പുതിയകാലത്തെ ബിസിനസ് രീതികൾ മാറിവരികയാണ്. തൊഴിലാളികളെ സാമഗ്രികളെ പോലെ കരുതിയിരുന്ന പഴയകാലത്തിൽ നിന്നും, വിചാര വികാരങ്ങളും, ആശയവൈവിധ്യങ്ങളും, അഭിപ്രായഭിന്നതകളും, സർഗാത്മക ബോധവും, പുത്തൻ ആശയങ്ങളുടെ കലവറകളും ഒക്കെ നിറഞ്ഞതാണ്, ഓരോ ബിസിനസ് സ്ഥാപനവും എന്നത്, അംഗീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന പുതിയ കാലത്ത് മാൻ മാനേജ്മെന്റ് രീതികളും വലിയ രീതിയിൽ മാറിയിരിക്കുന്നു.
പുതിയകാലം എന്നത് നിർമ്മിത ബുദ്ധിയുടെ ഗണിച്ചെടുക്കാനാവുന്ന അതിനപ്പുറമുള്ള ഇൻഫിനിറ്റ് സാധ്യതകളുടെ ഒരു പ്രപഞ്ചം കൂടി ഉൾക്കൊള്ളുന്നതാണ്.
പുതിയകാലത്തെ നേതൃത്വം എന്നത്, അതുകൊണ്ടുതന്നെ, സാധാരണയിൽ കവിഞ്ഞ വെല്ലുവിളികൾ നിറഞ്ഞതാണ്.
ഒരു സ്ഥാപനത്തെ മുന്നോട്ടു കൊണ്ടുപോകുന്നതിൽ അതിന്റെ നേതൃത്വപരമായ പങ്കുവഹിക്കുന്നവർ എത്രത്തോളം തയ്യാറെടുക്കേണ്ടതുണ്ട് എന്നത്, മഹേഷിന്റെ പ്രതികാരം എന്ന സിനിമയിൽ പറയുന്നതിനെ ചേർത്തു വച്ചാൽ ” ഫോട്ടോഗ്രാഫി പഠിപ്പിക്കാൻ കഴിയില്ല എന്നാൽ പഠിക്കാൻ കഴിയും” എന്ന ചാച്ചന്റെ സംഭാഷണം പോലെയാണ്. “നേതൃത്വം എന്നത് പഠിപ്പിക്കാൻ സാധിക്കില്ല, എന്നാൽ പഠിക്കാൻ സാധിക്കും.”
ഒരു ബിസിനസ് സ്ഥാപനത്തിന്റെ നേതൃത്വപരമായ പങ്കുവഹിക്കുന്ന ഒരാൾ എന്നും രണ്ട് കണ്ണുകളും തുറന്നു വയ്ക്കുന്ന ഒരാളായിരിക്കണം.
ഓരോ സ്ഥാപനത്തിന്റെയും സീ ഇ ഒ മാരുടെ അനുഭവങ്ങളും രീതികളും മനസ്സിലാക്കുകയും, ഒപ്പം ഓരോ തീരുമാനങ്ങളിലും എത്രത്തോളം ഇന്റൻസിറ്റിയിൽ ആഘാത -പ്രത്യാഘാതങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് പഠിക്കുകയും,അതിനെ വിശകലനം ചെയ്യുകയും ചെയ്യണം.
അതുകൊണ്ടുതന്നെ, ഒരു ബിസിനസ് സ്ഥാപനത്തിന്റെ നേതൃത്വം പുതിയകാലത്ത് ഏറ്റെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ താഴെ ചേർക്കുന്നവയാണ്. നേരത്തെ സൂചിപ്പിച്ചതുപോലെ, ഇതൊന്നും ഒരൊറ്റമൂലി അല്ല.ഓരോരുത്തർക്കും ഓരോ രീതിയിൽ കാര്യങ്ങളെ മനസ്സിലാക്കാനും വിശകലനം ചെയ്യാനും പാഠമായി എടുക്കാനും സാധിക്കും.
നേതൃത്വ രീതികൾ മാറുന്നു എന്നതുപോലെ തന്നെ, നമുക്കുള്ള നേതൃത്വത്തെ കുറിച്ചുള്ള അവബോധം
എത്രത്തോളം മാറേണ്ടിയിരിക്കുന്നു എന്നതിനെക്കുറിച്ച് അവനവന് തന്നെ നല്ല തിരിച്ചറിവുണ്ടാവണം.
“ഞാൻ എല്ലാമായി, എനിക്കെല്ലാം അറിയാം” എന്ന ചിന്ത ആദ്യം തന്നെ ഒഴിവാക്കണം.
ഏറ്റവും വേഗത്തിൽ മാറിക്കൊണ്ടിരിക്കുന്ന ബിസിനസ് സാമ്രാജ്യത്തിൽ, പുതിയ പുതിയ രീതികൾ ആവശ്യമായി വരുന്ന ഓരോ നിമിഷത്തിലും, നമ്മൾ എത്രത്തോളം ജാഗ്രതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യണം എന്നത് വളരെ ഗൗരവത്തിൽ എടുക്കേണ്ടതുണ്ട്.
മാൻ മാനേജ്മെന്റ് രീതികൾ പഴയതിൽ നിന്നും എത്രയോ മാറിയ സ്ഥിതിക്ക്, നമ്മൾ എന്ന മനുഷ്യനും സംസ്കരിക്കപ്പെടേണ്ടതുണ്ട്. അത് എത്ര വലിയ നേതാവായാലും.
ചില പ്രധാനപ്പെട്ട പോയിന്റുകൾ നമുക്ക് പരിശോധിക്കാം.
1. സഹാനുഭൂതിയിലും ആധികാരികതയിലും ഊന്നൽ നൽകൽ:
(Emphasis on Empathy & Authenticity)
എംപതി എന്ന വാക്ക് ബിസിനസ് രീതികളിൽ മാത്രമല്ല, ഓരോ മനുഷ്യനും സഹജീവികളോട് പുലർത്തേണ്ട ഒരു കാര്യമാണ്. ബിസിനസും ബിസിനസിന്റെ ലക്ഷ്യങ്ങളും ഒപ്പം ഉൽപാദനക്ഷമതയും ലാഭക്ഷമതയുംനിലനിർത്തേണ്ടതും ഉയർത്തേണ്ടതും വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഒപ്പം മനുഷ്യൻ എന്ന രീതിയിൽ ഓരോരുത്തർക്കും ഉണ്ടാകുന്ന വിഷയങ്ങളെ ഉൾക്കൊണ്ടുകൊണ്ട് കാര്യങ്ങൾ നിയന്ത്രിക്കാൻ സാധിക്കുന്നതാണ് പുതിയ കാലത്തെ ഒരു നേതാവിന് വേണ്ട ഏറ്റവും വലിയ ഗുണം.
തൊഴിലാളികളോടും മറ്റു തല്പരകക്ഷികളോടും സഹാനുഭൂതിയോടെ പെരുമാറിയാൽ അവരെ വാല്യൂ ചെയ്യുന്നു എന്നും അവരെ കേൾക്കുന്നു,മനസ്സിലാക്കുന്നു എന്നുമുള്ള ഒരു ഫീൽ ഉണ്ടാവുകയും
അത് ബിസിനസിന്റെ വളർച്ചയ്ക്ക് മികച്ച പിന്തുണ നൽകുകയും ചെയ്യും.
ഒപ്പം ചെയ്യുന്ന ഓരോ കാര്യത്തിലും വളരെ ആധികാരികമായ ഇടപെടൽ നടത്താൻ ഒരു നേതാവിന് സാധിക്കണം.
ഉദാഹരണത്തിന്,
ആപ്പിളിന്റെ സി ഇ ഒ യായ ടിം കുക്കും,
മൈക്രോസോഫ്റ്റ് സീ ഇ ഒ ആയ സത്യാ നടേലയും “എമ്പതെറ്റിക് ലീഡേഴ്ഷിപ്പ് ” എന്നതിലൂടെ ഏറെ ശ്രദ്ധേയമായ ഗുണം നേടുകയും പ്രശംസ പിടിച്ചു പറ്റുകയും ചെയ്തവരാണ്.
എല്ലാ കാര്യങ്ങളിലും പറ്റാവുന്നത്രയും തൊഴിലാളികളെ ഉൾപ്പെടുത്തുകയും, തൊഴിലാളികളുടെ ക്ഷേമം എന്നത് മുൻഗണനയിലേക്ക് കൊണ്ടുവരികയും ചെയ്താൽ അവർ എത്രത്തോളം അവർക്ക് സാധിക്കുമോ, അത്രയും പരിശ്രമം അവരുടെ ഭാഗത്തു നിന്നുണ്ടാവും എന്ന് കാണിച്ചുതന്നവരാണ് ഈ രണ്ടുപേരും.
ഇങ്ങനെ പുതിയകാലത്ത് നേതൃത്വം ഏറ്റെടുക്കുന്നവർ മറ്റുള്ളവരെ കണ്ടുപഠിക്കാനും, ഉൾക്കൊള്ളാനും ശ്രമിച്ചാൽ തന്നെ വലിയ മാറ്റം ബിസിനസ് വിജയത്തിന്റെ കാര്യത്തിൽ ഉണ്ടാക്കാൻ സാധിക്കും.
2. മികച്ച/ മര്യാദപൂർവ്വമായ തീരുമാനമെടുക്കൽ.
(Ethical Decision Making)
ഏതൊരു ബിസിനസിനെ സംബന്ധിച്ചിടത്തോളവും, നേതൃത്വത്തെ സംബന്ധിച്ചും നിർണായകമായ ഒരു കാര്യമാണ് തീരുമാനമെടുക്കൽ.
പുതിയകാലത്ത് നേതൃത്വത്തിൽ ഏറ്റവും പ്രധാനപ്പെട്ട വിഷയമാണ് എത്തിക്കൽ ലീഡർഷിപ്പ് എന്നത്.എത്രതന്നെ പ്രതിസന്ധി ഉണ്ടായാലും
മൂല്യ വ്യവസ്ഥയിൽ ഇളവ് ചെയ്യാതെ തീരുമാനമെടുക്കാൻ സാധിക്കുക എന്നത്, വേറെ വെല്ലുവിളികൾ നിറഞ്ഞതാണ്.
സുതാര്യവും സത്യസന്ധവുമായ രീതിയിൽ കാര്യങ്ങളെ കൈകാര്യം ചെയ്യാൻ സാധിക്കുമ്പോൾ, ആ നേതാവിന് കൂടെയുള്ളവരുടെ ഹൃദയത്തിൽ സ്ഥാനം ലഭിക്കും. താൽക്കാലികമായ നേട്ടങ്ങൾക്ക് വേണ്ടി മൂല്യ ബോധം നഷ്ടപ്പെടുത്തിയാൽ അത് ദീർഘകാലത്തേക്കുള്ള സാധ്യതകളുടെ വാതിലുകൾ അടയ്ക്കുകയാണ്.
വോൻ ചോയ്നർഡ് ഒരു കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറാണ്. പാറ്റഗോണിയ എന്ന കമ്പനിയുടെ.
പാരിസ്ഥിതിക സന്തുലനത്തിന് വേണ്ടിയുള്ള പ്രതിജ്ഞാപദമായ അദ്ദേഹത്തിന്റെ നിലപാടുകൾ ബിസിനസ് സ്ഥാപനത്തെ മികച്ച ഒരു സ്ഥാപനം എന്ന രീതിയിൽ അടയാളപ്പെടുത്തി.
താൽക്കാലിക ലാഭത്തിനുവേണ്ടി പരിസ്ഥിതിയെ പോലും മറന്നു പോകുന്ന പുതിയ കാലത്ത്, അദ്ദേഹം ഒരു മാതൃകയായി നമുക്ക് മുന്നിൽ ഉണ്ടാവണം.
3. ഉദ്ദേശത്തിൽ ഊന്നിയ നേതൃത്വം (Purpose – Driven Leadership)
ഉസ്താദ് ഹോട്ടൽ എന്ന സിനിമയ്ക്ക് പ്രചോദനമായ വ്യക്തിത്വമാണ് നാരായൺ കൃഷ്ണൻ. ബാംഗ്ലൂരിലെ താജ് ഹോട്ടലിലെ ജോലിയുടെ കാലത്ത് അദ്ദേഹത്തിന്റെ മനസ്സിൽ ഉണ്ടായ ആശയത്തിന്റെ ഫലമായിട്ടാണ് ഒരു വ്യക്തി, ഒരു പ്രസ്ഥാനമായി മാറിയത്.
അദ്ദേഹം സൂചിപ്പിച്ച ഏറ്റവും പ്രധാനപ്പെട്ട ഒരു വാചകം എന്നത്. ഒരു സംഭവത്തിന്റെ ഭാഗമായിട്ട് അദ്ദേഹത്തിന്റെ ഉള്ളിൽ ഉയർന്നു വന്ന ഒരു ചോദ്യമുണ്ട് ” വാട്ടീസ് ദ പർപ്പസ് ഓഫ് മൈ ലൈഫ്” എന്നതാണത്. ആ ചോദ്യത്തിന്റെ ഉത്തരമാണ് അതിനുശേഷമുള്ള അദ്ദേഹത്തിന്റെ ജീവിതം.
ഇതൊരു വ്യക്തിയുടെ കാര്യമാണെങ്കിൽ, ഏതൊരു ബിസിനസ് സ്ഥാപനത്തിനും ലാഭം നേടുക എന്നതിനപ്പുറം, എന്താണ് ഈ സ്ഥാപനത്തിൽ ഈ ഭൂമിയിൽ പ്രാധാന്യം എന്നും, ഈ സ്ഥാപനത്തിന്റെ ഉദ്ദേശം എന്ത് എന്നതിനെക്കുറിച്ചുമുള്ള വ്യക്തമായ, ഒപ്പം ശക്തവുമായ കാഴ്ചപ്പാട് ഉണ്ടാവണം.
ലാഭമില്ലാതെ ലാഭക്ഷമതയില്ലാതെ ഒരു സ്ഥാപനത്തിനും പിടിച്ചുനിൽക്കാൻ സാധിക്കില്ല എന്നത് യാഥാർത്ഥ്യം തന്നെയാണ്. അതോടൊപ്പം, ലാഭം മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാൽ നമുക്ക് നിലനിൽപ്പില്ല എന്നതും ഒരു നേതൃത്വം ഏറ്റെടുക്കുന്ന ആൾ മനസ്സിലാക്കേണ്ടതുണ്ട്.
യൂനി ലിവർ എന്ന കമ്പനിയുടെ മുൻ
സി ഇ ഒ ആയ പോൾ പോൾമാൻ സുസ്ഥിരത എന്ന ഒരു കോർ വാല്യൂ വെച്ചു കൊണ്ടുള്ള ഒരു ബിസിനസ് മോഡലാണ് അവതരിപ്പിച്ചത്. സാമ്പത്തികനേട്ടത്തോടൊപ്പം തന്നെ സമൂഹത്തിലും പരിസ്ഥിതിയിലും ഒരു പോസിറ്റീവ് പ്രതിഫലനം ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തിനുവേണ്ടി പ്രവർത്തിച്ചിരുന്നു അദ്ദേഹം എന്നത് ശ്രദ്ധേയമാണ്.
അത് തുടർന്നു പോകാനും സാധിക്കേണ്ടതാണ്.
4. വൈവിദ്ധ്യവും ഉൾകൊള്ളിക്കലും (Diversity and Inclusion)
ഒരു സ്ഥാപനത്തിന്റെ വളർച്ചയിൽ ഏറെ നിർണായകമായതും അതോടൊപ്പം വെല്ലുവിളികൾ നിറഞ്ഞതുമാണ് വൈവിധ്യവും ഉൾക്കൊള്ളലും എന്നത്.
ഭാഷാപരമായും, ലിംഗപരമായും, വിദ്യാഭ്യാസപരമായും ഒക്കെയുള്ള വൈവിധ്യം ഒരു സ്ഥാപനത്തിന്
പ്രതീക്ഷിക്കുന്നതിനപ്പുറമുള്ള നേട്ടങ്ങൾ ഉണ്ടാക്കിയേക്കാം. ചില സ്ഥാനങ്ങളിൽ പരിണത പ്രജ്ഞരായവരെ മാത്രമേ ഉൾപ്പെടുത്തൂ എന്നപോലെ ചില തീരുമാനങ്ങൾ വളർച്ചയുടെ വേഗത കുറച്ചേക്കാം. സ്ത്രീയെന്നോ പുരുഷനെന്നോ നോക്കാതെ, ജാതിയോ മതമോ നോക്കാതെ എല്ലാവരെയും വിശ്വസിച്ച് ഉൾപ്പെടുത്താനും, വേറിട്ട ചിന്തകളുടെ ഒരു സമുച്ചയം തന്നെ ഉണ്ടാക്കാനും ശ്രമിക്കണം.അതിന് നല്ല വ്യക്തിധാരണ അത്യാവശ്യമാണ്.
ഉദാഹരണത്തിന്, വാൾഗ്രീൻസ് ബൂട്ട്സ് അലയൻസിന്റെ മുൻ സി ഇ ഓയും സാംസ് ക്ലബ്ബിന്റെ ഇപ്പോഴത്തെ സി ഇ ഓയുമായ റൊസാലിന്റ് ബ്രെവർ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകിയ ഒരു കാര്യമായിരുന്നു കോർപ്പറേറ്റ് ലീഡർഷിപ്പിൽ വൈവിധ്യത്തിന്റെ ആവശ്യകത. അതിനുവേണ്ടി വാദിച്ച ഒരാളായിരുന്നു അദ്ദേഹം.
ലീഡർഷിപ്പിൽ സ്ത്രീകളെ ഉൾപ്പെടുത്തുന്നതിന് വേണ്ടി അദ്ദേഹം എന്നും ശ്രമിച്ചിരുന്നുവത്രേ.
പുതിയ തലമുറയിൽ നേതൃത്വം ഏറ്റെടുക്കുന്നവർ, ഇത്തരത്തിലുള്ള ദീർഘവീക്ഷണത്തോടെയുള്ള ഇടപെടലുകൾ നടത്തേണ്ടതുണ്ട്.
5. പൊരുത്തപ്പെടലും നവീനത്വവും (Adaptability & Innovation)
അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ബിസിനസ് ചിത്രങ്ങളും രീതികളുമാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്,
ഈ സാഹചര്യത്തിൽ മാറ്റത്തിനോടൊപ്പം പോവുക എന്നതിനേക്കാൾ പ്രധാനമാണ് മാറ്റത്തിനെക്കാൾ മുന്നേ പോകുക എന്നത്. ചില നേതാക്കൾ എന്റെ പിന്നാലെയാണ് മാറ്റണമെന്ന് മൂഢമായി വിശ്വസിച്ചു മുന്നോട്ടു പോകുമ്പോൾ നിലനിൽപ്പാണ് ചോദ്യചിഹ്നമാവുക.
മാറ്റത്തിന് വിധേയപ്പെടുക എന്നതിനപ്പുറം, മാറ്റത്തിന് പാകപ്പെടുകയും പുതിയതിനെ കൊണ്ടുവരാനും സ്വീകരിക്കാനും ഉള്ള മനസ്സ് ഉണ്ടാവുകയും ചെയ്യുക എന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്.
അതിനേറ്റവും വലിയ ഉദാഹരണമാണ്, നെറ്റ്ഫ്ലിക്സിന്റെ സി ഇ ഓ യും സഹ സ്ഥാപകനുമായ റീഡ് ഹേസ്റ്റിംഗ്സ്.
എന്നും ഇന്നവേഷന് വേണ്ടി ബോൾഡായി ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു സി ഇ ഒ.
പുതിയ ആശയങ്ങളെ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കാനും അതിനെ വിജയിപ്പിക്കാൻ ഉള്ള അദ്ദേഹത്തിന്റെ മിടുക്ക് ബിസിനസ് ലോകത്ത് പ്രശംസ പിടിച്ചുപറ്റിയതാണ്.
പഴയതിൽ തന്നെ ഉടക്കി നിൽക്കാതെ പുതിയതിനെ സ്വീകരിക്കാനുള്ള വിശാലമായ മനസ്സ് ഒരു പുതിയ നേതാവിന് നിർബന്ധമാണ് എന്നാണ് അദ്ദേഹം നമുക്ക് കാട്ടിത്തരുന്നത്.
സ്ട്രീമിങ് ഇൻഡസ്ട്രിയിൽ
ചോദ്യം ചെയ്യാനാവാത്ത നിലയിൽ നെറ്റ്ഫ്ലിക്സ് നിലകൊള്ളുന്നതിൽ അദ്ദേഹത്തിന്റെ സമീപനം ഏറെ
ശ്രദ്ധേയമാണ്.
ഒരു ബിസിനസ് കോംപീറ്റിറ്റീവ് ആയി നിലനിൽക്കാൻ ഇന്നവേഷൻ വളരെ അത്യന്താപേക്ഷിതമാണ്. പുതിയ കോലത്ത് നേതൃത്വം ഏറ്റെടുക്കുന്നവർ ശ്രദ്ധിക്കേണ്ട, ഉൾക്കൊള്ളേണ്ട ഒരു കാര്യം കൂടിയാണിത്.
6. ഡിജിറ്റൽ സാക്ഷരത (Digital Literacy)
എല്ലാ കാര്യങ്ങളും ഔട്ട് സോഴ്സ് ചെയ്യാൻ സാധിക്കുന്നതും, ഏതു ലെവലിലുള്ള എക്സ്പെർടൈസും പണം കൊടുത്ത് വാങ്ങിക്കാവുന്നതും ഒക്കെയാണെങ്കിലും, നിർമ്മിത ബുദ്ധിയുടെ എല്ലാ കളികളും നടന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് നേതൃത്വസ്ഥാനങ്ങളിൽ ഇരിക്കുന്ന ആളുകൾ ഓരോ മാറ്റത്തെയും അപ്പപ്പോൾ തന്നെ പഠിച്ചെടുക്കാനും മനസ്സിലാക്കിയെടുക്കാൻ ഉള്ള മാനസികാവസ്ഥ ഉള്ളവരും, അർപ്പണബോധമുള്ളവരും ആയിരിക്കണം.
നമ്മൾ അതിന്റെ എക്സ്പെർട്ട് ഹാൻഡ് എന്ന നിലയിൽ ഉപയോഗിക്കേണ്ടതില്ല എങ്കിലും, അറിഞ്ഞിരിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. വളരെ ശക്തമായ ഡിജിറ്റൽ ലിറ്ററസി, മാറിവരുന്ന ഓരോ ബിസിനസ് റിലേറ്റഡ് ടെക്നോളജിയിലും,നേതൃത്വസ്ഥാനത്ത് ഇരിക്കുന്നവർക്ക് ഉണ്ടാവേണ്ടതാണ്.
സാങ്കേതികവിദ്യയെ മാറ്റിനിർത്തിക്കൊണ്ടുള്ള ഒരു വളർച്ച സങ്കൽപ്പിക്കാൻ പോലും പറ്റാത്തതാണ്. അത് തിരിച്ചറിഞ്ഞുകൊണ്ട് പെരുമാറിയാൽ മാത്രമേ ഒരു നേതാവിന് സ്ഥാപനത്തിന്റെ വിജയം ഉറപ്പിക്കാൻ ആവുകയുള്ളൂ.
ഏറ്റവും കൂടുതൽ പ്രോസസിന് വിധേയമാക്കേണ്ട ഒരു വ്യക്തിയാണ് നേതൃത്വം എന്നത്.
അതിനേറ്റവും ഉദാഹരണമായി പറയാവുന്നത്, ആൽഫബെറ്റ് (ഗൂഗിളിന്റെ പേരന്റ് കമ്പനി) എന്ന കമ്പനിയുടെ സി ഇ ഒ ആയ സുന്ദർ പിച്ചയാണ്. കമ്പനിയുടെ വളർച്ചയ്ക്ക് വേണ്ടി നിർമ്മിത ബുദ്ധിയിലും, ക്ലൗഡ് കമ്പ്യൂട്ടിങ്ങിലും, മറ്റു പല ടെക്ക് ഡൊമൈനുകളിലും അദ്ദേഹം ആർജ്ജിച്ചെടുത്ത ശക്തമായിട്ടുള്ള പഠനവും അറിവും ആണ്, ആർക്കും പിടിച്ചു കെട്ടാൻ ആവാത്ത വിധം
ഗൂഗിളിനെയും ആൽഫബെറ്റിനെയും മുന്നോട്ട് നയിക്കുന്നത്.
ഡെഡിക്കേഷന്റെ മൂർത്തമായ അടയാളമാണ് അദ്ദേഹം. പുതിയ കാലത്തെ നേതൃത്വശേഷി എന്നത് ഇതിനുമപ്പുറം എത്രയോ കാര്യങ്ങൾ ഉൾക്കൊള്ളുന്നതാണ്. വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ നമ്മൾ ഇവിടെ സംസാരിച്ചിട്ടുള്ളൂ. അതാണ് നേരത്തെ സൂചിപ്പിച്ചതുപോലെ നേതൃത്വം എന്നു പറയുന്നത് പഠിപ്പിക്കുന്നതിനപ്പുറം പഠിച്ചെടുക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്.അത് ഇവിടെ പറഞ്ഞ ആളുകളെക്കാൾ, ഇനിയും ഒരുപാട് ആളുകൾ പുറത്തുള്ളവരുണ്ട്.
പുതിയ കാലത്തിന് ആവശ്യമായ കഴിവുകൾ നേടിയെടുത്തു കൊണ്ട് അറിവുകൾ പ്രായോഗികതലത്തിൽ
കൊണ്ടുവന്ന് വിജയിക്കാൻ ഓരോരുത്തർക്കും സാധിക്കട്ടെ.
ശിവ് ഖേരയുടെ ഒരു വാചകം കടമെടുത്താൽ,” വിജയികൾ വ്യത്യസ്തമായ കാര്യങ്ങൾ അല്ല ചെയ്യുന്നത്, ചെയ്യുന്ന കാര്യങ്ങൾ വ്യത്യസ്തമായി ചെയ്യുന്നു എന്ന് മാത്രം.”
വ്യത്യസ്തമായി കാര്യങ്ങൾ ചെയ്തു വിജയത്തിലെത്താൻ, ഇത് വായിക്കുന്ന ഓരോരുത്തർക്കും ആശംസകൾ നേരുന്നു.