രാവിലെ ഉണരുമ്പോഴേ ഇന്ന് ചെയ്തു തീർക്കേണ്ട കാര്യങ്ങൾ മനസ്സിൻ്റെ സിനിമശാലയിൽ തെളിഞ്ഞു വരും. വീട്ടമ്മയാണെങ്കിൽ അടുക്കളയും പാത്രങ്ങളും അടുപ്പും ഭക്ഷണങ്ങളും മുറികളും മുറ്റവും പരിസരങ്ങളും ചേർന്ന് ഒരു സിനിമ തീർക്കും. ഉദ്യോഗസ്ഥനാണെങ്കിൽ ഓഫീസും ഫയലുകളും അവിടെ വരുന്നവരും എല്ലാം ചേർന്ന് ഇന്നത്തെ കാര്യപരിപാടികളുടെ ഒരു കുത്തൊഴുക്ക് മനസ്സിൽ തീർക്കും. ഇഷ്ടത്തോടെ ചെയ്യുമ്പോൾ ഏത് പ്രവൃത്തിയും സ്വസ്ഥമായും സുഗമമായും ചെയ്തു തീർക്കാനാകും.
പുതിയ ഭാഷയിൽ പറയുകയാണെങ്കിൽ എന്തും പാഷനോടെ ചെയ്യുക. ഉത്കണ്ഠയും ഭയവും ഒഴിവാക്കുക. ചെയ്യുന്നത് ശരിയാകില്ലെന്ന തോന്നലും അസ്വസ്ഥതകൾ കൂട്ടും. ഇഴുകി ചേരൽ വലിയൊരു തന്ത്രമാണ്. ജോലിയുടെ അസ്വസ്ഥതകൾ കുറയ്ക്കാനും സുഖം കൂടുതലാക്കാനും അതുപകരിക്കും. പാചകം ചെയ്യാൻ പുറപ്പെടുന്ന ഒരാൾക്ക് തൻ്റെ അടുക്കളയിലെ ദേശീയതയെക്കുറിച്ച് ആലോചിച്ചാൽ രസകരമാണ്. ഏത് പ്രവൃത്തിയിലും അത്തരം ചിന്തകൾ കൂടെ ചേർക്കുന്നതും കൗതുകരമാണ്. ചുറ്റുമുള്ള വസ്തുക്കൾ എവിടെ നിന്ന് വന്നതാണെന്ന് ഓർക്കുന്നതാണ് തന്ത്രം. അടുക്കളയിലെ സ്റ്റൗ, പാത്രങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പലവ്യഞ്ജനങ്ങൾ, ജലം, വൈദ്യുതി അതെല്ലാം എവിടെ നിന്നെല്ലാം വന്നു ചേർന്നതാണെന്ന കാര്യങ്ങൾ ഓർത്താൽ തീന്മേശ ഒരു രാജ്യമാകുന്നു എന്നതു പോലെ ഒരു വരി കവിത എഴുതാനാകും. കശ്മീരിൽ നിന്നും വന്ന ആപ്പിൾ, ആന്ധ്രയിൽ നിന്നും വന്ന വറ്റൽ മുളക്, തമിഴ് നാട്ടിൽ നിന്നും വന്ന പച്ചക്കറികൾ, എന്തിനു സൗദ്യയിൽ നിന്നുമെത്തിയ ഈന്തപ്പഴം വരെ. മാറ്റത്തിൻ്റെ ഭംഗി ആസ്വദിക്കുക എന്നതാണ് ശ്രദ്ധയും സ്വസ്ഥതയും നിലനിർത്താൻ വേറൊരു മാർഗ്ഗം. വെള്ളവും തേയിലയും പാലും ചേർന്ന് ചായയായി മാറുന്നതിൽ ഒരു കലാപരതയുണ്ട്. ഉപ്പ് മാവ് ഒരു കലാസൃഷ്ടിയാണെന്ന് ആസ്വദിക്കാനാകണം. പല പാത്രങ്ങളിൽ പല രൂപങ്ങളിൽ റവയായും വെള്ളമായും കടുകായും വേപ്പിലയായും ഉള്ളിയായും കിടന്നിരുന്നവ ചേർന്ന് ചെറിയ മഞ്ഞു മല പോലെ ഉപ്പുമാവായി മാറിയിരിക്കുകയാണ്. കാരറ്റിൻ്റെ കഷ്ണം ഓറഞ്ച് നിറമുള്ള ഒരു കുഞ്ഞു വീടാണ്. കറുത്ത ചെറിയ ഒരു വണ്ടി പോലെ കടുക്. ഒരു മരക്കൊമ്പ് തന്നെയാണ് പച്ച നിറത്തിലുള്ള വേപ്പില കഷ്ണം. വല്ലാതെ ഭാവന കയറി ഭ്രാന്തായി പോകരുതെന്നു മാത്രം . എന്തും ആസ്വദിച്ചു ചെയ്യാനുള്ള ടിപ്സാണ് പറയുന്നത്. ഉദ്യോഗസ്ഥരൊക്കെ ഈ തന്ത്രം അനുശീലിക്കാവുന്നതാണ്. ഓഫീസിലെ അപേക്ഷ ഫോറവും സാക്ഷ്യപത്രങ്ങളുടെ പകർപ്പുകളും ചെറിയ ചെറിയ കുറിപ്പുകളും ചേർന്ന് പിന്നെയത് ഒരു ഉത്തരവമായി രൂപ പരിണാമം നേടുന്നത് കാണാൻ എന്തൊരു ഭംഗിയാണ്. കെട്ടിടം നിർമിക്കാൻ അനുമതി നൽകുന്ന ഉത്തരവിൻ്റെ കടലാസിൽ പണി തീർന്ന് നിവർന്ന് നിൽക്കുന്ന സുന്ദരമായ ഒരു വീടിനെ കാണാനാകണം. മാറ്റമാണ് എല്ലായിടത്തും ആസ്വദിക്കേണ്ടത്. നിശ്ചലമായി നിൽക്കുന്ന മരത്തിലും ഈ നിമിഷത്തിൽ പുതിയൊരു തളിരില മിഴി തുറക്കുന്നുണ്ട്. വേലക്കാരിക്കും ഒരു അദ്ഭുത കാഴ്ച പറയാനുണ്ട്, എച്ചിൽ പാത്രങ്ങൾ കഴുകി വൃത്തിയാക്കി വയ്ക്കുമ്പോൾ കാണുന്ന വെള്ളി തിളക്കങ്ങൾ.
ക്ലാസ് കഴിഞ്ഞിറങ്ങുന്ന വിദ്യാർത്ഥികളുടെ മുഖങ്ങളിലും അധ്യാപികയും അത് ആസ്വദിക്കുന്നുണ്ട്, പുതിയ അറിവുകൾ നേടിയതിൻ്റെ നിർമ്മിച്ചതിൻ്റെ പ്രകാശങ്ങൾ. ദേവാലയങ്ങളിൽ നിന്നും പുറത്തിറങ്ങുന്നവരുടെയും മുഖങ്ങൾ അത് പറയും. സിനിമാ ശാലകളിൽ നിന്നും ഷോപ്പിങ് മാളുകളിൽ നിന്നും ഇറങ്ങുന്നവരുടെയും മുഖങ്ങളിൽ ഈ മാറ്റം കാണാം. വെറും വെള്ള നിറമായിരുന്ന കടലാസിൽ മഷി പുരണ്ട് എഴുതി തീരുമ്പോൾ നീലത്തിരമാലകൾ തീർത്ത് അവിടെ ഇത്തിരി സ്ഥലത്ത് ഒരു കടലാകുന്നുണ്ട്. ബെഡ്കോഫി കുടിക്കുന്നതോടെ ഉള്ളിലൊരു പ്രഭാത സൂര്യൻ വിരിയുന്നുണ്ട് .നിസ്സാരമെന്നു കരുതുന്ന ഏതൊരു വസ്തുവിനെയും കൂടുതൽ സാന്ദ്രമായി ശ്രദ്ധിച്ചാൽ അതിനു മികവേറുന്നുണ്ട്. ക്ലോസപ്പായി ഒരു ഫോട്ടോയെടുക്കുന്നതിലെ ഭംഗി അതാണ്. നന്നായി സൂക്ഷ്മമായി ചിന്തിക്കുമ്പോൾ മണ്ണിലിഴയുന്ന പഴുതാര ഒരു ഗുഡ്സ് ട്രെയിൻ പോലെയാകുന്നുണ്ട്. രണ്ട് കാര്യങ്ങളാണ്; എന്തും അറിഞ്ഞ് ചെയ്യുക, എന്തും ആസ്വദിച്ചു ചെയ്യുക. ഭ്രാന്തമായി ചിന്തിക്കാനല്ല പറയുന്നത്, മാറ്റങ്ങളെ ആസ്വദിച്ച് ഓരോ പ്രവൃത്തിയും ആസ്വദിക്കാൻ ആവശ്യപ്പെടുകയാണ്. എന്തിലും എപ്പോഴും മാറ്റം സംഭവിക്കുന്നുണ്ട്. മാറ്റമാണ് ജീവിതമെന്നു സമ്മതിക്കുകയും വേണം. നമ്മളിലും മറ്റുള്ളവരിലും മാറ്റങ്ങളെ ആസ്വദിക്കണം, അനുവദിച്ചു കൊടുക്കണം. മാറ്റങ്ങളാണ് ജീവിതത്തിൻ്റെ യാഥാർഥ്യവും ഭംഗിയും. അത് മനസ്സിലാക്കിയാൽ എല്ലാം സന്തോഷത്തോടെ ചെയ്യാനാകും.