“If we did the things we are capable of, we should astound ourselves”-Thomas A Edison
“നമുക്ക് ചെയ്യാൻ കഴിവുള്ള കാര്യങ്ങൾ നമ്മൾ ചെയ്തിരുന്നുവെങ്കിൽ, നാം നമ്മെത്തന്നെ അത്ഭുതപ്പെടുത്തും”
നമുക്കായി ഈശ്വരൻ തന്നിരിക്കുന്ന ചില പ്രത്യേക കഴിവുകളുണ്ട്, ആ കഴിവുകൾ കൃത്യ സമയത്ത് തന്നെ കണ്ടെത്തുവാൻ കഴിയുക എന്നതാണ് ഏറ്റവും വലിയ വിജയം.
നമ്മുടെ ജീവിതത്തിൽ “Thirteen – Thirty” എന്ന ഒരു സമവാക്യമുണ്ട്.
അതായത് ഒരു മനുഷ്യന്റെ അടിത്തറ പണികഴിപ്പിക്കേണ്ടതായ സമയം.
ലോക കോടീശ്വരന്മാരിൽ ഒരാളായ വാറൻ ബഫറ്റിനെ കുറിച്ച് നിങ്ങൾക്കറിയാം.
അദ്ദേഹം തന്റെ പതിനാലാം വയസ്സിലാണ് stock market ൽ നിക്ഷേപം ആരംഭിച്ചത്.
അത് ഒരുപാട് വൈകിപ്പോയി എന്നാണ് ഇന്ന് അദ്ദേഹം വിലപിക്കുന്നത്.
അതിനു കാരണം,
ദീർഘകാല നിക്ഷേപങ്ങൾ എടുത്ത് പരിശോധിച്ചാൽ വളരെ ചെറിയ പ്രായത്തിൽ നിക്ഷേപം ആരംഭിച്ച വ്യക്തികൾക്ക് ലഭിക്കുന്ന ലാഭത്തിന്റെ,
ലക്ഷത്തിൽ ഒരംശം പോലും ഹ്രസ്വകാല നിക്ഷേപകർക്ക് ലഭിക്കില്ല.
മുപ്പതോളം വർഷത്തെ പരിചയമുള്ള ഒരു Financial advisor എന്ന നിലയിൽ ഒരു ഉദാഹരണം പറയാം.
25 വയസ്സ് മുതൽ ആരംഭിച്ച് (1997) പ്രതിമാസം 1000 രൂപ വീതം മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിച്ചിരുന്ന ഒരു വ്യക്തിക്ക് ഇപ്പോൾ 50 വയസ്സ് (2022)ആയി എന്ന് കരുതുക.
ഇപ്പോൾ അദ്ധേഹത്തിന്റെ നിക്ഷേപത്തുകയും ലാഭവുമായി ഒരു കോടി രൂപയോളം ഉണ്ടാകും.
എന്നാൽ അദ്ദേഹം അത് 35 വയസ്സിലാണ് അതെ നിക്ഷേപം തുടങ്ങുന്നതെങ്കിൽ 31 ലക്ഷം രൂപ മാത്രമേ ഉണ്ടാകുകയുള്ളൂ.
അതെ വ്യക്തി 40 വയസ്സിലാണ് തുടങ്ങുന്നതെങ്കിൽ വെറും 9 ലക്ഷം രൂപ മാത്രമേ ലഭിക്കുകയുള്ളൂ.
അത് കൊണ്ട് തന്നെ വളരെ ചെറുപ്പത്തിൽ തന്നെ സാമ്പത്തിക വിദ്യാഭ്യാസം നേടണം എന്നതുമാത്രമല്ല അത് ചെറുപ്പത്തിൽത്തന്നെ നടപ്പിലാക്കി ശീലിക്കുകയും വേണം.
ഏതാണ്ട് പതിമൂന്ന് വയസ്സോടു കൂടി ഒരു കുട്ടിയുടെ വാസന അല്ലെങ്കിൽ ഒരു കാര്യത്തോടുള്ള അതിയായ താത്പര്യം, എന്താണെന്ന് ഒരു രക്ഷിതാവെന്ന നിലയിൽ നമുക്ക് തിരിച്ചറിയാൻ കഴിയും.
അതിന് കഴിയുന്നില്ലെങ്കിൽ DMIT പോലുള്ള Multiple Intelligence ടെസ്റ്റുകൾ ഇന്ന് സുലഭമാണ്.
അതിലൂടെ കുട്ടിക്ക് ശോഭിക്കാൻ കഴിയുന്ന മേഖലകൾ തിരിച്ചറിയുവാൻ കഴിയും.
കുട്ടിയ്ക്ക് ശോഭിക്കാൻ കഴിയുന്ന വിവിധ മേഖലകളിൽ നിന്ന് സ്വീകാര്യമായ ഒന്ന് തെരഞ്ഞെടുക്കുക എന്നതാണ് അടുത്തപടി.
അവിടെ മറ്റുള്ള കുട്ടികളുമായി സ്വന്തം കുട്ടിയെ താരതമ്യം ചെയ്യാതിരിക്കുക.
അടുത്തതായി കുട്ടി തെരെഞ്ഞെടുത്ത മേഖലയുമായി ബന്ധപ്പെട്ടുള്ള പഠനങ്ങൾ നൽകാനുതകുന്ന സ്ഥാപനങ്ങളും മേഘലകളും കണ്ടെത്തി കുറഞ്ഞത് പത്തുവർഷം ആ മേഖലയിൽ തന്നെ ഒരു വിദഗ്ദ പരിശീലനം നൽകുവാൻ കഴിഞ്ഞാൽ അയാൾ വിജയിക്കുക തന്നെ ചെയ്യും.
എന്തായാലും ശരി,
ഒരു കാര്യത്തിൽ പത്തു വർഷം ഉറച്ചു നിന്നാൽ ആരായാലും അക്കാര്യത്തിൽ മാസ്റ്റർ ആയി തീരും.
ഏതൊരു മേഖലയിലായാലും വിദഗ്ദനായ ഒരാളെ എല്ലാ മേഖലയിലും ആവശ്യമാണ് താനും.
ബ്രുസിലീ പറഞ്ഞപോലെ
“ഒരു നേരം പതിനായിരം അടവ് പ്രയോഗിക്കുന്നവനെ എനിക്ക് ഭയമില്ല. എന്നാൽ ഒരു അടവ് പതിനായിരം പ്രാവശ്യം പ്രാക്ടീസ് ചെയ്തവനെ എനിക്ക് ഭയമാണ്”
ഞാൻ പരിചയപ്പെട്ടിട്ടുള്ള ജീവിത വിജയം കൈവരിക്കാത്ത നിരവധി കഴിവുറ്റ ആളുകളെ പഠിച്ചതിൽ നിന്നും ഒരു കാര്യം ബോധ്യപ്പെട്ടത്,
ഭൂരിഭാഗം ആളുകളും ഒരേ സമയം വിവിധ കാര്യങ്ങളിൽ ഏർപ്പെട്ടവരോ അല്ലെങ്കിൽ ഒരു മേഖലയിൽ ഉറച്ചു നിൽക്കാത്തവരോ ആണ്.
Cris Bailey എന്ന പ്രമുഖനായ എഴുത്തുകാരന്റെ HYPER FOCUS എന്ന ഗ്രന്ഥത്തിൽ ഇക്കാര്യം പറയുന്നുണ്ട്.
ഒരു കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ വേണ്ട വിവിധ മാർഗ്ഗങ്ങളെക്കുറിച്ച് അദ്ധേഹം പ്രതിപാദിക്കുന്നുണ്ട്.
പലരും തെറ്റായി ചിന്തിക്കുന്ന ഒരു കാര്യം,
ഒരേ സമയം വിവിധ കാര്യങ്ങൾ ചെയ്താൽ കൂടുതൽ വരുമാനം കിട്ടുമെന്നാണ്.
Multi tasking ചെയ്യുമ്പോൾ സത്യത്തിൽ നമ്മുടെ ശ്രദ്ധ ഒന്നിൽ നിന്നും മറ്റൊന്നിലേയ്ക്ക് മാറിക്കൊണ്ടിരിക്കുകയും അത് കാരണം productivity യെ അത് സാരമായി ബാധിക്കുകയും ചെയ്യും.
അഗ്നിഹോത്രിയുടെ കഥ കേട്ടിട്ടുണ്ടാവും.
പന്തിരുകുലത്തിലെ ഏറ്റവും മുതിർന്നയാളായ അഗ്നിഹോത്രിയുടെ ഇല്ലത്തിലേയ്ക്ക് സഹോദരനാണെങ്കിലും താഴ്ന്ന കുലത്തിൽ വളർന്ന പാക്കനാർ ചെല്ലുമായിരുന്നു.
ഒരു ദിവസം പാക്കനാർ ഇല്ലത്തേക്ക് വന്ന നേരം അഗ്നിഹോത്രി പൂജകളിൽ ഏർപ്പെട്ടിരുന്ന സമയമായിരുന്നു.
തമ്പുരാൻ പൂജയിലാണെന്നും കയറി ഇരിക്കാൻ പറഞ്ഞെന്നും അഗ്നിഹോത്രിയുടെ കാര്യസ്ഥൻ വന്ന് പറഞ്ഞു.
പാക്കനാർ താഴെ കല്പടവിൽ കാത്തിരുന്നു.
ഓരോ പൂജ കഴിയുമ്പോഴും കാര്യസ്ഥൻ വന്നു പറയും “ഒരു പൂജകൂടിയുണ്ട് പാക്കനാരോട് ഇരിക്കാൻ പറഞ്ഞു”
ഗണപതി ഹോമം, ഭഗവതി പൂജ, അഗ്നിഹോത്രം… തുടങ്ങി നിരവധി പൂജകൾ അഗ്നിഹോത്രി ചെയ്തുകൊണ്ടേയിരുന്നു…
ഓരോ പൂജ കഴിഞ്ഞ് കാര്യസ്ഥൻ പറയുമ്പോഴും പാക്കനാർ മുറ്റത്ത് ഒരു കുഴി കുത്തുമായിരുന്നു.
എല്ലാ പൂജയും കഴിഞ്ഞ് അഗ്നിഹോത്രി പുറത്തു വന്നു.
നോക്കുമ്പോൾ പാക്കനാർ അവിടെ കുറെ കുഴികൾ കുത്തിയിരിക്കുന്നു.
എന്താ പാക്കനാരെ ഇതെന്ന് അഗ്നിഹോത്രി ചോദിച്ചു.
അപ്പോൾ പാക്കനാർ മറുപടി പറഞ്ഞു “ഈ കുഴികളെല്ലാം കൂടി ഒരിടത്തു കുഴിച്ചിരുന്നെങ്കിൽ വെള്ളം കാണാമായിരുന്നു”
ഇത്രയും പറഞ്ഞ പാക്കനാർ അവിടുന്ന് നടന്നു മറഞ്ഞു.
ഈ കഥയിലൊരു പാഠമുണ്ട്,
പ്രാർത്ഥനയായാലും പ്രവൃത്തിയായാലും ഒരു കാര്യത്തിൽ ശ്രദ്ധ ഊന്നിയാൽ മാത്രമേ ഫലം ലഭിക്കൂ എന്ന മഹത്തരമായൊരു പാഠം…
ലേഖകൻ
N S ANILKUMAR, DME BA Soc MBA
(Entrepreneur Trainer & Financial Consultant)