തിരുവനന്തപുരം സ്വദേശിനി ശോഭ എന്ന സാമൂഹിക സംരംഭകയുടെ ഉദയം ഏവരെയും വിസ്മയിപ്പിക്കുന്നതും പ്രചോദനം നൽകുന്നതുമായ രീതിയിൽ ആയിരുന്നു. “ബിസിനസ്സ് എന്നുള്ളത് എന്റെ സിരകളിലൂടെ ഓടുന്ന രക്തത്തിൽ അലിഞ്ഞിരിക്കുന്നു ” ശോഭ പറയുന്നു.
എന്റെ വേരുകൾ തമിഴ് ആണ്, ബിസിനസ്സ് ആവശ്യങ്ങൾക്കായി ആണ് പൂർവികർ കേരളത്തിൽ എത്തുന്നതും സ്ഥിര താമസം ആക്കുന്നതും. ചെറുപ്പം മുതലേ എം എസ് ഡബ്ല്യു എടുക്കണമെന്നായിരുന്നു ആഗ്രഹം പക്ഷെ എം ബി എ ബിരുദം എടുക്കേണ്ടി വന്നു. എം ബി എ എടുത്തതിനു ശേഷം ഒരുപാട് ജോലികൾ നൽകാനും കുട്ടികൾക്ക് വേണ്ടി ബിസിനസ്സ് സ്കൂൾ ആരംഭിക്കുക എന്നുള്ളതുമായി ആഗ്രഹം.
പിന്നീട് ഉള്ള ഒരു മോഹമായിരുന്നു ഫാഷൻ ഡിസൈനർ ആവണം എന്നുള്ളത്.
വിവാഹ ശേഷമാണ് കൈത്തറി മേഖലയെ കുറിച്ച് അടുത്തറിയുന്നത്. ഇതിലേക്ക് കൂടുതൽ ശ്രദ്ധ നൽകിയപ്പോഴാണ് ഇതിന്റെ പാരമ്പര്യത്തെ കുറിച്ചും കാലഹരണപെട്ട് പോവാൻ സാധ്യത ഉള്ള ഒരു കലയാണ് ഇതെന്നുള്ളതും മനസ്സിലാക്കിയത്. ഇതിനു വേണ്ടി കഴിയുന്ന സംഭാവനകൾ ചെയ്യാനുള്ള തീരുമാനത്തിൽ നിന്നുമാണ് വീവേഴ്സ് വില്ലേജ് എന്ന ആശയം പിറവി എടുത്തത്. സമൂഹത്തിന് വേണ്ടി എന്തെങ്കിലും ഗുണമുള്ളത് ചെയ്യണം എന്നുള്ളത് എന്റെ അതിയായ ആഗ്രഹം ആയിരുന്നു അപ്പൊൾ അത് ഞാൻ ചെയ്യുന്ന ബിസിനസ്സിലൂടെ നടക്കും എന്ന് കണ്ടപ്പോൾ ഞാൻ എന്റെ വീവേഴ്സ് വില്ലേജിനായി ഇറങ്ങി തിരിച്ചു. കൈത്തറിയുടെ പൂർണ രൂപം മനസ്സിലാക്കണമെങ്കിൽ അതിന്റെ പിന്നാമ്പുറ കഥകൾ കൂടി അറിയണം എന്ന് ഞാൻ തീരുമാനിക്കുകയും അതിന് വേണ്ടി നെയ്തു ഗ്രാമങ്ങൾ സന്ദർശിക്കുകയും ചെയ്തു. അപ്പോഴാണ് നിലവിലെ അവസ്ഥകളെ കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചത്. 2012 ൽ ഞാൻ എന്റെ വീവേഴ്സ് വില്ലജിനു തുടക്കമിട്ടപ്പോൾ വെറും സെറ്റ് മുണ്ട്, സാരികൾ, ദോതികൾ മാത്രമായിരുന്നു കൈത്തറി ഉൽപ്പന്നമായി നെയ്തിരുന്നത്, വീവേഴ്സ് വില്ലേജ് അതിനൊരു മാറ്റത്തിന് തുടക്കമിട്ടു. എല്ലാ പ്രായത്തിലുള്ള ഉപഭോക്താക്കൾക്ക് വേണ്ടിയുള്ള പലതരം വസ്ത്രങ്ങൾ കൈത്തറിയിൽ ആദ്യമായി ചെയ്തത് വീവേഴ്സ് വില്ലേജ് ആണ്. കൂടാതെ ഹാൻഡ്ലൂം വേസ്റ്റ് കൊണ്ട് ആഭരണ നിർമ്മാണം പോലുള്ളവ ചെയ്തു സ്ത്രീകൾക്ക് അതിലൂടെ ഒരു വരുമാന സാധ്യത കൂടി നൽകി. ഒരു ചെറിയ ആശയം കൊണ്ട് ഒരുപാട് പേർക്ക് ഉപകാരം നൽകാൻ സാധിച്ചു. വീട്ടിൽ തൊഴിൽ ഇല്ലാതെ ഇരിക്കുന്ന സ്ത്രീകൾക്ക് വരെ യന്ത്രങ്ങൾ എത്തിച്ചു നൽകി ഈ ഒരു ആശയത്തിന്റെ ഭാഗമാക്കി അവരെ മാറ്റാൻ സാധിച്ചു. അങ്ങനെ കുടുംബശ്രീ പോലുള്ള ചെറു യുണിറ്റുകളെ ഇതിനു വേണ്ടി ഉണ്ടാക്കി എടുത്തു.
വീവേഴ്സ് വില്ലേജ് ആദ്യമായി ഇറക്കിയ ഉൽപ്പന്നം തുണി സഞ്ചി ആയിരുന്നു. ഗവണ്മെന്റ് പ്ലാസ്റ്റിക് കവറുകൾ നിരോധിച്ചപ്പോൾ Clean Mind, Green Mind – എന്ന ഒരു മെസ്സേജ് നൽകികൊണ്ട് തുണി സഞ്ചിക്കൾ അവതരിപ്പിച്ചു വീവേഴ്സ് വില്ലേജിലൂടെ. വലിയൊരു നിക്ഷേപം ഒന്നും നടത്താതെ മിതമായ രീതിയിൽ സഞ്ചിക്കൾ ഉപഭോക്താക്കൾക്ക് നൽകാൻ കഴിഞ്ഞു. എന്റെ കയ്യിൽ ഉണ്ടായിരുന്ന സേവിങ്സ് വെച്ചായിരുന്നു ആദ്യത്തെ മെഷീൻ വാങ്ങിയത്.
കേരളത്തിൽ കാര്യമായി 5 സ്ഥലങ്ങളിലാണ് കൈത്തറി നെയ്തു ഗ്രാമങ്ങൾ ഉള്ളത് – ചെന്നമംഗലം, കണ്ണൂർ, കാസർഗോഡ്, കൂത്തമ്പുള്ളി, ബാലരാമപുരം. ഇതിൽ ഓരോന്നിനും ഓരോ പ്രത്യേകതകൾ ഉണ്ടെങ്കിൽ കൂടി ഏറ്റവും ശുദ്ധമായതും പഴക്കം ചെന്നതും ആയ കൈത്തറി ബാലരാമപുരം ആണ്. വീവേഴ്സ് വില്ലേജ് സ്ത്രീകൾക്ക് വേണ്ടി കൊണ്ടുവന്ന ആശയം ആയിരുന്നെങ്കിലും അത് ഇത്രത്തോളം വലിയ ഒരു ബ്രാൻഡ് ആയി മാറും എന്നും കൈത്തറി, മൺ പാത്രങ്ങൾ തുടങ്ങി വിവിധ ഇനം പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളുടെ നിർമ്മാണം, കൂടാതെ അവയെ എല്ലാം ആഗോള ഗ്യാതിയിൽ എത്തിക്കാൻ കഴിയും എന്നതും വിചാരിച്ചതല്ല.
ആദ്യമായി 100 സാരികൾ 100 കുർത്ത അങ്ങനെ എല്ലാ വസ്ത്രങ്ങളുടെയും 100 പീസുകൾ വെച്ച് ഒരു എക്സിബിഷൻ നടത്തി അതൊരു വൻ വിജയമാവുകയും ചെയ്തു. പിന്നീട് ഇന്ത്യയിൽ ഉടനീളം എക്സിബിഷനുകൾ നടത്തി വിജയിപ്പിക്കാൻ സാധിച്ചു. വീവേഴ്സ് വില്ലേജിന്റെ ആദ്യ സ്റ്റോർ തിരുവനന്തപുരത്ത് തുടങ്ങി. എല്ലാ തരം പരിസ്ഥിതി സൗഹാർദ്ദ ഉൽപ്പന്നങ്ങളും ഒരു കുടക്കീഴിൽ കൊണ്ടുവരാൻ ഉള്ള ഒരു നീക്കം ആയിരുന്നു അത്. അതിന് ശേഷം ക്രോസ്സ് വില്ലേജിൽ രണ്ടാമത്തെ സ്റ്റോറും ആരംഭിച്ചു.
മറ്റുള്ള വലിയ നേട്ടങ്ങൾ ആയി പറയാൻ കഴിയുന്നത് IFFK, Canfest തുടങ്ങി പ്രമുഖ വേദികളിൽ കൈത്തറി അവതരിപ്പിക്കാൻ കഴിഞ്ഞു. സോഫി എന്ന AI റോബോട്ടിനെ വരെ കൈത്തറി അണിയിച്ച് അവതരിപ്പിക്കാൻ സാധിച്ചു. മിസ്സ് ഏഷ്യ മിസ്സിസ് യൂണിവേഴ്സ് തുടങ്ങിയ ഇവന്റുകളിൽ നാഷണൽ കോസ്റ്റ്യൂം ആയി കൈത്തറിയെ കൊണ്ടുവരാൻ സാധിച്ചു. കൂടാതെ ലോക റെക്കോർഡ് ലഭിച്ച ലോകത്തിലെ ആദ്യത്തെ പരിസ്ഥിതി സൗഹൃദ വസ്ത്രങ്ങൾ ഉപയോഗിചുള്ള ഫാഷൻ ഷോ നടത്തിയത് വീവേഴ്സ് വില്ലേജിന്റെ നേതൃത്വത്തിൽ ആയിരുന്നു. വ്യക്തിപരമായി ഒരുപാട് മുന്നേറ്റങ്ങൾ ഈ ഒരു സംരംഭം വഴി നടത്തുവാനായി സാധിച്ചു അതിൽ ചിലതാണ് പിങ്കത്തോണിന്റെ ബ്രാൻഡ് അംബാസ്സഡർ ആവാൻ കഴിഞ്ഞതും , പാദ്ധരക്ഷ ഉപയോഗിക്കാതെ കൈത്തറി സാരിയിൽ ദീർഘ ദൂരം ഓടി കൈത്തറിയെ ഉയർത്തികൊണ്ട് വരാനും സ്ത്രീകളിൽ ഉണ്ടാകുന്ന ബ്രെസ്റ്റ് ക്യാൻസറിനെ കുറിച്ച് അവബോധം നൽകുന്നതിനും ആയി ഒരു മരത്തോണിനു നേതൃത്വം നൽകുവാൻ ആയതും.
ഒരുപാട് നെയ്തുകാർ കരകൗശല തൊഴിലാളികൾ, വീട്ടമ്മമാർ എന്നിവർ എല്ലാം അടങ്ങിയതാണ് വീവേഴ്സ് വില്ലേജ് എന്ന ബ്രാൻഡ്. നിലവിൽ ഒരുപാട് സോഷ്യൽ ലീഡർമാരെയും സംരംഭകരേയും സമൂഹത്തിന് വേണ്ടി നൽകാൻ ഈ ഒരു ആശയത്തിലൂടെ സാധിച്ചു. കെമിക്കൽ ഉൽപ്പന്നങ്ങളിൽ നിന്നും മാറി ആയുർവേദത്തിന് പ്രാധാന്യം നൽകുന്ന ഉത്പന്നങ്ങൾ അവതരിപ്പിക്കുന്ന ബോധ എന്നൊരു സബ് ബ്രാൻഡും ഇതിനോടാനുബന്ധിച്ചു തുടങ്ങാൻ കഴിഞ്ഞു. വീവേഴ്സ് വില്ലേജിൽ നൽകുന്ന ഓരോ സാരികളും ട്രെൻഡ് അനുസരിച്ചാണ് അവതരിപ്പിക്കുന്നത് മാത്രമല്ല മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമായി പലതിലും സമകാലിക പ്രസക്തമായ വിഷയങ്ങളെ വരെ വരച്ചു കാണിക്കുന്നുമുണ്ട്.
മുന്നോട്ടുള്ള എന്റെ ദൗത്യം റെസ്പോൺസിബിൾ ടൂറിസവും കൈത്തറി മേഖലയും ബന്ധിപ്പിച്ചു കൈത്തറിയെ ഉയർത്തി കൊണ്ടുവരുക കൂടാതെ കൈത്തറി വസ്ത്രങ്ങൾ ഉപയോഗിക്കാൻ വരും തലമുറയെ പ്രേരിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യുക എന്നതെല്ലാമാണ് . വീവേഴ്സ് വില്ലേജും കുടുംബശ്രീ യുണിറ്റുകളെയും ബന്ധിപ്പിച്ച് വരും തലമുറയിലേക്ക് ഈ മേഖലയിലെ സാദ്ധ്യതകൾ തുറന്ന് നൽകി അന്ന്യം നിന്നു പോവാൻ സാധ്യതയുള്ള ഈ പാരമ്പര്യത്തെ അടുത്ത തലമുറക്ക് വേണ്ടി കാത്ത് സൂക്ഷിച്ചു അവരെ കൂടി ഇതിലേക്ക് എത്തിക്കുക എന്നതാണ് ഞാൻ ഉദ്ദേശിക്കുന്നത്. നമ്മുടെ പരമ്പരാഗതമായ ഇത്തരം കലകളെ നമ്മുടെ വരും തലമുറകൾക്ക് നൽകി അതിന്റെ പ്രാധാന്യവും ഗുണങ്ങളും ഉപയോഗത്തിലൂടെ അവർക് മനസ്സിലാക്കി നൽകണം എന്നാൽ മാത്രമേ ഇവ നിലനിർത്താൻ കഴിയുകയുള്ളു. കൈത്തറി കംഫർട്ട് മാത്രമല്ല സ്റ്റൈൽ കൂടിയാണെന്ന രീതിയിൽ ഇവ അവതരിപ്പിച്ചു പുതു തലമുറയെ ഇതിലേക്ക് ആകർഷിക്കാൻ കഴിയണം അതിന് വേണ്ടിയാണ് വീവേഴ്സ് വില്ലേജ് ഇനി പ്രയത്നിക്കാൻ പോകുന്നത്