തോൽപ്പിക്കാൻ ശ്രമിച്ചാൽ തോൽക്കുന്നതല്ല ജയിക്കണം എന്ന ഉറച്ച മനസ്സോടെ ജീവിക്കുന്ന ജീവിതങ്ങൾ, ആഴക്കടലിലെ ചുഴികളിൽ അകപ്പെട്ടപോലെ ജീവിതം ചിലപ്പോൾ പരീക്ഷണങ്ങളിലൂടെ കൊണ്ടുപോയെന്നിരിക്കാം. ജീവിതത്തിന്റെ ഗ്രാഫ് സാധാരണ നിലയിൽ കടന്നുപോകവേ പെട്ടെന്നുള്ള ഭർത്താവിന്റെ മരണം സാറ സറീനയെ മാനസികമായി തളർത്തി, വീട്ടമ്മയായി കുടുംബിനിയായി കഴിഞ്ഞു പോന്ന സാറയ്ക്ക് താങ്ങും തണലും ബാങ്ക് ബാലൻസും എല്ലാം ഭർത്താവ് എന്ന ഒരൊറ്റ വ്യക്തിയെ ആശ്രയിച്ചായിരുന്നു. ജീവിതത്തിന്റെ കാണാകയങ്ങളിലേക്ക് പൊടുന്നനെ എറിയപ്പെട്ടപ്പോൾ തകർന്നടിഞ്ഞ സാറ, സധൈര്യം ആത്മവിശ്വാസവും ഇച്ഛാശക്തി വീണ്ടെടുത്ത് ജീവിതം പൂജ്യത്തിൽ നിന്നും ആരംഭിക്കാൻ തുടങ്ങി.
മരണത്തിന്റെ അവസാനനിമിഷങ്ങളിൽ പങ്കാളി ഹാരിസ് അഹമ്മദ് സാറയുടെ കൈകൾ മുറുകെ പിടിച്ചുകൊണ്ട് ഒന്നും പറയാതെ ഏൽപ്പിച്ച മക്കൾ ഉൾപ്പെടെ പല ഉത്തരവാദിത്തങ്ങളും ജീവിക്കാൻ പ്രതീക്ഷയേകുന്നതായിരുന്നു.

Founder, Zaarah Concepts
Celebrity Makeup Artist
Kanjirappally
ഉപജീവനമാർഗം കണ്ടെത്തുക എന്നതായിരുന്നു അടുത്ത വെല്ലുവിളി. ജോലിക്കായുള്ള തേടലിന്റെ ഒടുവിൽ ഉയർത്തി എടുത്തതാണ് സാറാ കൺസെപ്റ്റ്. സാറ ഡിസൈൻസ്, സാറ കഫെ, സാറ ക്ലൗഡ് കിച്ചൻ, സാറ ആർട്ടിസ്റ്റ്റി തുടങ്ങിയവയെല്ലാം ഇതിൽ നിന്നും ഉരുത്തിരിഞ്ഞവയാണ്. സന്തോഷകരമായ കുടുംബജീവിതവും സാമ്പത്തികഭദ്രതയും എല്ലാവരുടെയും പ്രഥമ പരിഗണനയിൽ ഉൾപ്പെടുന്നവയാണ്. അത്രത്തോളം പരമ പ്രാധാന്യമർഹിക്കുന്നതാണ് ഒരു തൊഴിൽ അഥവാ സ്വന്തമായി വരുമാനം ഉണ്ടാവുക എന്നുള്ളത്. കുടുംബം എന്ന ചിന്തയിൽ മാത്രം ഒതുങ്ങി കൂടാതെ ചുറ്റുപാടുകളും ആയി ബന്ധമുള്ള സാമൂഹ്യജീവി ആവുക എന്നുള്ളതും പ്രധാനമാണ്.
ചെറിയ ജോലികൾ ചെയ്തു പോന്നെങ്കിലും അതിലെ വരുമാനം കൊണ്ട് കുടുംബം പുലർത്തുക എന്നത് ഒരു പരീക്ഷണം ആയപ്പോൾ കോഫി വെൻഡിങ് മെഷീൻ ഡീലർഷിപ്പ് ഏറ്റെടുത്തുകൊണ്ട് ആറു വർഷത്തോളം ബിസിനസ് ചെയ്തു പോന്നു. കൊറോണ കാലത്ത് സാറ ക്ലൗഡ് കിച്ചൻ എന്ന പേരിൽ വീട്ടിലെ അടുക്കളയിൽ പാകം ചെയ്ത ഹോം മെയ്ഡ് ഫുഡ് സാറയുടേതായ പുതിയ നാമങ്ങളിൽ നിറമാർന്ന രുചിക്കൂട്ടുകളിൽ ആവശ്യക്കാരിലേക്ക് എത്തി. മൗത്ത് പബ്ലിസിറ്റി വഴിയും സാറയുടെ ബ്രോഡ്കാസ്റ്റ് ലിസ്റ്റ്ലൂടെയും നിരവധി പേർ സ്ഥിരം കസ്റ്റമേഴ്സ് ആയി. വരുമാനം വർദ്ധിച്ചതിൽ ഉപരി ആളുകളുടെ വയറിനൊപ്പം മനസ്സുനിറഞ്ഞതും സാറയിൽ വലിയ സംതൃപ്തിയും സന്തോഷവും ഉണ്ടാക്കി. കൊറോണയ്ക്ക് ശേഷം മാർക്കറ്റുകൾ സജീവമായതോടെ ഇതൊരു സംരംഭം ആക്കുന്നതിന് മുന്നോടിയായി അവശ്യ കാര്യങ്ങളിലെ അപര്യാപ്തതയും എല്ലാത്തിനും താൻ കാര്യങ്ങൾ ഓടിനടന്ന് ചെയ്യണമെന്ന വ്യവസ്ഥ നിലവിൽ ജീവിതത്തിൽ ഉള്ളത് പരിഗണിച്ച് സാറ ക്ലൗഡ് കിച്ചണിന് തൽക്കാലം താഴിട്ട് പൂട്ടി. എന്നിരുന്നാലും രുചിക്കൂട്ടിന്റെ മാന്ത്രിക താക്കോൽ ഇന്നും സാറയുടെ പക്കൽ ഭദ്രമാണ്.
പിന്നീട് പട്ടണം റഷീദിന്റെ അക്കാദമിയിൽ കോസ്മെറ്റോളജിയിൽ ഡിപ്ലോമ കോഴ്സ് ചെയ്തുകൊണ്ട് സാറ ആർട്ടിസ്റ്റ്റി എന്ന മേക്കപ്പ് സ്റ്റുഡിയോ തുടങ്ങി. സ്വന്തവും ബന്ധവുമായി ആളുകൾ ഉണ്ടായിരുന്നുവെങ്കിലും ആരെയും ബുദ്ധിമുട്ടിക്കരുത് എന്നുള്ള ഉറച്ച തീരുമാനം കൂടിയാണ് സാറയെ ഒരു വനിതാ സംരംഭകയിലേക്ക് നയിച്ചതും.
ചെറുപ്പത്തിലെ അണിഞ്ഞൊരുങ്ങാനും അണിയിച്ചൊരുക്കാനും ഏറെ ഇഷ്ടപ്പെട്ടിരുന്നതിനാൽ വിരസത കൂടാതെ പാഷനേറ്റായി ജോലി ചെയ്യാനും ഈ മേഖലയിൽ സാധിക്കുന്നു. ഈ കഴിഞ്ഞ വനിതാ ദിനത്തിൽ മലയാള മനോരമ ഒരുക്കിയ വുമൺസ് ഡേ ഫോട്ടോഷൂട്ടിൽ വിവിധ മേഖലകളിൽ നിന്നുള്ള 12 നും 98 നും ഇടയിൽ പ്രായമുള്ള 32 ഓളം വനിതകളെ അണിയിച്ചൊരുക്കുവാൻ അവസരം ലഭിക്കുകയും അവരിലൊരാളാവാൻ സാധിച്ചു എന്നതും സന്തോഷം നൽകിയ ഒന്നായിരുന്നു.
ശൂന്യമായ കൈകളിൽ വിശ്വസ്തതയോടെ ഏൽപ്പിച്ച രണ്ട് മക്കൾ സിയാൻ അഹമ്മദിനെയും, സമാൻ അഹമ്മദിനെയും ഈ ഉമ്മ പൊന്നുപോലെ തന്നെ വളർത്തുന്നു. ഇരുവരും വിദ്യാർത്ഥികളാണ്.
കാഞ്ഞിരപ്പള്ളിയിൽ സ്വന്തമായി വീട് എന്ന സ്വപ്നം കൂടി സാക്ഷാത്കരിച്ചു. സാരഥിയായി ഒരു വാഹനവും വാങ്ങി. ജീവിതത്തിലെ കോർത്ത് വയ്ക്കാവുന്ന തിളക്കമാർന്ന ഏടുകൾ തന്നെയാണ് ഇതെല്ലാം സാറയ്ക്ക്.
ആഗ്രഹ സഫലീകരണത്തിനപ്പുറം മരിച്ചുപോയ തന്റെ പങ്കാളിക്ക് മൗനമായി നൽകിയ വാഗ്ദാനങ്ങൾ എല്ലാം സാധിച്ചു പോവുന്നത്തിന്റെ ചാരിതാർത്ഥ്യവും സാറയ്ക്കുണ്ട്. ഈ സംരംഭകയുടെ അടുത്ത ലക്ഷ്യം ഒരു യൂണിസെക്സ് സലൂൺ ആരംഭിക്കുക എന്നതാണ്.
എല്ലാ അതിജീവനങ്ങൾക്കിപ്പുറം അടുത്ത ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിലേക്ക് കരുത്തോടെ കുതിക്കുകയാണ് സാറ.