന അവരുടെ സംരംഭത്തെ വ്യത്യസ്തമാക്കുന്നതും, കൊല്ലം സ്വദേശി ഇന്ദിരാ ചാക്കോ തന്റെ വീട്ടുവളപ്പിലെ വാടി പോവുന്ന ചക്കയിൽ നിന്നും മെനഞ്ഞെടുത്തൊരു ഫുഡ് പ്രോഡക്റ്റിന്റെ സംരഭ കഥയാണിത്.
കൊറോണ സമയം വെറുതെ ഇരിക്കാൻ തയ്യാറാകാതിരുന്ന ഇന്ദിരയുടെ മനസ്സിൽ ചക്ക ഉൽപ്പന്നങ്ങളുടെ ആശയം ഉടലെടുക്കുന്നത് അപ്പോഴാണ്കൊ റോണയ്ക്ക് ഒരു വർഷം മുമ്പ് കേന്ദ്രസർക്കാരിൽ നിന്നും ലഭിച്ച ചക്കയോട് അനുബന്ധിച്ചുള്ള ക്ലാസ്സുകൾ ഒരു സംരംഭം തുടങ്ങാനുള്ള ഊർജ്ജമായി മാറുന്നു,പിന്നീട് ‘ചക്കക്കൂട്ടം’ എന്ന് പേരുള്ള വിദേശി മലയാളികൾ അടക്കമുള്ള വാട്സ്ആപ്പ് കൂട്ടായ്മയും സംരംബഭത്തെ ഏറെ സഹായിച്ചു.ചക്ക വിഭവങ്ങൾ ഉണ്ടാക്കുന്നതിനു മുന്നോടിയായി ചക്കയെ കുറിച്ച് ഒരു പഠനം നടത്തുകയുണ്ടായി അവർ,അതിൽനിന്നും തന്റെ വീട്ടുവളപ്പിൽ തന്നെ 14 ഇനം ചക്കകൾ ഉണ്ടെന്ന് കണ്ടെത്തി. എല്ലാ ചക്കയും എല്ലാ വിഭവങ്ങൾക്കും ഇണങ്ങില്ല എന്നും അവർ മനസ്സിലാക്കി.
പതിയെ പതിയെ വിവിധ പരീക്ഷണങ്ങൾക്ക് ഒടുവിൽ ഏതിനം ചക്കയാണ് ഓരോ വിഭവങ്ങൾക്കും അനുയോജ്യം എന്ന് കണ്ടെത്തി. ചക്ക, ചക്കക്കുരു,ചക്ക മടൽ തുടങ്ങി ചക്കമുള്ള് വരെ ആരോഗ്യകരമായ വിഭവങ്ങൾ ആക്കി മാറ്റി. യാതൊരു തരത്തിലുള്ള മായവും വിഭവങ്ങളിൽ ചേർക്കുന്നില്ല. ഉപഭോക്താക്കളുടെ ആവശ്യാനുസരണം മാത്രമാണ് പാചകം ചെയ്യുന്നത്, നേരത്തെ ഉണ്ടാക്കി വയ്ക്കാറില്ല മാത്രമല്ല ഒരു തവണ ഉപയോഗിച്ച എണ്ണ രണ്ടാമതായി ഉപയോഗിക്കാറുമില്ല. ചക്കക്കുരു അച്ചാർ, ചക്കവരട്ടി, ചക്കക്കുരു കൊണ്ട് കോഫി പൗഡർ, ചക്ക ചിപ്സ്, ചക്ക കൊണ്ടുള്ള ബിസ്ക്കറ്റ് തുടങ്ങി നീണ്ടുകിടക്കുന്നു ഇന്ദിരയുടെ ചക്ക വിഭവങ്ങളുടെ വൈവിധ്യം. ചക്കയുടെയും ചക്കക്കുരുവിന്റെയും ആരോഗ്യ ഗുണങ്ങളെ തിരിച്ചറിഞ്ഞ് അതിന്റെ തനത് ഗുണമേന്മ സംരക്ഷിച്ചു കൊണ്ടാണ് നിർമ്മാണം. ഇന്ദിരയുടെ വിഭവങ്ങളിൽ ചക്ക കൊണ്ടുള്ള ചോക്ലേറ്റ് ആയ ‘ജാക്ലേറ്റ്’ പ്രത്യേക ശ്രദ്ധ ആകർഷിക്കുന്നുണ്ട്.
ചക്ക ഉത്പന്നങ്ങളുടെ വില്പന മാത്രമല്ല ചക്ക എങ്ങനെ സൂക്ഷിക്കാം എന്നും ഇന്ദിര പഠിപ്പിക്കുന്നു. ഇതിനോടകം തന്നെ 50 ൽ അധികം സ്ത്രീകളെ സംരംഭാകരാക്കാനുള്ള പരിശീലനവും ഇന്ദിരചാക്കോ കൊടുത്തു കഴിഞ്ഞു.യാതൊരു മുതൽമുടക്കം ഇല്ലാതെയാണ് സംരംഭത്തിന് തുടക്കം കുറിച്ചത്. ബി എസ് സി ഫിസിക്സ് ബിരുദധാരിയായ ഇന്ദിര കമ്പ്യൂട്ടർ പരിജ്ഞാനവും നേടിയിട്ടുണ്ട്. കുടുംബം പണ്ട് മുതലേ വ്യാപാര വ്യാവസായിക മേഖലയിൽ ഏർപ്പെട്ടിരുന്നവരായിരുന്നു, അതുകൊണ്ടുതന്നെ ഒരു സംരംഭകയുടെ അടിത്തറ ഇന്ദിരയ്ക്ക് ചെറുപ്പം മുതലേ ഉണ്ടായിരുന്നു. വിഭവങ്ങൾക്ക് മികച്ച ക്വാളിറ്റിയും, മിതമായ നിരക്കും ആണുള്ളത്. അതിനാൽത്തന്നെ സ്വദേശത്തും വിദേശത്തും ഉപഭോക്താക്കൾ എന്നും പ്രിയമാണ് ഇന്ദിരയുടെ വിഭവങ്ങൾ .വിദേശത്തുള്ള മക്കൾക്കും ഭർത്താക്കന്മാർക്കും, ബന്ധുക്കൾക്കും കൊടുത്തയക്കാനാണ് ഏറെ പേരും ഉൽപ്പന്നങ്ങൾ വാങ്ങുന്നത്. കാനഡ, ജർമനി,അയർലാൻഡ്, ദുബായ് തുടങ്ങിയ നിരവധി വിദേശ രാജ്യത്തിൽ നിന്നാണ് ഓർഡറുകൾ ലഭിക്കുന്നത്. വളരെ വൃത്തിയോടെയും ശുദ്ധിയോടെയും ആവശ്യക്കാരുടെ കൈകളിൽ എത്തിക്കുന്നു ചക്ക വിഭവങ്ങൾ . ചക്ക ഉൽപ്പന്നങ്ങൾക്ക് പുറമേ മുളപ്പിച്ചെടുത്ത ധാന്യങ്ങൾ, പൊടിച്ച ധാന്യങ്ങൾ,മുരിങ്ങയില പൊടി, മൾബറി പൊടി, തുടങ്ങിയ ഔഷധഗുണങ്ങൾ ഉള്ള ഉൽപ്പന്നങ്ങളും ഇന്ദിര ചാക്കോ വിൽക്കുന്നു.ലാഭം ഉണ്ടാക്കുക എന്നതിലുപരി ഇതിലൂടെ ഒരുപാട് നല്ല സൗഹൃദങ്ങൾ ലഭിച്ചതിലുള്ള സന്തോഷത്തിലാണ് ഇന്ദിര ചാക്കോ.