ദൈവത്തിന്റെ സ്വന്തം നാടെന്ന് കേൾവി കേട്ട നമ്മുടെ കേരളത്തിന്റെ പ്രകൃതി സൗന്ദര്യത്തിലും പൈതൃകത്തിലും മാറ്റുരയ്ക്കാൻ പറ്റാത്ത ഒന്നാണ് നമ്മൾ മലയാളികൾ കണികണ്ടുണരുന്ന കേരനിരകൾ.
പ്രത്യേകിച്ചും മലയാളികളുടെ ദിനചര്യയിൽ പ്രാതൽ മുതൽ അത്താഴം വരെ നാളികേരത്തിന്റെ രുചിപെരുമ വിളിച്ചോതുന്ന വിഭവങ്ങൾ കൊണ്ട് വൈവിധ്യം തീർക്കുന്നു ഓരോ മലയാള വീട്ടിലെയും തീന്മേഷകൾ.
നാളികേരത്തെ കുറിച്ചുള്ള ഗാനങ്ങൾ പോലും മലയാളിയുടെ നാവിൻ തുമ്പുകളിൽ ഇന്നും വായ്ത്താരിയാണ്.
അത്രയേറെ പ്രാധാന്യമുള്ള നാളികേരത്തിന്റെ ബിസിനസ് സാധ്യതകളും ഏറെയാണ് നാളികേരത്തിന്റെ കമ്പോളത്തിലെ വില നിലവാരത്തിനനുസൃതമായി ഉപയോഗ നിയന്ത്രണം വന്നപ്പോൾ പകരക്കാരായി വന്ന സൺഫ്ലവർഓയിൽ, സോയ ഓയിൽസ്, പാമോയിൽ തുടങ്ങിയവ വിപണി ഭരിക്കാൻ തുടങ്ങി.
എന്നാൽ ഇതൊന്നും വെളിച്ചെണ്ണയ്ക്ക് പകരമാവില്ല എന്ന യാഥാർത്ഥ്യത്തിൽ നിന്നുകൊണ്ടും, ചെറുപ്പം മുതലേ തെങ്ങ് കൃഷി ഉപജീവനമാർഗ്ഗം ആയിരുന്ന ഒരു കർഷക കുടുംബത്തിൽ ജനിച്ച സജി മണിമല എന്ന വ്യക്തിക്ക് ബിസിനസ് തുടങ്ങാൻ ഇതിലും നല്ല പരിചിത മേഖല വേറെയില്ല തന്നെ.
നിരവധി ഗുണങ്ങൾ ഉള്ള പോഷക കലവറ യായ നാളികേരത്തിന്റെ തേങ്ങ, കൊപ്ര, പൊങ്ങ്, പിണ്ണാക്ക്, ചിരട്ട, തുടങ്ങിയ എല്ലാം ഉപയോഗപ്രദമായവയാണ്. ഒന്നും തന്നെ കളയാൻ ഇല്ല എന്നു പറയാം.
കേരള ഭക്ഷണത്തിന്റെ രുചിയുടെ ഏറിയ പങ്കു വഹിക്കുന്നതും വെളിച്ചെണ്ണയാണെന്ന് പറയാം.
കോഴിക്കോട് സ്വദേശിയായ സജി കട്ടിപ്പാറ കോക്കനട്ട് ഇൻഡസ്ട്രീസിന്റെ സ്ഥാപകനും മാനേജിംഗ് പാർട്ണറും ആണ്. 1999ൽ തേങ്ങ സംസ്കരിച്ച് കൊപ്ര ആക്കുന്ന രീതിയിലായിരുന്നു ബിസിനസിന്റെ തുടക്കം, ശേഷമാണ് കൊപ്രയിൽ നിന്നും വെളിച്ചെണ്ണയിലേക്ക് തിരിയുന്നത്. വർഷം രണ്ടായിരത്തിലെത്തിയപ്പോൾ നാളികേര അധിഷ്ഠിത വ്യവസായത്തിൽ സജി പൂർണ്ണമായും ഇറങ്ങി. 2004ൽ എണ്ണമിൽ തുടങ്ങി. 2008 ആകുമ്പോഴേക്കും ദിനംപ്രതി 15,000 നാളികേരം സംസ്കരിക്കാൻ കെല്പ്പുള്ള ഡ്രയർ സ്ഥാപിച്ചു. നിലവിൽ 3000 ലിറ്റർ വെളിച്ചെണ്ണ ദിവസേന ലഭിക്കുന്ന രീതിയിൽ വളർന്നുനിൽക്കുന്നു കോക്കനട്ട് മാൻ എന്നറിയപ്പെടുന്ന സജിയുടെ പവിത്ര ബ്രാൻഡ്.
പരിശുദ്ധിയുടെ കാര്യത്തിലും ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല സജി. അത് തന്നെയാണ് നമ്മൾ പലരുടെയും അടുക്കളയിൽ പവിത്രയ്ക്കിന്നൊരു സ്ഥാനമുള്ളതിന്റെ കാരണവും .
കൊപ്ര ഉത്പാദനത്തിനു ശേഷം വരുന്ന പിണ്ണാക്ക് പവിത്ര തേങ്ങാപ്പിണ്ണാക്ക് എന്ന പേരിലും ലഭ്യമാണ്.
നാളികേരത്തിൽ വൈവിധ്യം തീർക്കാൻ ഒരുങ്ങി തേങ്ങാവെള്ളത്തിൽ നിന്നും വൈൻ ഉല്പാദിപ്പിക്കുന്ന ഒരു പുതിയ പരീക്ഷണം നടത്തി വിജയിച്ചു നിൽക്കുന്നു.
എന്നാൽ വ്യാപാരടിസ്ഥാനത്തിൽ വിപണന സാധ്യത മുന്നിൽ ഉണ്ടെങ്കിലും വ്യാവസായികാടിസ്ഥാനത്തിൽ നിയമത്തിന്റെ പരിഗണന കാത്തു കിടക്കുകയാണ്.
വിട്ടുവീഴ്ചകൾ ചെയ്യാതെ ആരോഗ്യം സംരക്ഷിച്ചുകൊണ്ടു തന്നെ ആഗോളതലത്തിൽ വ്യത്യസ്തത തീർക്കാനായി കോക്കനട്ട് മാൻസ് കുസിൻസ് എന്ന റസ്റ്റോറന്റും തുടങ്ങിയിട്ടുണ്ട്. മറ്റൊരു ഓയിലും ഉപയോഗിക്കാതെ വെളിച്ചെണ്ണയിൽ മാത്രം ഉണ്ടാക്കുന്ന ഭക്ഷണം ഇതാണ് ഇവിടത്തെ പ്രത്യേകത. ഇതിന്റെ റെസിപ്പീസ് ഉണ്ടാക്കുന്നത് മക്കൾ അതുല്യയും അനന്യയും ആണ്. ക്വാളിറ്റി ടെസ്റ്റ് കാര്യങ്ങൾ ചെയ്യുന്നത് ഭാര്യ നിഷയും.
വ്യാവസായികാടിസ്ഥാനത്തിലും തീൻ മേശയിലും ഉൾപ്പെടെ നാളികേരത്തിന്റെ പുത്തൻ വൈവിധ്യങ്ങൾ ഇനിയും കൊണ്ടുവന്ന ലോകോത്തര നിലവാരത്തിൽ എത്തിക്കുക എന്നുള്ളതാണ് അടുത്ത ലക്ഷ്യം.