പ്രായഭേദമന്യേ എല്ലാവർക്കും ഉണ്ടാകുന്ന സ്ട്രെസ്സ് അഥവാ സമ്മര്‍ദം ഇന്നത്തെ ജീവിത , സാമൂഹിക സാഹചര്യങ്ങളില്‍ പലരും വലിയ തോതില്‍ അനുഭവിയ്ക്കുന്നു .
ആയുര്‍വേദം “ സാഹസം “ എന്ന വാക്കിനാലാണ് സ്ട്രെസ്സിനെ രേഖപ്പെടുത്തുന്നത് . ശാരീരികം , മാനസികം , പാരിസ്ഥിതികം എന്നിങ്ങനെ മൂന്നു തരത്തിലായി വേര്‍തിരിച്ചിരിയ്ക്കുന്നു . ശാരീരികമെന്നാല് ശരീരത്തിനു വിവിധ രീതിയില്‍ ഉണ്ടാകുന്ന ആയാസങ്ങളാണ് . മാനസികമെന്നാല് വൈകാരികമായുണ്ടാകുന്ന വിവിധ കാര്യങ്ങളാണ് . പാരിസ്ഥിതികം എന്നാല്‍ കാലാവസ്ഥ , പ്രകൃതി എന്നിവയാല്‍ ഉണ്ടാകുന്നവ .
ചെറിയ രീതിയില്‍ ഉണ്ടാകുന്ന സ്ട്രെസ്സ് എന്നത് കൃത്യമായ കര്‍മ്മ നിര്‍വഹണത്തിന് സഹായിക്കുന്നു . ശ്രദ്ധയും ഉത്തരവാദിത്വബോധവും നല്കുന്നു . എന്നാല്‍ ഒരു പരിധിയില്‍ കൂടുതലാകുമ്പോള്‍ അനാരോഗ്യത്തിലേയ്ക്ക് നയിക്കുന്നു . ആ അവസ്ഥയില്‍ പരിഹാരം / ചികിത്സ തേടേണ്ടതാണ് .
ആയുര്‍വേദ പ്രകാരം സാഹസം , ഓജസ്സ് അഥവാ ശാരീരിക ബലം കുറയ്ക്കുകയും രോഗപ്രതിരോധ ശേഷിയെ ഇല്ലാതാക്കുകയും ചെയ്യുന്നു , അതിനാല്‍ രോഗങ്ങള്‍ വേഗത്തില്‍ ബാധിയ്ക്കപ്പെടുന്നു .
മുകളില്‍ പറഞ്ഞ മൂന്നു വിഭാഗങ്ങളായി തിരിച്ചിരിയ്ക്കുന്ന സ്ട്രെസ്സ് അഥവാ സാഹസത്തില്‍ മാനസികം എന്ന വിഭാഗമാണ് കൂടുതലായി കണ്ടു വരുന്നത് .
മാനസികാരോഗ്യത്തെ പൊതുവേ ആരോഗ്യത്തിന്റെ അടിസ്ഥാനമായി കണക്കാക്കാം . അല്ലെങ്കില്‍ മിക്ക രോഗങ്ങളും ബാധിയ്ക്കുന്നതിന്റേയും ശരീരത്തെ കീഴടക്കുന്നതിന്റേയും ഒരു പ്രധാന കാരണം.
സ്ട്രെസ്സ് മാനസികമായി ബാധിയ്ക്കപ്പെടുമ്പോള് എല്ലാ കാര്യങ്ങളിലും ആത്മവിശ്വാസക്കുറവ് അത് മൂലമുള്ള പരാജയ ഭീതി, പിന്‍വാങ്ങലുകള്‍ തുടര്‍ന്ന് വിഷാദ രോഗ ബാധ എന്നീ അവസ്ഥകളിലേയ്ക്ക് നീങ്ങുന്നു .
സാഹചര്യങ്ങള്‍ പൊതുവേ ഒരു പോലെ ആണെങ്കിലും വ്യക്തി അധിഷ്ഠിതമായ വ്യത്യാസങ്ങള്‍ കൊണ്ടുള്ള മാനസിക സമീപനങ്ങള്‍ അല്ലെങ്കില്‍ അവയെ നേരിടാനും ഉള്‍ക്കൊള്ളാനുമുള്ള കഴിവ് ഒരു കാര്യം പലരേയും പല രീതിയില്‍ ബാധിയ്ക്കപ്പെടുന്നു .
ഒരു കാര്യത്തെ, ഒരു സാഹചര്യത്തെ ഒരാള്‍ സമീപിയ്ക്കുന്നതും പ്രതികരിയ്ക്കുന്നതും മാനസിക സമ്മര്‍ദം ഉണ്ടാക്കുന്നതില്‍ പ്രധാനമാണ് .
പലപ്പോഴും ഒരു കാര്യത്തെ കുറിച്ചുള്ള അമിതമായ ചിന്തകളും അവ തരുന്ന വിവിധ തലങ്ങളും മാനസിക സമ്മര്‍ദം ഉണ്ടാക്കുകയും അവ വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യുന്നു .
ഉറക്കവും മാനസിക സമ്മര്‍ദവും പരസ്പ്പര പൂരകമായ കാര്യങ്ങളാണ് .
ഉറക്കക്കുറവ് , ബിപി പോലുള്ള ജീവിത ശൈലി രോഗങ്ങള്‍ ഉണ്ടാക്കുകയും അത് ശാരീരികവും മാനസികവുമായ അനാരോഗ്യത്തിലേയ്ക്ക് നയിക്കുകയും ചെയ്യുന്നു . അത് പോലെ തന്നെ മാനസിക സമ്മര്‍ദ്ദം ഉറക്കക്കുറവിലേയ്ക്ക് നയിക്കാനും കാരണമാണ് .
ഒരു കാര്യമോ സാഹചര്യമോ ഒരാളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിയ്ക്കുന്നു എന്നു സ്വയം തോന്നുകയോ അല്ലെങ്കില്‍ ക്യത്യമായി മനസ്സിലാക്കി മറ്റൊരാള്‍ പറയുകയോ ചെയ്താല്‍ അതിനെ മറികടക്കാനായുള്ള ശ്രമങ്ങള്‍ നടത്തേണ്ടതാണ് . ബാധിയ്ക്കപ്പെടുന്ന കാര്യത്തെ അപഗ്രഥനം നടത്തി അത് എത്ര മാത്രം ദോഷകരമാകും എന്നു മനസിലാക്കുകയും അതിനെ മറികടക്കാനുള്ള വഴികള്‍ സ്വയം കണ്ടെത്തുകയോ അതിനു കഴിയുന്നില്ലെങ്കില്‍ മറ്റൊരാളുടേയോ അതിലുപരി വിദഗ്ദ്ധരുടേയോ ഉപദേശം അഥവാ ചികിത്സ സ്വീകരിയ്ക്കേണ്ടതോ ആണ് .
അതല്ലാതെ ഒരിയ്ക്കലും അത്തരം കാര്യങ്ങളെ കൂടുതല്‍ കാലം സ്വയം സൂക്ഷിച്ച് വെയ്ക്കാനോ അത് മൂലമുണ്ടാകുന്ന മറ്റു കാര്യങ്ങളിലെ പരാജയങ്ങള്‍ക്കോ ബന്ധങ്ങളിലെ അകലങ്ങള്ക്കൊ ഇട നല്‍കരുത് . കാരണം അത് കാര്യങ്ങളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയും പൂര്‍ണ്ണമായ വിഷാദ രോഗം പോലുള്ള അവസ്ഥകളിലേയ്ക്ക് തള്ളി വിടുകയോ ചെയ്യും .
ബുദ്ധിമുട്ടെങ്കിലും ഒരു വിഷയത്തില്‍ നിന്നു ഒളിച്ചോടുന്നത് , അസുഖം വന്നു ചികിത്സ ചെയ്യാതിരിയ്ക്കുന്നത് പോലെയും അത് പോലെ അന്ധമായി പ്രതികരിയ്ക്കുന്നത് അണ്ണാന് ആനയെ നേരിടാന്‍ ശ്രമിയ്ക്കുന്നത് പോലെയും ബുദ്ധി ശ്യൂന്യമാണ് . അത് കൊണ്ടാണ് മുകളില്‍ അപഗ്രഥനം എന്ന വാക്ക് ഉപയോഗിച്ചിരിയ്ക്കുന്നത് .
ഒരു കാര്യവും ഒരു പരിധിയില്‍ കഴിഞ്ഞു ബുദ്ധിമുട്ട് ഉണ്ടാക്കുന്നവയല്ല എന്ന പൊതു തത്ത്വം ഓര്‍ക്കുന്നത് നല്ലതാണ് . വെയില് കണ്ടു ഉണങ്ങാനായിട്ടത് പെട്ടെന്ന് മഴ വന്നു നനഞ്ഞു എന്നു സങ്കടപ്പെടുമ്പോള്‍ , ആ മഴ, നട്ട ചെടികള്‍ക്ക് ഗുണം നല്കുന്നു എന്നോര്‍ക്കണം . ജീവിതത്തില്‍ ഇന്ന് വിജയിച്ച് കാണുന്ന പലരും കടുത്ത പരീക്ഷ്ണങ്ങളെ ക്ഷമയോടെ നേരിട്ടും അല്ലെങ്കില്‍ ആ വിപരീതാ വസ്ഥകളിലും പുതിയ ഒരു സാധ്യത കണ്ടെത്തിയവരുമാണ് .
ദീര്‍ഘ കാലമായി ചെയ്തു കൊണ്ടിരിയ്ക്കുന്ന ഒരു കാര്യം വിരസമായി അലോസരപ്പെടുത്തുന്നുണ്ടെങ്കില്‍ അതില്‍ നിന്ന് ആരോഗ്യകരമായ ഒരിടവേള എടുക്കണം . കാരണം ആത്യന്തികമായി എല്ലാവർക്കും അവരവരുടെ ജീവിതമാണ് പ്രധാനമെന്നതും അത് കൊണ്ട് മാത്രമാണ് മറ്റു ബന്ധങ്ങള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ എന്നത് കൊണ്ടും സ്വന്തം മാനസികാരോഗ്യം ഓരോരുത്തര്‍ക്കും വിലപ്പെട്ടതും ശ്രദ്ധിയ്ക്കേണ്ടതുമാണ്.അവനവനെ സ്നേഹിയ്ക്കുകയും സ്വന്തം മനസ്സ് , മറ്റുള്ള ഒന്നിന്നും ബുദ്ധിമുട്ടില്ലാതെ ചെയ്യാന്‍ പറയുന്ന കാര്യങ്ങള്‍ ചെയ്യുകയും ചെയ്യുക എന്നത് ഒരു പരിധി വരെ മാനസിക സന്തോഷത്തിന് പ്രധാനമാണ് . അത് പക്ഷേ ചുറ്റുമുള്ളവര്‍ക്ക് കൂടി ബോധ്യപ്പെടുത്തി ചെയ്തില്ലെങ്കില്‍ ചിലപ്പോഴൊക്കെ ഗുണത്തേക്കാളും ദോഷമാകുകയും ചെയ്യും .
അത് കൊണ്ട് തന്നെ ഇത്തരം സന്ദര്‍ഭങ്ങളില്‍ ക്യത്യമായ ഒരു പരിഗണന മറ്റുള്ളവരില്‍ നിന്നാവശ്യമാണ് . ആയതിനാല്‍ കൃത്യവും വ്യക്തവും ആത്മാര്‍ത്ഥ മായും പരിഗണിയ്ക്കുന്നവരോട് അവസ്ഥ പങ്ക് വെയ്ക്കുകയാണ് വേണ്ടത് .
ചുരുക്കി പറയുകയാണെങ്കില്‍ ഇത്തരം അവസ്ഥയെ രണ്ടു രീതിയില്‍ സമീപിക്കാം . ആദ്യത്തേത് സ്ട്രസ്സ് ഉണ്ടാക്കുന്ന കാര്യങ്ങളെ മനസ്സിലാക്കി പൂര്‍ണ്ണമായി ഒഴിവാക്കുക . രണ്ടാമത്തേത് അഭിമുഖീകരിയ്ക്കാനുള്ള ആര്‍ജ്ജവം ഉണ്ടാക്കുക .
ചികിത്സാപരമായി പറയുകയാണെങ്കില്‍ ഉറക്കം പ്രാധാന്യമുള്ളതായതിനാല്‍ എണ്ണതേപ്പ് , തൈല ധാരാ , തക്ര ധാരാ , ശിരോധാര , രസായനം തുടങ്ങിയ കാര്യങ്ങള്‍ ഡോക്ടറുടെ ഉപദേശപ്രകാരം ചെയ്യാവുന്നതും ആരോഗ്യ പരമായ ഭക്ഷണ ക്രമം ശീലിയ്ക്കുകയും ചെയ്യേണ്ടതാണ് .
മനസ്സിന് സമാധാനമാക്കുന്ന ഒരു പരിഹാരം കണ്ടെത്തുന്നതോടൊപ്പം (ഒഴിവാക്കുക /നേരിടുക ) ധ്യാനം , യോഗ , വായന , സംഗീതം , യാത്രകള്‍ തുടങ്ങിയവയിലേയ്ക്ക് മനസ്സിനെ വ്യാപരിയ്ക്കാന്‍ അനുവദിയ്ക്കുക എന്നതും ഗുണം ചെയ്യും .
“അസാധ്യമായി ഒന്നുമില്ല “ എന്ന മഹാനായ അലക്സാണ്ടറുടെ വചനവും “നിങ്ങളൂടെ പ്രശ്നമെന്നത് നിങ്ങളുടെ പ്രതികരണം മാത്രമാണ്” എന്ന ശ്രീ ബുദ്ധ വചനവും ഓര്‍ക്കേണ്ടതാണ് .
ആത്മവിശ്വാസം , ഏതവസ്ഥയിലും നഷ്ടപ്പെടാതിരുന്നാല്‍ മുന്നോട്ടുള്ള പ്രയാണം തടസ്സമാകില്ല എന്ന സത്യം മനസിലാക്കുക , മുന്നോട്ട് പോകുക .