പരമ്പരാഗത പാർട്ണർഷിപ്പ് ബിസിനസ് സംരംഭങ്ങളുടെ പോരായ്മകളും പരിമിതികളും കണ്ടറിഞ്ഞ് പുതിയ കാലത്തിന്റെ ആവശ്യങ്ങളെ മുൻനിർത്തി കേന്ദ്രസർക്കാർ 2008ൽ പുതുതായി കൊണ്ടുവന്ന ബിസിനസ് രൂപമാണ് ലിമിറ്റഡ് ലാബിലിറ്റി പാർട്ണർഷിപ്പ്. കേന്ദ്ര കമ്പനിക്കാര്യമന്ത്രാലയത്തിൽ ഓൺലൈനായി എളുപ്പം രജിസ്റ്റർ ചെയ്യാനാവും എന്നത് എൽ എൽ പി എന്ന മാതൃകയെ ജനകീയമാക്കിയിരിക്കുന്നു. വെറും രണ്ടു പേർ ചേർന്ന് എളുപ്പം രൂപീകരിക്കാൻ പറ്റുന്ന രജിസ്റ്റേഡ് സ്വഭാവമുള്ള എൽ എൽ പി കൾ ഇന്ന് ബിസിനസ് മേഖലയിൽ സജീവമായിക്കഴിഞ്ഞു. ഒരേപോലെ ചെറുകിട ബിസിനസുകാർക്കും ഇടത്തരം വൻകിട ബിസിനസുകാർക്കും എത്ര അംഗങ്ങളെ വേണമെങ്കിലും ചേർത്ത് ആരംഭിക്കാമെന്നതും പിന്നീട് ഭേദഗതികൾ എളുപ്പം വരുത്താമെന്നതും ഒരു എൽഎൽപിയുടെ പ്രധാന സവിശേഷതകളിൽ പെടുന്നു. കേന്ദ്ര കമ്പനി നിയമത്തിന്റെ ചട്ടങ്ങൾ ഒന്നും തന്നെ എൽഎൽപികൾക്ക് ബാധകമല്ല എന്നത് ചെറുകിട ഇടത്തരം ബിസിനസുകാർക്ക് സർക്കാർ ഇടപെടലുകൾ കുറച്ചുകൊണ്ട് ബിസിനസ് നടത്തിക്കൊണ്ടു പോകാൻ സഹായകരമാക്കുന്ന ഒന്നാണ്.
ക്യാപ്പിറ്റൽ
എൽഎൽപികൾക്ക് കുറഞ്ഞതോ കൂടിയതോ ആയ മൂലധന പരിധി നിശ്ചയിച്ചിട്ടില്ല. അതിനാൽ എത്ര ചെറിയ സംഖ്യയും മൂലധനം ആയി സ്വീകരിക്കാവുന്നതാണ്. പരമാവധി അംഗങ്ങളുടെ പരിധിയും നിശ്ചയിച്ചിട്ടില്ലാത്തതിനാൽ ഒരുപാട് നിക്ഷേപകരിൽ നിന്നും നിക്ഷേപം സ്വീകരിച്ച് ബിസിനസ് നടത്തിക്കൊണ്ടുപോകാൻ പ്രൊമോട്ടർമാരെ എൽ എൽ പി നിയമം സഹായിക്കുന്നു. റജിസ്റ്റേർഡ് എൽഎൽപിയിൽ സുരക്ഷിതമായി നിക്ഷേപിക്കാം എന്നുള്ളത് നിക്ഷേപകരും ഇഷ്ടപ്പെടുന്നു. തങ്ങളുടെ ഇൻവെസ്റ്റ്മെന്റിന് തക്കതായ രേഖകളും മറ്റും ലഭിക്കും എന്നതിനാൽ നിക്ഷേപകർക്ക് സുരക്ഷയുടെ കാര്യത്തിലും ആശങ്കപ്പെടേണ്ടതില്ല.
ബൈലോ
തങ്ങളുടെ ബിസിനസിന് യോജിക്കുന്ന തരത്തിൽ സ്വന്തമായി ബിസിനസ് ബൈലോക്ക് എൽ എൽ പി യിൽ രൂപം കൊടുക്കാവുന്നതാണ്. ഇവയെ എൽ എൽ പി എഗ്രിമെന്റുകൾ എന്ന് വിളിക്കപ്പെടുന്നു. പാർട്ണർമാർ തമ്മിലുള്ള ഏതുതരം നിബന്ധനകളും വ്യവസ്ഥകളും എൽ എൽ പി എഗ്രിമെന്റുകളിൽ ഉൾപ്പെടുത്താം എന്നത് കൊണ്ട് പാർട്ണർഷിപ്പ് ബിസിനസ്സിൽ സുരക്ഷാ വർദ്ധിപ്പിക്കും എന്നുള്ള കാര്യത്തിൽ സംശയമില്ലല്ലോ.
മാസ്സ് ഫണ്ടിംഗ്
നിശ്ചിത തുക ഒരുപാട് പേരിൽ നിന്നും സ്വീകരിച്ച് വലിയ മുതൽമുടക്ക് നടത്താൻ ഇടത്തരം, വൻകിട ബിസിനസുകാർ എൽ എൽ പി സംവിധാനത്തെ ഉപയോഗിച്ച് വരുന്നുണ്ട്. ഇതിനോടകം തന്നെ ജ്വല്ലറികൾ, ഹൈപ്പർ മാർക്കറ്റുകൾ, വസ്ത്ര വ്യാപാരശാലകൾ തുടങ്ങി ഭാരിച്ച മുതൽമുടക്ക് ആവശ്യമുള്ള മേഖലകളിലെല്ലാം എൽഎൽപികൾ രൂപീകരിച്ച് ചെറിയ ഡിവിസിബിൾ ക്യാപ്പിറ്റൽ ആയി യൂണിറ്റ് തുക നിശ്ചയിച്ച് പ്രൈവറ്റ് പ്ലേസ്മെന്റ് മുഖേന ഒരുപാട് പേരിൽ നിന്നും ഷെയർ കൈപ്പറ്റി നിരവധി ബിസിനസുകൾ കേരളത്തിൽ ആരംഭിച്ചു കഴിഞ്ഞു.
സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ (SPV)
ഒരു പ്രത്യേക കാര്യത്തിനായി മാത്രം രൂപീകരിക്കപ്പെട്ട കോർപ്പറേറ്റ് മാതൃകകളെയാണ് സ്പെഷ്യൽ പർപ്പസ് വെഹിക്കിളുകൾ എന്ന് പറയാറുള്ളത്. പ്രത്യേക വ്യവസ്ഥകൾ കൊണ്ടുവരാൻ കഴിയുന്ന എഗ്രിമെന്റ് രീതിയും ഭരണ നടപടികളെ പ്രത്യേകം നിശ്ചയിക്കാനുള്ള കഴിവും എൽഎൽപികളെ സ്പെഷ്യൽ പർപ്പസ് വെഹിക്കിളുകൾ ആക്കാൻ പ്രാപ്തമാക്കുന്നു. രണ്ട് പ്രത്യേക ബിസിനസ് ഗ്രൂപ്പുകൾ തമ്മിലുള്ള ജോയിന്റ് വെഞ്ചർ ഉടമ്പടികളെയും എൽ എൽ പി യുടെ രൂപത്തിൽ അവതരിപ്പിക്കാവുന്നതാണ്.
ഡെസിഗ്നേറ്റഡ് പാർട്ണർ
എൽ എൽ പി യിൽ ഔദ്യോഗികമായി സ്ഥാനം വഹിക്കുന്ന പാർട്ണർമാരെ ഡെസിഗ്നേറ്റഡ് പാർട്ണർമാർ എന്ന് വിളിക്കപ്പെടുന്നു. നിയമപ്രകാരം എൽ എൽ പി കളുടെ പ്രാഥമിക ഉത്തരവാദിത്വം ഇത്തരം ഡെസിഗ്നേറ്റഡ് പാർട്ണർമാർക്ക് സർക്കാർ നിയോഗിച്ചു നൽകുന്നു. ഒരു എൽഎൽപിക്ക് ഒരു ഡെസിഗ്നേറ്റഡ് പാർട്ണർ എങ്കിലും ഇന്ത്യയിൽ സ്ഥിരതാമസക്കാരൻ ആയി ഉണ്ടാവേണ്ടതാണ്. എന്നാൽ എൻആർഐ ഗണത്തിൽ പെട്ടവർക്കും പുറം രാജ്യക്കാർക്കും ഡെസിഗ്നേറ്റഡ് പാർട്ണർമാർ ആവുന്നതിൽ വിലക്കില്ല.
രേഖകൾ ലളിതം
എല്ലാ പാർട്ണർമാരുടെയും പാൻ, ആധാർ, താമസ രേഖ, എൽ എൽ പി യുടെ ഓഫീസ് എഗ്രിമെന്റ് എന്നിവയിൽ ഒതുങ്ങുന്നു ആവശ്യമുള്ള രേഖകളുടെ പട്ടിക. പാൻ ഇല്ലാത്തവർക്ക് പാസ്പോർട്ട് നമ്പർ മുഖേനയും എൽഎൽപികളിൽ ചേരാവുന്നതാണ്.
–
സി എസ്. അബ്ദുറഹിമാൻ ഇർഷാദ് പിലാത്തോട്ടത്തിൽ (M. Com, ACS)
Mob: 9847465181
( പ്രാക്ടീസിങ് കമ്പനി സെക്രട്ടറിയും കോഴിക്കോട് ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ മാനേജിംഗ് കമ്മിറ്റി അംഗവുമാണ് ലേഖകൻ)